മലപ്പുറം: പൊന്നാനിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയി കാണാതായ ആറ് മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി. ഉൾക്കടലിൽ വച്ച് ബോട്ട് തകർന്ന് വെള്ളം കയറുകയായിരുന്നു. നാസർ, കുഞ്ഞാൻബവു, മുനവീർ, സുബൈർ, ഷബീർ, എന്നിവരും ഒരു ഇതര സംസ്ഥാന തൊഴിലാളിയുമായിരുന്നു ബോട്ടിലുണ്ടായിരുന്നത്. മൽസ്യത്തൊഴിലാളികൾ നടത്തിയ തിരച്ചിലാണ് ഇവരെ കണ്ടെത്തിയത്.

ബോട്ട് തകർന്ന് മുങ്ങിയതോടെ നീന്തി രക്ഷപെടാനുള്ള ശ്രമത്തിലായിരുന്നു ആറുപേരും. ബോട്ട് കടലിൽ തകർന്നവിവരം തൊഴിലാളികൾ തന്നെയാണ് പുറംലോകത്തെ അറിയിച്ചത്. ഇവരുടെ ബോട്ട് പൂർണ്ണമായും മുങ്ങിപ്പോയി. പൊന്നാനിയിൽയിൽ നിന്ന് വെള്ളിയാഴ്‌ച്ച മത്സ്യ ബന്ധനത്തിനു പോയ മഹാലക്ഷ്‍മി എന്ന ബോട്ട് ആണ് ഇന്നലെ രാത്രി പത്ത് മണിയോടെ അപകടത്തിൽപെട്ടത്. ബോട്ടിൽ വെള്ളം നിറഞ്ഞ് മുങ്ങുകയാണെന്ന് ഇവർ ബന്ധുക്കളെ പുലർച്ചെ ഫോണിൽ വിളിച്ചറിയിച്ചിരുന്നു. പിന്നാലെ ഫോൺ ഓഫായി.