തിരുവനന്തപുരം: സംസ്ഥാന സർക്കാറിനെതിരെ തലസ്ഥാനത്ത് കടുത്ത പ്രതിഷേധം ഉയർത്തി ലത്തീൻ സഭയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ. വിഴിഞ്ഞം തുറമുഖ നിർമ്മാണം മൂലമുള്ള തീരശോഷണം പരിഹരിക്കണം, തുറമുഖ പദ്ധതി മൂലം ജോലി നഷ്ടപ്പെട്ടവർക്ക് പുനരിധവാസം ഉറപ്പാക്കുക, മുതലപ്പൊഴിയടക്കമുള്ള സ്ഥലങ്ങളിൽ സ്ഥിരം അപകടമുണ്ടാകുന്ന സ്ഥലങ്ങളിൽ സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.

വിഴിഞ്ഞം തുറമുഖ നിർമ്മാണത്തെത്തുടർന്ന് ജീവനോപാധി നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികളെ സർക്കാർ കൈയൊഴിയുന്നുവെന്ന് ആരോപിച്ചാണ് മത്സ്യത്തൊഴിലാളികൾ സർക്കാരിനെതിരേ തലസ്ഥാനത്ത് പ്രതിഷേധിച്ചത്. ബോട്ടും വള്ളവും വലയുമൊക്കെയാണ് മത്സ്യത്തൊഴിലാളികൾ പ്രതിഷേധിച്ചത്.

വള്ളവും വലയും ബോട്ടുമൊക്കെയായി വണ്ടികൾ റോഡിൽ സ്ഥാനമുറപ്പിച്ചതോടെ വാഹന ഗതാഗതം പൂർണമായും സ്തംഭിച്ചു. പൊലീസിന് വാഹനം തിരിച്ചുവിടാൻ പോലും പറ്റിയില്ല. തുറമുഖ വികസനവുമായി ബന്ധപ്പെട്ട് തീരശോഷണമുണ്ടാകുന്നുവെന്ന് പറഞ്ഞ് മത്സ്യത്തൊഴിലാളികൾ ഏറെ നാളായി സമരത്തിലാണ്.

കടലാക്രമണമടക്കം നടന്നിട്ടും സർക്കാർ തിരിഞ്ഞ് നോക്കുന്നില്ലെന്നും പുനരധിവാസം ഉറപ്പാക്കുന്നില്ലെന്നുമാണ് ഇവരുടെ പ്രധാന ആരോപണം. തുറമുഖ നിർമ്മാണത്തിന്റെ തിരിച്ചടിയെന്നോണം പലർക്കും വീടും സ്വത്തും നഷ്ടപ്പെട്ടുവെന്നും മത്സ്യത്തൊഴിലാളികൾ ആരോപിച്ചു.

മണിക്കൂറുകൾ നീണ്ട സമരം നഗരത്തെ അക്ഷാർഥത്തിൽ പൂർണമായും സ്തംഭിപ്പിച്ചു. പ്രതിഷേധക്കാരെ പലയിടത്തും പൊലീസ് തടഞ്ഞത് സംഘർഷത്തിനും വാക്ക്തർക്കത്തിനും ഇടയാക്കിയെങ്കിലും 12 മണിയോടെ സെക്രട്ടേറിയേറ്റിന് മുന്നിൽ തുടങ്ങിയ സമരം അവസാനിച്ചത് മൂന്ന് മണിയോടെയാണ്.

തീരമേഖലകളിലെ പ്രശ്‌നങ്ങൾ പരിഹരിക്കാത്തതിനെതിരെ ബോട്ടുമായി സമരത്തിനെത്തിയ മത്സ്യത്തൊഴിലാളികളെ പൊലീസ് തടഞ്ഞത് സംഘർഷത്തിനിടയാക്കി. പ്രതിഷേധം കനത്തതോടെ സെക്രട്ടറിയേറ്റിന് മുന്നിലേക്ക് ബോട്ടുമായി പോകാൻ സമരക്കാരെ പൊലീസ് അനുവദിച്ചു.

