കൊളംബോ : രാജ്യത്തെ സ്വകാര്യ ബാങ്കുകളിൽ വിദേശ നാണ്യ കരുതൽ ശേഖരം കുറഞ്ഞതോടെ ഭക്ഷ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ശ്രീലങ്ക. രാജ്യത്ത് അരി, പഞ്ചസാര, തുടങ്ങിയ അവശ്യ വസ്തുക്കൾ പൂഴ്‌ത്തിവയ്ക്കുന്നത് ഒഴിവാക്കാനാണിതെന്ന് പ്രസിഡന്റ് ഗോടബായ രാജപക്‌സ പറഞ്ഞു.

കോവിഡ് മഹാമാരിയെ തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ജനങ്ങൾ കടന്നു പോകുന്നത്. രാജ്യത്ത് ഭക്ഷ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതോടെ വ്യപാരികളിൽനിന്ന് ഭക്ഷ്യ ശേഖരം പിടിച്ചെടുക്കാനും അവശ്യവസ്തുക്കൾ പൂഴ്‌ത്തിവെയ്ക്കുന്നവരെ അറ സ്റ്റ് ചെയ്യാനും പൊലീസിന് അധികാരമുണ്ടാകും. വില നിയന്ത്രണം പൂർണമായി സർക്കാർ ഏറ്റെടുക്കും. ഇതിനായി മുതിർന്ന സൈനിക ഉദ്യോഗസ്ഥനെ അവശ്യ സേവന വിഭാഗം കമീഷണർ ജനറലായി പ്രഖ്യാപിച്ചു.

രാജ്യത്ത് ഭക്ഷ്യവസ്തുക്കളുടെ ലഭ്യത കുറഞ്ഞതോടെ അരി, പഞ്ചസാര, ഉള്ളി തുടങ്ങിയവക്ക് വില കുത്തനെ കൂടിയിരുന്നു.2.1 കോടി ജനസംഖ്യയുള്ള രാജ്യത്ത് ഭക്ഷ്യ വസ്തുക്കൾ പൂഴ്‌ത്തിവയ്ക്കുന്നവർക്കുള്ള ശിക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. കൊവിഡിനെ തുടർന്ന് രാജ്യത്തെ സമ്പദ്വ്യവസ്ഥ താറുമാറായതോടെ വിദേശ വാഹനങ്ങൾ, ഭക്ഷ്യ എണ്ണ, മഞ്ഞൾ തുടങ്ങിയവയുടെ ഇറക്കുമതി കഴിഞ്ഞ മാർച്ചിൽ നിരോധിച്ചിരുന്നു.

2019 നവംബറിൽ വിദേശ നാണയ ശേഖരം 750 കോടി ഡോളറായിരുന്നത് കഴിഞ്ഞ ജൂലായ് അവസാനത്തിൽ 280 കോടി ഡോളറായി കുറഞ്ഞു.