തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ വിതരണത്തിലെ സാങ്കേതിക തകരാർ പരിഹരിച്ചെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ. അനിൽ. ഒരാഴ്ച റേഷൻ വിതരണം മുടങ്ങുമെന്ന് ചിലർ പ്രചരിപ്പിച്ചു. റേഷൻ കടകൾ ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്‌തെന്നും അവരോട് പ്രതികാരബുദ്ധിയില്ലെന്നും മന്ത്രി വ്യക്തമാക്കി.

സർവർ തകരാറിനെ തുടർന്ന് ഇ പോസ് മെഷീൻ പ്രവർത്തന രഹിതമായതോടെയാണ് സംസ്ഥാനത്ത് റേഷൻ വിതരണം നിലച്ചത്. ബുധനാഴ്ച രാവിലെ എട്ടരയോടെ കടകൾ തുറന്നപ്പോൾ ഒരു മണിക്കൂറിലേറെ ഇ പോസ് സംവിധാനം പ്രവർത്തിച്ചെങ്കിലും 9.45ഓടെ വീണ്ടും തകരാറിലായി. തുടർച്ചയായ അഞ്ചാം ദിവസമാണ് വിതരണം മുടങ്ങുന്നത്.

കഴിഞ്ഞ ദിവസം കടകൾ അടച്ചിട്ട് പ്രതിഷേധിച്ച വ്യാപാരികൾ, വർഷങ്ങളായി ഈ സാങ്കേതിക പ്രശ്‌നം ഉണ്ടാകുന്നുണ്ടെന്നും ശാശ്വത പരിഹാരം വേണമെന്നും ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തെ 92 ലക്ഷം കാർഡ് ഉടമകളിൽ 13 ലക്ഷം പേർക്ക് മാത്രമാണ് ഈ മാസം ഇതുവരെ റേഷൻ വിതരണം ചെയ്തത്. ഡേറ്റ സെന്ററിലെ തകരാർ മൂലമാണ് വിതരണം തടസ്സപ്പെട്ടിരിക്കുന്നത്.

ഇതിന് പിന്നാലെ റേഷൻ വിതരണം താളംതെറ്റിയിരിക്കെ ജില്ലാടിസ്ഥാനത്തിൽ വിതരണത്തിന് പുതിയ ക്രമീകരണം ഏർപ്പെടുത്താൻ ഭക്ഷ്യവകുപ്പ് തീരുമാനിച്ചു. മലപ്പുറം, തൃശൂർ, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിൽ രാവിലെ 8.30 മുതൽ 12 മണിവരെയായിരിക്കും വിതരണം.

എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, കാസർകോട്, ഇടുക്കി ജില്ലകളിൽ ഉച്ചക്കുശേഷം 3.30 മുതൽ 6.30 വരെയും വിതരണം ചെയ്യും. വ്യാഴാഴ്ച മുതൽ ജനുവരി 18 വരെയാകും ക്രമീകരണം.