ബെർലിൻ: പശ്ചിമ യൂറോപ്പിൽ വെള്ളപ്പൊക്ക കെടുതികൾ രൂക്ഷമാന്നു. നിരവധി നാശനഷ്ടങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ദുരന്തത്തിൽ 183 മരണങ്ങളാണ് ഇതുവരെ പൊലീസ് റിപ്പോർട്ട് ചെയ്തത്. വെള്ളപ്പൊക്കത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായിരിക്കുന്നത് ജർമ്മനിയിലാണ്. ജർമ്മനിയിൽ 156 പേരുടെ മരണമാണ് രേഖപ്പെടുത്തിയത്. ദുരന്തത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം.

ജർമ്മൻ സംസ്ഥാനമായ റൈൻലാൻഡ്- പലാറ്റിനേറ്റിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങളുണ്ടായിരിക്കുന്നത്. 110 മരണങ്ങളാണ് റൈൻലാൻഡിൽ മാത്രം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇവിടെ മാത്രം 670-ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി പേരെ കാണാതിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയർന്നേക്കാം എന്ന് പൊലീസ് പറയുന്നു.

ഓസ്ട്രിയയിലും മഴക്കെടുതി ശക്തമാവുകയാണ്. ശക്തമായ മഴയിലും കാറ്റിലും പെട്ട് ഓസ്ട്രിയയിലെ പല പ്രദേശങ്ങളിലും നാശനഷ്ടങ്ങളുണ്ടായതായി ചാൻസിലർ സെബാസ്റ്റ്യൻ കുർസ് ട്വീറ്റ് ചെയ്തു.

ബെൽജിയത്തിൽ മാത്രം 20 പേർ മരണപ്പെട്ടതായാണ് വിവരം. നെതർലാൻഡ്, ലക്‌സംബർഗ്, സ്വിറ്റ്‌സർലൻഡ് തുടങ്ങിയിടങ്ങളും ദുരന്തമുഖത്താണ്. പ്രദേശങ്ങളിൽ നിന്ന് ആയിരത്തോളം പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. ദുരന്തബാധിത പ്രദേശങ്ങളിൽ സൈന്യം എത്തി രക്ഷാപ്രവർത്തനം തുടരുകയാണ്.

ദുരന്തത്തിന്റെ വ്യാപ്തി എത്രയാണെന്ന് ഇനിയും വ്യക്തമല്ല. വരും ദിവസങ്ങളിൽ മാത്രമേ അതിനെക്കുറിച്ച് പറയാൻ സാധിക്കുകയുള്ളൂ എന്ന് ജർമൻ വൈസ് ചാൻസിലർ ആംഗല മെർക്കൽ പറഞ്ഞു. നിലവിൽ അമേരിക്കൻ പര്യടനത്തിലാണ് ആംഗല മെർക്കൽ. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ഇത്തരം ദുരന്തങ്ങൾ പ്രദേശത്ത് ഇനിയും ഉണ്ടായേക്കാം എന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.