ലക്ഷൻ കാലത്ത് മാധ്യമങ്ങൾ അപമാനപരവും അപകീർത്തികരവുമായ രീതിയിലാണ് പെരുമാറിയതെന്ന് കായംകുളത്തെ ഇടതു സ്ഥാനാർത്ഥിയും എംഎൽഎയുമായ യു. പ്രതിഭ. പ്രചാരണത്തിലുടനീളം പക്ഷപാതിത്വം കണ്ടുവെന്ന് ഫോമാ പൊളിറ്റിക്കൽ ഫോറം സംഘടിപ്പിച്ച ഇലക്ഷൻ ഡിബേറ്റിൽ അവർ കുറ്റപ്പെടുത്തി

മാധ്യമങ്ങളാൽ ഏറ്റവുമധികം വേട്ടയാടപ്പെട്ട സ്ഥാനാർത്ഥി താനായിരുന്നു. അതിൽ അഭിമാനമുണ്ട്. മാധ്യമങ്ങൾ താലോലിച്ചിരുന്നെങ്കിൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ എന്ന് സംശയിക്കുമായിരുന്നു. എതിർ സ്ഥാനാർത്ഥിയുടെ വീടിനു ചുറ്റുമായിരുന്നു മാധ്യമങ്ങൾ സദാസമയം. മാധ്യമങ്ങൾക്ക് മറ്റുള്ളവരെ വിമർശിക്കാൻ അവകാശമുള്ളതുപോലെ മാധ്യമങ്ങളെ വിമർശിക്കാൻ മറ്റുള്ളവർക്കും അവകാശമുണ്ട്.

മെയ് രണ്ടിന് ഇലക്ഷൻ റിസൾട്ട് വന്ന ശേഷം ഇത് പോലെ ഒരു ചർച്ച കൂടി വയ്ക്കണം . മാധ്യമങ്ങൾ ചെയ്ത ദ്രോഹങ്ങൾ അപ്പോൾ കൂടുതലായി വെളിപ്പെടുത്താം-അവർ പറഞ്ഞു

കായംകുളത്ത് കോൺഗ്രസിന്റെ പുതുമുഖമായ അരിതാ ബാബുവാണ് പ്രതിഭയുടെ എതിരാളി.

ഈ ഭരണം തുടരുമെന്നും തുടരണമെന്നുമാണ് തന്നെപ്പോലുള്ളവർ ആഗ്രഹിക്കുന്നതെന്നവർ പറഞ്ഞു. ബിജെപി മുന്നണി അവകാശപ്പെടുന്നതുപോലുള്ള നേട്ടം അവർക്ക് ഉണ്ടാവാതിരിക്കട്ടെ. അത് പേടിപ്പെടുത്തുന്നു. എംഎൽഎമാരെ വിലയ്ക്കു വാങ്ങുന്നതും മറ്റുമാണ് മറ്റു സംസ്ഥാനങ്ങളിൽ കാണുന്നത്. അതു വേദനിപ്പിക്കുന്നു. പണത്തിനുവേണ്ടിയല്ല രാഷ്ട്രീയ പ്രവർത്തനം. അങ്ങനെ ആകാനും പാടില്ല.

പിണറായി മന്ത്രിസഭയുടെ നേട്ടങ്ങളും അവർ ചൂണ്ടിക്കാട്ടി. ഇടതു മന്ത്രിസഭ രണ്ടര ലക്ഷം പേർക്ക് വീട് ഉണ്ടാക്കിക്കൊടുത്തു. കൃഷിക്കുള്ള സഹായം നൽകുന്ന ഹരിത പദ്ധതി നടപ്പാക്കുന്നു. നേരത്തെ കൃഷിക്കു സഹായത്തിനു വേണ്ടി താനൊക്കെ സമരം വരെ ചെയ്തതാണ്. ആർക്കും ഒരു സഹായവും മുൻ ഗവൺമെന്റ് ചെയ്തില്ല. ആർദ്രം പദ്ധതി എന്നത് വലിയ സന്ദേശമാണ് നൽകുന്നത്. അതുപോലെ കുത്തഴിഞ്ഞ ആരോഗ്യമേഖലയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കി. വൈകിട്ട് ആറു മണിവരെ ഡോക്ടർമാരുടെ സേവനം ലഭ്യം. പണ്ടത്തെ സ്ഥിതിയൊന്നുമല്ല ആശുപത്രികളിൽ.

സ്‌കൂളുകൾ ഹൈടെക് ആക്കി. അതനുസരിച്ച് വിദ്യാർത്ഥികളേയും ഉയർത്തിക്കൊണ്ടുവരണം. ചെറിയ കുറവുകൾ പർവതീകരിച്ച് കാണിക്കുന്നതു കാണുമ്പോൾ സങ്കടം തോന്നുന്നു.

