തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ കെഎസ്ഐഎൻസിയുടെ എംഡി പ്രശാന്തിനെ ബലിയാടാക്കാൻ സിപിഎം തീരുമാനം. വിവാദ കമ്പനിയുടെ കത്തിൽ അമേരിക്കയിൽ ഫിഷറീസ് മന്ത്രി മേഴ്‌സികുട്ടിയമ്മയുമായി നടത്തിയ ചർച്ചയെ കുറിച്ച് വ്യക്തമായി തന്നെ വ്യവസായ മന്ത്രി ഇപി ജയരാജനെ അറിയിച്ചിട്ടുണ്ട്. എന്നാൽ ഇത് അടിസ്ഥാന രഹിതമെന്ന് വരുത്തി എല്ലാം പ്രശാന്തിന്റെ തലയിൽ വച്ചെ കെട്ടാനാണ് നീക്കം. എന്നാൽ വ്യവസായ മന്ത്രിക്ക് കമ്പനി നൽകിയ കത്ത് മതി ഇതിലെ മന്ത്രിതല ഗൂഢാലോചന ചർച്ചയാക്കാൻ.

അതിനിടെ ആരോപണത്തിൽ മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയ്ക്ക് കടുത്ത അതൃപ്തിയുണ്ടെന്നും സൂചനയുണ്ട് മുഖ്യമന്ത്രി പിണറായി വിജയനെ അതൃപ്തി നേരിട്ടറിയിച്ചു. കരാർ ഒപ്പിട്ടത് മുഖ്യമന്ത്രിയുടെ കീഴിലുള്ള കെഎസ്‌ഐഎൻസിയാണ്. നാലേക്കർ ഭൂമി നൽകിയത് വ്യവസായ വകുപ്പാണ്. ഫിഷറീസ് വകുപ്പിന് നേരിട്ട് ബന്ധമില്ലാത്ത കാര്യത്തിൽ ആരോപണം കേൾക്കേണ്ടി വന്നുവെന്നാണ് മേഴ്‌സിക്കുട്ടിയമ്മയുടെ നിലപാട്. അതായത് ഭൂമി പോലും സർക്കാർ കൈമാറിയിരിക്കുന്നു. ഇത്തരമൊരു പദ്ധതിയിലാണ് പ്രശാന്ത് എന്ന ഐഎഎസുകാരനെ ബലിയാടാക്കാനുള്ള തീരുമാനം. നഷ്ടത്തിൽ ഓടിയ സ്ഥാപനത്തെ ലാഭത്തിലേക്ക് എത്തിച്ചത് പ്രശാന്തായിരുന്നു.

കളക്ടർ ബ്രോ എന്ന് അറിയപ്പെടുന്ന ഐഎഎസുകാരനാണ് പ്രശാന്ത്. കോഴിക്കോട് കളക്ടർ എന്ന രീതിയിൽ മികച്ച ഇടപെടൽ നടത്തിയ ഉദ്യോഗസ്ഥൻ. രമേശ് ചെന്നിത്തലയുടെ മുൻ പ്രൈവറ്റ് സെക്രട്ടറിയായും പ്രവർത്തിച്ചിണ്ടെന്നതാണ് വസ്തുത. ഈ ആഭ്യന്ത്ര വകുപ്പ് മന്ത്രിയുടെ സെക്രട്ടറിയായിരിക്കെയാണ് ആ പദവി വിട്ട് ജനസേവനത്തിന് കളക്ടറായി എത്തിയത്. അന്ന് യുഡിഎഫ് നേതാക്കളെ പോലും മുഖവിലയ്‌ക്കെടുക്കാതെ ജനപക്ഷത്ത് നിന്ന് പ്രവർത്തിച്ച കളക്ടറെ പിന്തുണച്ചിരുന്നത് പ്രതിപക്ഷത്ത് അന്നുണ്ടായിരുന്ന സിപിഎമ്മാണ്. കോഴിക്കോട്ടെ രാഷ്ട്രീയ ഭരണ നേതൃത്വവുമായി പടപൊരുതി മുമ്പോട്ട് പോയ കളക്ടറായിരുന്നു പ്രശാന്ത്. കേരളം ഒന്നാകെ കളക്ടർ ബ്രോ എന്ന് വിളിച്ച ഈ ഉദ്യോഗസ്ഥന്റെ തലയിൽ എല്ലാം കൊണ്ടു വയ്ക്കാനാണ് സർക്കാർ ശ്രമം. ഈ വിഷയത്തിൽ വകുപ്പ് സെക്രട്ടറിയുടെ ഇടപെടലും ചർച്ചയാണ്.

