കോഴിക്കോട്: കോഴിക്കോട് രണ്ട് വ്യത്യസ്ത ക്ഷേത്രത്തിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. മണ്ഡല കാല വ്രതാരംഭത്തോനുബന്ധിച്ച് മുക്കം നീലേശ്വരം ശിവക്ഷേത്രം, ചെറുവണ്ണൂർ വിഷ്ണു ക്ഷേത്രം എന്നിവിടങ്ങളിൽ നിന്ന് ഇഡലിയും സാമ്പാറും കഴിച്ച 22 പേർക്കാണ് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടത്. രാവിലെ വിതരണം ചെയ്തതിന് ശേഷം ബാക്കി വന്ന ഭക്ഷണം രാത്രി കഴിച്ചവർക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്.

വയറിളക്കവും ഛർദ്ദിയുമുണ്ടായ ഏഴുപേരെ മുക്കം സിഎച്ച്എസിലും ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഛർദ്ദിയും വയറിളക്കവും കൂടുതലനുഭവപ്പെട്ട നീലേശ്വരം നിധിനെയാണ്(24) കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.നളിനി(42), മകൻ ഹരികൃഷ്ണൻ(16), അൽഷിം(20), ശ്രീദേവി(48), ഷഹ്ന(27), മനുപ്രസാദ്(40), ശ്വേത(14) എന്നിവരെ മുക്കം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏഴു വയസ്സുകാരി ദിയ സുധീഷിനെ ഓമശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാറ്ററിങ് സർവീസുകാർ തയ്യാറാക്കിയ ഭക്ഷണമാണ് ക്ഷേത്രത്തിലെത്തിച്ച് വിതരണം ചെയ്തത്. രാവിലെ ബാക്കിയായ ഭക്ഷണം രാത്രിയിലും നൽകുകയായിരുന്നു.ഏറെക്കാലം ഉപയോഗിക്കാതിരുന്ന പാത്രങ്ങൾ അണുമുക്തമാക്കാതെ ഉപയോഗിച്ചതുമൂലം ഉപയോഗിച്ചതും പഴകിയ ഭക്ഷണം കഴിച്ചതുമാണ് പ്രശ്നത്തിന് കാരണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.

മുക്കം നഗരസഭ ചെയർമാൻ പിടി ബാബു, ആരോഗ്യവകുപ്പ് ജീവനക്കാരായ ശ്രീജിത്ത് റോഷൻ, അജീഷ് എന്നിവർ ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്ത പ്രദേശത്തെ വീടുകളിൽ സന്ദർശനം നടത്തി. കിണറുകൾ ക്ലോറിനേറ്റ് ചെയ്തു.