കേരളത്തിനു പുറത്ത് എവിടെയെങ്കിലും ജനങ്ങൾക്ക് കിറ്റ് കൊടുത്തിട്ടുണ്ടോ? അതു സർക്കാരിന്റെ ഔദാര്യമല്ല. ജനങ്ങളുടെ അവകാശമാണ്.

ഇച്ഛാശക്തിയുള്ള ഗവൺമെന്റാണിത്. ധൈര്യപൂർവ്വം പ്രവർത്തിക്കുന്ന മുഖ്യമന്ത്രിയാണുള്ളത്. കേന്ദ്രവും കേരളവും ഒരു കക്ഷി ഭരിച്ചപ്പോൾ നേട്ടങ്ങൾ എന്താണ് ഉണ്ടാവാതിരുന്നത്? ഇന്ന് ആലപ്പുഴ മുതൽ തിരുവനതപുരം വരെയുള്ള മാറ്റങ്ങൾ കാണേണ്ടതാണ്.

എല്ലാവരോടും തനിക്കു നന്ദിയുണ്ട്. നന്ദി മാത്രമേയുള്ളു. ജനത്തിന്റെ പണം ഉപയോഗിച്ച് ധാരാളിത്തം കാണിക്കാനോ അത് ഉപയോഗിക്കാനോ ഒരിക്കലും മുതിരില്ല. ഇലക്ഷനിൽ ജനം ജയിക്കും. സ്ത്രീകളും കുട്ടികളുമൊക്കെ നൽകുന്ന പിന്തുണ വിവരണാതീതമാണ്- അവർ പറഞ്ഞു.

അരൂരിലെ ഇടതു സ്ഥാനാർത്ഥിയും പിന്നണി ഗായികയുമായ ദലീമ ജോജോ, ദൈവീകമായ പാട്ടുകൾ പാടുന്നതാണ് തന്റെ ഏറ്റവും വലിയ സന്തോഷമെന്നു പറഞ്ഞു. ദൈവമാണ് എന്നെ നയിക്കുന്നത്.

ഏറ്റവും കൂടുതൽ ദുഃഖം അനുഭവിക്കുന്നവർ, നിരാകരിക്കപ്പെട്ടവർ ഒക്കെ തിങ്ങി നിറഞ്ഞതാണ് തന്റെ പാർട്ടി. പാവപ്പെട്ടവരുടെ സമൂഹമാണിത്. അവരെ പാവപ്പെട്ടവരായി മാറ്റി നിർത്താതെ കൈപിടിച്ച് കൊണ്ടുപോകുന്ന പ്രസ്ഥാനമാണിത്. അതിൽ വന്നതാണ് ഏറ്റവും വലിയ ഭാഗ്യം.

കലയേയും കലാകാരന്മാരേയും പ്രോത്സാഹിപ്പിക്കുന്ന പ്രസ്ഥാനമാണിത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്ന നിലയിൽ പല കാര്യങ്ങളും ചെയ്യാനായി.

എല്ലാവർക്കും തുല്യ നീതി ലഭിക്കുന്നു. ജനങ്ങൾ നന്ദിയില്ലാത്തവരല്ല. അവർ കാര്യങ്ങൾ തിരിച്ചറിയുന്നുണ്ട് . തന്റെ മണ്ഡലത്തിൽ 35 കുടുംബങ്ങൾക്ക് വീടിനുള്ള പദ്ധതി ഫോമ തയാറാക്കുന്നതിൽ സന്തോഷമുണ്ട്.

താൻ 25 സിനിമയിലെ പാടിയിട്ടുള്ളൂ. പക്ഷെ ആ രംഗത്തെ മികച്ചവരുമൊത്ത് പ്രവർത്തിക്കാനായി. എന്റെ ദൈവം എന്നെ നല്ലതിലേക്ക് നയിക്കുന്നു എന്ന് ഉറച്ച് വിശ്വസിക്കുന്നു.

'മഞ്ഞുമാസ പക്ഷി...' എന്ന ഗാനത്തിലെ ഏതാനും വരികൾ അവർ പാടുകയും ചെയ്തു.

യു.ഡി.എഫ്. സ്ഥാനാർത്ഥിയും എംഎ‍ൽഎയുമായ സണ്ണി ജോസഫ് , യു.പ്രതിഭ എംഎ‍ൽഎയുടെ അവകാശ വാദങ്ങൾ ഖണ്ഡിച്ചു സംസാരിച്ചു. അഴിമതിയാണ് ഈ സർക്കാരിന്റെ മുഖമുദ്ര. മുഖ്യമന്ത്രിയുടെ ഓഫീസ് കളങ്കിതമാണ്. പ്രിൻസിപ്പൽ സെക്രട്ടറി കള്ളക്കടത്തു, സ്വര്ണക്കടത്ത് എന്നിവയിലൊക്കെ ആരോപണ വിധേയനായി ജയിലിൽ കഴിയുന്നു. ഓഫീസിൽ നടക്കുന്നതൊന്നും മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന് പറഞ്ഞാൽ ഏറ്റവും കഴിവുകെട്ട വ്യക്തിയാണ് മുഖ്യമന്ത്രി എന്നു വരും.