തീരത്തെ വിവിധ സ്ഥലങ്ങളിൽ നിന്നും നഗരത്തിലേക്ക് ബോട്ടുമായി പുറപ്പെട്ട മത്സ്യത്തൊഴിലാളികളെ വിഴിഞ്ഞത്തും പൂന്തുറയിലും പൊലീസ് ആദ്യം തടഞ്ഞു. പൊലീസിനെ അവഗണിച്ച് ലോറികളിൽ ബോട്ടു കയറ്റി വന്നവരെ പിന്നെ ജനറൽ ആശുപത്രി പരിസരത്തും ഈഞ്ചക്കലും വെച്ച് പൊലീസ് തടഞ്ഞതോടെ പ്രതിഷേധം കനത്തു.

സമരത്തിൽ നിന്നും പിന്നോട്ട് പോകില്ലന്ന് മത്സ്യത്തൊഴിലാളികൾ പ്രഖ്യാപിച്ചു. ഇതോടെ പൊലീസും മത്സ്യത്തൊഴിലാളികളും തമ്മിൽ ഉന്തും തള്ളുമായി. ആശുപത്രി പരിസരത്ത് ബോട്ട് തടഞ്ഞതോടെ നഗരത്തിലേക്കുള്ള വഴികളിൽ മുഴുവൻ ഗതാഗതക്കുരുക്കായി. ബോട്ടുമായുള്ള സമരത്തിന് അനുമതിയില്ലെന്നായിരുന്നു പൊലീസ് വിശദീകരണം. ഒടുവിൽ വലിയ സംഘർഷത്തിലേക്ക് വഴിമാറുമെന്ന് കണ്ട് ബോട്ട് കൊണ്ടുപോകാൻ പൊലീസ് അനുമതി നൽകി.

തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടന്ന സമരത്തിന് ആർച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോ, മുൻ ആർച്ച് ബിഷപ്പ് ഡോ.എം.സൂസപാക്യം എന്നിവർ നേതൃത്വം നൽകി. അവശത അനുഭവിക്കുന്ന മത്സ്യത്തൊഴിലാളികളുടെ മുറവിളി സർക്കാർ കേൾക്കുന്നില്ലെന്നും നീതി കിട്ടും വരെ പോരാട്ടം തുടരുമെന്നും സൂസപാക്യം പറഞ്ഞു. കണ്ണിൽപൊടിയിടുന്ന സമീപനമാണ് സർക്കാരിന്. ജീവന്മരണ പോരാട്ടത്തിൽ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വികസനത്തിന് തടസ്സമല്ലെങ്കിലും മത്സ്യത്തൊഴിലാളികളുടെ ജീവനെ സർക്കാർ കണക്കിലെടുക്കുന്നുന്നില്ലെന്ന് ആർച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോ പറഞ്ഞു. സർക്കാർ അറിഞ്ഞിട്ടും അറിയാതിരിക്കുകയാണ്.മത്സ്യത്തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിക്കുന്നത് വരെ സമരം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസങ്ങളിൽ വിഴിഞ്ഞത്തും മുതലപ്പൊഴിയിലും ചാവക്കാടും മത്സ്യബന്ധനത്തിനുപോയ അഞ്ചു മത്സ്യത്തൊഴിലാളികൾ മരിച്ചു. വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണം കാരണം പനത്തുറ മുതൽ വേളിവരെ കടൽത്തീരം നഷ്ടപ്പെട്ട് അഞ്ഞൂറിലേറെ വീടുകൾ നഷ്ടമായതായി ജനറൽ കൺവീനർ മോൺ യൂജിൻ എച്ച്.പെരേര പറഞ്ഞു.

2018 മുതൽ മൂന്നൂറോളം കുടുംബങ്ങൾ ഫുഡ് കോർപറേഷന്റെ ക്യാംപിലും സ്‌കൂൾ വരാന്തയിലുമാണ്. ഭരണസിരാകേന്ദ്രത്തിൽനിന്ന് 6 കിലോമീറ്റർ അകലെയുള്ള ക്യാംപുകൾ സന്ദർശിക്കാൻ അധികൃതർ തയാറാകുന്നില്ലെന്നും ലത്തീൻ അതിരൂപത പ്രതിനിധികൾ പറഞ്ഞു.