തിരുപ്പതി: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും വലഞ്ഞ് തിരുപ്പതിയിലെത്തിയ തീർത്ഥാടകർ. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തെ തുടർന്നുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും വെങ്കടേശ്വര ഭഗവാന്റെ ആസ്ഥാനമായ തിരുമലയിൽ നൂറ് കണക്കിന് തീർത്ഥാടകരാണ് ഒറ്റപ്പെട്ടത്. ക്ഷേത്രനഗരിയായ തിരുപ്പതിയിലും ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലും നിരവധി ഭക്തർ കുടുങ്ങിയിരിക്കുകയാണ്.നാല് മാട തെരുവുകളും, (തിരുമലയിലെ പ്രധാന ക്ഷേത്രത്തെ ബന്ധിപ്പിക്കുന്നവ)വൈകുണ്ഡം നിലവറകളും വെള്ളത്തിനടിയിലായി.

വെള്ളപ്പൊക്കം മൂലം തീർത്ഥാടകർക്ക് പുറത്തിറങ്ങാൻ സാധിക്കാത്തതിനാൽ ഭഗവാന്റെ ദർശനവും നിർത്തിവച്ചിരിക്കുകയാണ്. തിരുമലയിലെ ജപാലി ആഞ്ജനേയ സ്വാമി ക്ഷേത്രം വെള്ളത്തിനടിയിലാവുകയും പ്രതിഷ്ഠാവിഗ്രഹം മുങ്ങുകയും ചെയ്തു.കുടുങ്ങിപ്പോയ തീർത്ഥാടകർക്ക് തിരുമല തിരുപ്പതി ദേവസ്ഥാനം ഉദ്യോഗസ്ഥർ സൗജന്യ ഭക്ഷണത്തിനും താമസത്തിനുമുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി.

വെള്ളപ്പൊക്കത്തെയും മണ്ണിടിച്ചിലിനെയും തുടർന്ന് തിരുമല മലനിരകളിലേയ്ക്കുള്ള രണ്ട് ചുരങ്ങൾ അടച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. ആലിപ്പിരിയിൽ നിന്നുള്ള കാൽനടപ്പാതയും അടച്ചിരിക്കുകയാണ്.മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡി ചിറ്റൂർ ജില്ലാ കളക്ടർ എം ഹരി നാരായണനുമായി സംസാരിച്ച് സാഹചര്യങ്ങൾ വിലയിരുത്തി.

രക്ഷാപ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും എൻ ഡി ആർ എഫ്, എസ് ഡി ആർ എഫ് സംഘങ്ങളെ വിന്യസിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി. എല്ലാ വകുപ്പുകളും ജാഗ്രത പാലിക്കുകയും സാഹചര്യത്തിനനുസരിച്ച് ആവശ്യമായ നടപടികൾ കൈക്കൊള്ളുകയും വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.