കോട്ടയം: കനത്ത മഴയിൽ ജനപക്ഷം സെക്കുലർ നേതാവും മുൻ എംഎൽഎയുമായ പി.സി.ജോർജിന്റെ വീട് വെള്ളത്തിൽ മുങ്ങി. അരയ്ക്കൊപ്പം വെള്ളത്തിൽ നിന്ന് വീട് മുങ്ങിയ വിവരം പങ്കുവെച്ച് ഷോൺ ജോർജ് രംഗത്തെത്തി. സംഭവത്തിന്റെ ചിത്രങ്ങൾ ഇതിനോടകം സൈബറിടത്ത് നിറഞ്ഞു കഴിഞ്ഞു.

അതേസമയം, തന്റെ ജീവിതത്തിൽ ഇങ്ങനെയൊന്ന് കണ്ടിട്ടില്ലെന്ന് പി.സി.ജോർജ് പ്രതികരിച്ചു. വീടിനുള്ളിലും വെള്ളം കയറി. ഈരാറ്റുപേട്ടയിൽ ഇത്തരത്തിലൊരു സംഭവം ആദ്യമാണെന്ന് പി.സി.ജോർജ് പറയുന്നു. ജനങ്ങൾ തന്നെ രക്ഷാപ്രവർത്തനത്തിന് ഇറങ്ങുന്നുണ്ടെന്നും പന്തളം, ചെങ്ങന്നൂർ, റാന്നി, കോന്നി, പാലാ, കോട്ടയം എന്നിവിടങ്ങളിലുള്ളവർ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിൽ പരക്കെ മഴ തുടരുകയാണ്. 2018 ലെ പ്രളയ സമാനമാണ് പലയിടത്തും കണ്ടുവരുന്നത്. മൂന്നിടങ്ങളിൽ ഉരുൾപൊട്ടി. സംസ്ഥാനത്ത് മഴ തീവ്രമാകുമെന്നാണ് നൽകുന്ന മുന്നറിയിപ്പ്.

ഈ സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി. അഞ്ചു ജില്ലകളില് കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പുറപ്പെടുവിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് അതി തീവ്ര മഴ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില് ഓറഞ്ച് അലർട്ടും, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.