ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'മേക്ക് ഇൻ ഇന്ത്യ' പദ്ധതി കാർ നിർമ്മാതാക്കളായ ഫോർഡിന് പ്രചോദനമാകുന്നു. ഇന്ത്യയിൽ നിർമ്മിച്ച തങ്ങളുടെ കാർ അമേരിക്കയിലേക്കു കയറ്റി അയക്കാൻ തയ്യാറെടുക്കുകയാണ് ഫോർഡ്.

ഇന്ത്യയിൽ നിർമ്മിച്ച 'എക്കോസ്‌പോർട്ടാ'ണ് യുഎസിലേക്ക് കയറ്റി അയക്കാൻ ഫോർഡ് തയ്യാറെടുക്കുന്നത്. കടമ്പകൾ കടന്നാൽ 2017 ഒക്ടോബറോടെ കോംപാക്ട് എസ്‌യുവിയായ 'എക്കോസ്‌പോർടി'ന്റെ ഇന്ത്യൻ നിർമ്മിത മോഡലുകൾ ഫോഡിന്റെ ജന്മനാടായ യു എസിൽ വിൽപ്പനയ്‌ക്കെത്തും.

തായ്‌ലൻഡിലെ ഫോർഡ് യൂണിറ്റും യുഎസിലേക്കും കാനഡയിലേക്കും കയറ്റുമതി സാധ്യതകൾ തേടി സജീവമായി രംഗത്തുള്ളതിനാൽ ഫോർഡ് ഇന്ത്യക്ക് ഇക്കാര്യത്തിൽ ഏറെ പരിശ്രമിക്കേണ്ടി വരും.

ഫോർഡ് ഇന്ത്യ ഈ ശ്രമത്തിൽ വിജയിച്ചാൽ 90,000 'ഇക്കോസ്‌പോർട്' കയറ്റുമതി ചെയ്യും. ഇന്ത്യയിൽ നിർമ്മിച്ച വാഹനങ്ങൾ ഫോഡ് ഇപ്പോൾ തന്നെ യൂറോപ്യൻ വിപണികളിൽ വിൽക്കുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം ഫോഡ് ഇന്ത്യയുടെ കയറ്റുമതി 78,814 യൂണിറ്റായിരുന്നു; മൊത്തം ഉൽപ്പാദനം 1.53 ലക്ഷം യൂണിറ്റാണ്.

ഇപ്പോൾ തന്നെ ഇരുചക്രവാഹന നിർമ്മാതാക്കളായ റോയൽ എൻഫീൽഡും കെടിഎമ്മും ഇന്ത്യയിൽ നിർമ്മിച്ച മോഡലുകൾ യു എസിൽ വിൽക്കുന്നുണ്ട്. ജാപ്പനീസ് ഇരുചക്രവാഹന നിർമ്മാതാക്കളായ യമഹ ഇന്ത്യയിൽ നിർമ്മിച്ച 150 സി സി സ്പോർട്സ് ബൈക്കായ 'ആർ വൺ ഫൈവ്' ആണു അവിടെ വിൽക്കുന്നത്.

ഇരുപതു കൊല്ലം മുമ്പാണ് ഫോർഡ് ഇന്ത്യയിലെത്തിയത്. ഇതുവരെ 12,800 കോടിയോളം രൂപയുടെ നിക്ഷേപവും അവർ നടത്തി. എന്നാൽ ഇതിനൊത്ത സാമ്പത്തിക നേട്ടം കൊയ്യാൻ കമ്പനിക്കു കഴിഞ്ഞിട്ടില്ല. 'എക്കോസ്‌പോർട്' കയറ്റുമതി യുഎസിലേക്കു കൂടി വ്യാപിപ്പിച്ച് 1000 കോടിയോളം രൂപയുടെ നഷ്ടം നികത്താനാകുമെന്ന പ്രതീക്ഷയിലാണ് ഫോർഡ് ഇന്ത്യ.