പാർട്ടി സെക്രട്ടറി കോടിയേരിയുടെ മക്കൾ എവിടെ? അവർ ആരോപണങ്ങൾ നേരിടുന്നു. ഏറ്റവും ആദരിക്കപ്പെടേണ്ട സ്പീക്കർ ശ്രീരാമകൃഷ്ണൻ കളങ്കിതനായിരിക്കുന്നു. മൂന്ന് വര്ഷം പഴക്കമുള്ള കേസിൽ കെ.ടി. ജലീലിന് മന്ത്രിസ്ഥാനം രാജി വയ്ക്കേണ്ടി വന്നു. 2018 -ലെ വെള്ളപ്പൊക്കത്തിന് പിരിച്ഛ് 20 കോടി മറ്റു കാര്യങ്ങൾക്ക് ഉപയോഗിച്ചത് മാധ്യമ ഉപദേഷ്ടാവ് ജോണ് ബ്രിട്ടാസ് തന്നെ വെളിപ്പെടുത്തിയതാണ്.

സ്‌കൂൾ, ആശുപത്രി, റോഡ് എന്നിവയിലെ വികാസനം കാലാകാലങ്ങളായി നടക്കുന്നതാണ്. അത് ഈ ഒരു സർക്കാരിന്റെ മാത്രം നേട്ടമെന്ന് അവകാശപ്പെടുന്നത് ശരിയല്ല.

ക്രമസമാധാന തകർച്ചയാണ് ഈ സർക്കാരിന്റെ മറ്റൊരു പിടിപ്പു കേട്. കൊലപാതകവും ബോംബ് സ്‌ഫോടനവുമൊക്കെ നടക്കുന്നു.

അരാഷ്ട്രീയ വാദം അംഗീകരിക്കുന്നില്ലെങ്കിലും ജനപ്രതിനിധികൾക്ക് ഉദ്യോഗസ്ഥരുമായി നോക്കുമ്പോൾ അർഹമായ നിയന്ത്രണാധികാരം ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

എൻ.ഡി.എ യെ പ്രതിനിധീകരിച്ച് സംസാരിച്ച ബി. രാധാകൃഷ്ണ മേനോൻ, ഈ തെരെഞ്ഞെടുപ്പോടെ കേരളത്തിൽ കമ്യുണിസം അപ്രസകതമാകുമെന്ന് പറഞ്ഞു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പുതിയ ഇന്ത്യ കെട്ടിപ്പടുക്കുകയാണ്. ഇന്ന് വിദേശത്തുള്ള ഇന്ത്യാക്കാർ ആത്മാഭിമാനത്തോടെ നിൽക്കാൻ പ്രാപ്തരാക്കിയത് മോദി സർക്കാരിന്റെ ശക്തമായ നയങ്ങളാണെന്നദ്ദേഹം പറഞ്ഞു.

യു.ഡി.എഫിന് വേണ്ടി ഐ.ഓ.സി വൈസ് ചെയർ ജോർജ് എബ്രഹാം, ഇടതു മുന്നണിക്ക് വേണ്ടി ഇ.എം. സ്റ്റീഫൻ, എൻ.ഡി.എ. ക്കു വേണ്ടി സുരേഷ് നായർ എന്നിവർ നിലപാടുകൾ വ്യക്തമാക്കി.ഫോമാ ജനറൽ സെക്രട്ടറി ടി. ഉണികൃഷ്ണൻ, ട്രഷറർ തോമസ് ടി. ഉമ്മൻ എന്നിവരായിരുന്നു മോഡറേറ്റർമാർ.

പൊളിറ്റിക്കൽ ഫോറം ചെയർ സജി കരിമ്പന്നൂർ സ്വാഗതം പറഞ്ഞു. ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്, ഫോമാ ജോ. സെക്രട്ടറി ജോസ് മണക്കാട്ട് എന്നിവർ ആശംസ നേർന്നു.യു. പ്രതിഭ എം.എൽ.യെ ഷിബു പിള്ളയും ദലീമ ജോജോയെ ഫോർമാ ജോ. ട്രഷറർ ബിജു തോണിക്കടവിലും സണ്ണി ജോസഫ് എം.എൽ.ഐ പൊളിറ്റിക്കൽ ഫോറം വൈസ് ചെയർ എ.സി. ജോര്ജും രാധാകൃഷ്ണമേനോനെ ഫോമാ വൈസ് പ്രസിഡന്റ് പ്രദീപ് നായരും പരിചയപ്പെടുത്തി.