പട്‌ന: ഗംഗാ നദി കരകവിഞ്ഞതോടെ ബിഹാറിലെ ഭാഗൽപുർ പൂർണമായും ഒറ്റപ്പെട്ടു. ഭാഗൽപുർകഹൽഗാവ് ദേശീയപാത നാലടിയോളം വെള്ളത്തിനടിയിലായതോടെ ഗതാഗതം നിലച്ചു. ഭാഗൽപുർ പട്ടണവും ചുറ്റുമുള്ള തൊണ്ണൂറോളം ഗ്രാമങ്ങളും ഫലത്തിൽ ദ്വീപായി മാറി.

എഴുപതിനായിരത്തിലേറെ ജനങ്ങൾ പ്രളയ ദുരിതത്തിലാണ്. ആയിരക്കണക്കിന് ഏക്കറുകളിൽ കൃഷി നശിച്ചു. റോഡ് ഗതാഗതം നിലച്ചതോടെ ജനങ്ങൾ വള്ളങ്ങളെ ആശ്രയിച്ചാണ് യാത്ര ചെയ്യുന്നത്.

ഗംഗയ്ക്കു പുറമെ കോസി, മഹാനന്ദ നദികളും കരകവിഞ്ഞതോടെ കതിഹാർ ജില്ലയിൽ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. റോഡുകൾ തകർന്നു മിക്ക ഗ്രാമങ്ങളും ഒറ്റപ്പെട്ട നിലയിലാണ്.



ഭാഗൽപുരിലെ നൂറിലേറെ സ്‌കൂളുകളിലും എൻജിനീയറിങ് കോളജിലും വെള്ളം കയറി. ഇവിടെ ഗംഗാ ജലനിരപ്പ് അപകട നിലയെക്കാളും 76 സെന്റിമീറ്റർ മുകളിലാണ്. പ്രളയബാധിത മേഖലകളിലെ ജനങ്ങൾക്കായി നാലു ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. ക്യാംപുകളിൽ ആവശ്യത്തിനു ഭക്ഷണവും അവശ്യസാധനങ്ങളും എത്തിക്കാൻ കഴിയുന്നില്ലെന്ന പരാതി ഉയർന്നിട്ടുണ്ട്.

പട്‌നയിൽ ഗംഗ അപകട നിലയ്ക്ക് മുകളിലേക്കാണെങ്കിലും ഗംഗയിലേക്ക് ഒഴുകിയെത്തുന്ന പുൻപുൻ നദിയിലെ ജലനിരപ്പു കുറയാൻ തുടങ്ങി. പക്ഷേ വടക്കൻ ബിഹാറിൽനിന്ന് ഗംഗയിലേക്ക് ഒഴുകിയെത്തുന്ന കോസി, ഗണ്ഡക്, ബാഗ്മതി നദികളിൽ ജലനിരപ്പ് ഉയരുന്നത് ആശങ്കയുണർത്തുന്നു.