ന്യൂയോർക്ക്: ചരിത്രത്തിൽ ഇതാദ്യമായി ക്ഷീരപഥത്തിനു പുറത്തുള്ള ഒരു ഗ്രഹത്തെ കണ്ടെത്തിയിരിക്കുകയാണ് ജ്യോതിശാസ്ത്രജ്ഞർ. വേൾപൂൾ നക്ഷത്ര സമൂഹം എന്നുകൂടി അറിയപ്പെടുന്ന, മെസിയർ 51 നക്ഷത്ര സമൂഹത്തിലെ ഒരു ഗ്രഹത്തെയാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നു എന്ന് അവകാശപ്പെടുന്നത്. നാസയുടെ ചന്ദ്ര എക്സ് -റേ ഒബ്സർവേറ്ററിയും യൂറോപ്യൻ സ്പേസ് ഏജൻസിയുടെ എക്സ് എം എം -ന്യുട്ടൺ ടെലസ്‌കോപ്പുമാണ് ഇത് കണ്ടെത്തി എന്ന് അവകാശപ്പെടുന്നത്.

ഇതുവരെ ഏകദേശം 4,000 ത്തോളം അന്യനക്ഷത്ര ഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ടെങ്കിലും അവയെല്ലാം തന്നെ സൂര്യനെ ഉൾക്കൊള്ളുന്ന ക്ഷീരപഥം അഥവാ മിൽക്കി വേ എന്ന നക്ഷത്ര സമൂഹത്തിൽ ഉൾപ്പെടുന്നവയാണ്. മാത്രമല്ല, അവയെല്ലാം തന്നെ ഭൂമിയിൽ നിന്നും പരമാവധി 3000 പ്രകാശവർഷങ്ങൾ അകലെയുള്ളവ മാത്രമാണ്. ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന ഗ്രഹത്തെ കുറിച്ചുള്ള വിവരങ്ങൾ സ്ഥിരീകരിക്കുകയാണെങ്കിൽ, ക്ഷീരപഥത്തിലുള്ള ഗ്രഹങ്ങളേക്കാളൊക്കെ ആയിരം ഇരട്ടി ദൂരത്തിലുള്ള ഒരു ഗ്രഹമാണിത്.

എക്സ്-റേ തരംഗദൈർഘ്യ സാങ്കേതിക വിദ്യ ഉപയോഗിച്ച് അന്യ നക്ഷത്ര സമൂഹങ്ങളിലെ ഗ്രഹങ്ങളേയും കണ്ടെത്താനാകും എന്നാണ് ഈ ഗവേഷണത്തിന് നേതൃത്വം നൽകിയ റൊസേൻ ഡി സ്റ്റെഫാനോ പറയുന്നത്. പ്രപഞ്ചത്തിലെ മറ്റു ലോകങ്ങളിലേക്കുള്ള വാതിലുകൾ കൂടി തുറന്നിടാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് ഹാർവാർഡ് യൂണിവേഴ്സിറ്റി സെന്റർ ഫോർ അസ്ട്രോഫിസിക്സിലെ ശാസ്ത്രജ്ഞനായ അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു നക്ഷത്രത്തിനു മുൻപിലൂടെ ഒരു ഗ്രഹം കടന്നുപോകുമ്പോൾ, നക്ഷത്രത്തിൽ നിന്നുള്ള പ്രകാശത്തിന്റെ ഒഴുക്ക് തടസ്സപ്പെടുന്നു. ഇത് ഒരു നിശ്ചിത വസ്തുവിന്റെ സാന്നിദ്ധ്യം സ്ഥിരീകരിക്കുന്നു. ട്രാൻസിറ്റ് എന്ന ഈ സങ്കേതം അടിസ്ഥാനമാക്കിയാണ് ഇപ്പോൾ ഈ ഗ്രഹത്തെ കണ്ടെത്തിയിരിക്കുന്നത്. ഈ രീതി അനുസരിച്ച്, നക്ഷത്രത്തിൽ നിന്നുള്ള പ്രകാശത്തിന്റെ തടസ്സമല്ല, മറിച്ച് എക്സ്-റേയിൽ ഉണ്ടാകുന്ന തടസ്സ അടിസ്ഥാനമാക്കിയാണ് ഇത് കണ്ടെത്തുന്നത്.

എക്സ്-റേ ബൈനറികളിൽ നിന്നാണ് എക്സ്-റേ വരുന്നത്. ഇവയ്ക്ക് സാധാരണയായി ഒരു ന്യുട്രൊൺ നക്ഷത്രമോ അല്ലെങ്കിൽ ഒരു തമോഗർത്തമോ ഉണ്ടായിരിക്കും. ന്യുട്രോൺ നക്ഷത്രത്തിനോ തമോഗർത്തത്തിനോ അടുത്തുള്ള ഏതൊരു പദാർത്ഥവും അതിയായി ചൂടാവുകയും എക്സ് കിരണങ്ങൾ വികിരണം ചെയ്യപ്പെടുകയും ചെയ്യും. ഇത്തരത്തിലുള്ള എക്സ്റേ ബൈനറികളായിരിക്കും ഗ്രഹങ്ങളെ അന്വേഷിച്ചു കണ്ടെത്താൻ ഏറ്റവും അനുയോജ്യമായ സ്ഥലങ്ങൾ എന്നും ശാസ്ത്രജ്ഞർ പറയുന്നു.

ഈ ഗ്രഹം എം 51- യു എൽ എസ്-1 എന്ന നക്ഷത്ര സിസ്റ്റത്തിന്റെ ഭാഗമായിരിക്കാം എന്നാണ് കരുതുന്നത്. ഈ നക്ഷത്ര സിസ്റ്റത്തിന് ഒരു തമോഗർത്തമോ അല്ലെങ്കിൽ ഒരു ന്യുട്രോൺ നക്ഷത്രമോ ഉണ്ട്. അതോടൊപ്പം ഒരു കമ്പാനിയൻ സ്റ്റാറും ഇതിന്റെ പിണ്ഡം സൂര്യന്റേതിനേക്കാൾ ഏകദേശം 20 ഇരട്ടിയോളം വരും എന്നും അവർ പറയുന്നു. നീരീക്ഷണത്തിനിടയിൽ എക്സ്-റേ വികിരണങ്ങൾ പൂജ്യത്തിലേക്ക് എത്തിയതിനാൽ, ഈ ഗ്രഹത്തിന് ഏകദേശം ശനി ഗ്രഹത്തിന്റെവലിപ്പം ഉണ്ടാകാം എന്നാണ് കണക്കാക്കുന്നത്.

ഈ ഗ്രഹത്തിന്റെ സാന്നിദ്ധ്യം അർത്ഥശങ്കയ്ക്കിടയില്ലാത്തവണ്ണം സ്ഥിരീകരിക്കാൻ ഇനിയും ഏറെ വിവരങ്ങൾ ലഭിക്കേണ്ടതുണ്ട്. അവയെല്ലാം ശേഖരിക്കുവാൻ ഒരു പതിറ്റാണ്ടുകളോളം വേണ്ടിവരും. ഇപ്പോൾ ലഭ്യമായ അറിവനുസരിച്ച് ഈ ഗ്രഹം തന്റെ ബൈനറി പാർട്നറെ കടന്നുപോകുന്നത് 70 വർഷത്തിൽ ഒരിക്കലാണ്. അതായത് അടുത്ത ട്രാൻസിറ്റ് കാണുവാൻ അത്രയും കാലം കാത്തിരിക്കേണ്ടതായി വരുമെന്നർത്ഥം.