എന്നാൽ മുതിർന്ന ഐഎഎസുകാരനായ സെക്രട്ടറിയെ കുറ്റപ്പെടുത്താൻ പിണറായി വലിയ തോതിൽ ശ്രമിക്കുന്നുമില്ല. ഇതും ദുരൂഹമാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം അസംബന്ധമാണെന്ന് മന്ത്രി പ്രതികരിച്ചു. ന്യൂയോർക്കിൽവച്ച് കമ്പനിയുമായി ഒരു ചർച്ചയും നടന്നിട്ടില്ല. കമ്പനി പ്രതിനിധികൾ ഓഫിസിൽ വന്ന് സംസാരിച്ചു. ഫിഷറീസ് നിയമമനുസരിച്ചേ തീരുമാനമെടുക്കൂ എന്ന് കമ്പനി പ്രതിനിധികളെ അറിയിച്ചു. മത്സ്യബന്ധനത്തിനും യാനം നിർമ്മാണത്തിനും കൃത്യമായ നയമുണ്ട്. ഫിഷറീസ് നയം തിരുത്തിയെന്ന ചെന്നിത്തലയുടെ വാദം അടിസ്ഥാനരഹിതമാണ്. എവിടെയെങ്കിലും ആരെങ്കിലും ധാരണാപത്രം ഒപ്പിട്ടതുകൊണ്ട് ആഴക്കടലിൽ ട്രോളർ ഇറക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. നേരത്തെ കമ്പനിയെ അറിയുകയേ ഇല്ലെന്നായിരുന്നു മന്ത്രി മേഴ്‌സികുട്ടിയമ്മ പ്രതികരിച്ചിരുന്നത്. ഇതിനിടെയാണ് കേരളത്തിൽ കമ്പനി പ്രതിനിധികളുമായി നടന്ന ചർച്ചയുടെ ഫോട്ടോ പ്രതിപക്ഷ നേതാവ് പുറത്തു വിട്ടത്.

ഇതോടെയാണ് എല്ലാം പ്രശാന്തിന്റെ തലയിലേക്ക് വയ്ക്കാനുള്ള നീക്കം സജീവമായത്. അമേരിക്കയിലെ കൂടിക്കാഴ്ചയുടെ തെളിവുകളും പുറത്തു വിടുമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കിയിട്ടുണ്ട്. ഐശ്വര്യ കേരള യാത്രയുടെ അവസാന ഘട്ടത്തിലാണ് അഴക്കടൽ മത്സ്യബന്ധനം വിദേശ കമ്പനിക്ക് വിട്ടുകൊടുക്കാനുള്ള ഗൂഡനീക്കം ചെന്നിത്തല ചർച്ചയാക്കിയത്. മത്സ്യത്തൊഴിലാളി സമൂഹം എത് ഏറ്റെടുത്തു. ഇതോടെയാണ് സർക്കാർ ഒന്നും അറിയില്ലെന്ന് പറഞ്ഞ് കൈമലർത്തുന്നത്.

കോർപറേഷനുമായി ഏതെങ്കിലും ധാരണാപത്രം ഒപ്പിട്ട കാര്യം കെഎസ്ഐഎൻസിയുടെ എംഡി സർക്കാരിനെ അറിയിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് ഈ സാഹചര്യത്തിലാണ്. കമ്പനി നൽകിയ നിവേദനത്തിലെ വിവരങ്ങളാണ് പ്രതിപക്ഷ നേതാവ് രേഖയായി ഉയർത്തിക്കാട്ടുന്നതെന്നും ഇത് അദ്ദേഹത്തിന് എങ്ങനെ കിട്ടി എന്ന് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതയാത് തനിക്കൊന്നും അറിയില്ലെന്നും തന്റെ കീഴിലെ സ്ഥാപനങ്ങൾ തോന്നും പടി പ്രവർത്തിക്കുമെന്നും കൂടി സമ്മതിക്കുകയാണ് മുഖ്യമന്ത്രി.

കെഎസ്ഐഎൻസി പൊതുമേഖലാ സ്ഥാപനമാണ്. സംസ്ഥാന സർക്കാരോ സർക്കാരിന്റെ ഏതെങ്കിലും വകുപ്പോ ഇതുവരെ ഒരു എംഒയും ഒപ്പിട്ടിട്ടില്ല. സാധാരണയായി കമ്പനിയോ പൊതുമേഖലാ സ്ഥാപനമോ അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ പിന്നീടാണ് അത് സർക്കാരിന്റെ പരിഗണനയിൽ വരിക. സർക്കാർ അതനുസരിച്ച് മാത്രമേ തീരുമാനം എടുക്കൂ. എന്നാൽ സർക്കാരിനെ അറിയിച്ചുകൊണ്ടേ ഒപ്പിടാവൂ എന്നില്ല. ഇത്തരമൊരു ധാരണാപത്രത്തെപ്പറ്റി സർക്കാരിനെയോ മന്ത്രിയെയോ ബന്ധപ്പെട്ട സെക്രട്ടറിയെയോ കോർപറേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനോ അറിയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

2021 ഫെബ്രുവരി 11ന് കമ്പനിയുടെ പ്രതിനിധികൾ വ്യവസായ മന്ത്രിയുടെ ഒഫീസിലെത്തി ഒരു നിവേദനം നൽകിയിരുന്നു. ഫിഷറീസ് റിസർച്ച് ആൻഡ് ഡവലപ്മെന്റിൽ കേരള സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിന് ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ടെന്നും അതിന് മന്ത്രിസഭയുടെ അംഗീകാരം ലഭിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു നിവേദനം. നിവേദനം മന്ത്രി പ്രിൻസിപ്പൽ സെക്രട്ടറിക്ക് കൈമാറുകയും ചെയ്തിരുന്നു.

ഈ നിവേദനത്തിലെ ഉള്ളടക്കമാണ് കരാർ എന്ന രീതിയിൽ പ്രതിപക്ഷ നേതാവ് പ്രചരിപ്പിക്കുന്നത്. അത് എങ്ങനെ പ്രതിപക്ഷ നേതാവിന്റെ കൈയിൽ എത്തി എന്ന് അദ്ദേഹം വ്യക്തമാക്കണം. എംഡി ആയ ഉദ്യോഗസ്ഥൻ നേരത്തെ ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നെന്നും പിണറായി പറഞ്ഞു.