ന്യൂഡൽഹി: ആറായിരത്തോളം എൻ.ജി.ഒകളുടെയും മറ്റ് സംഘടകളുടെയും വിദേശ ഫണ്ട് സ്വീകരിക്കാനുള്ള ലൈസൻസ് ശനിയാഴ്ചയോടെ കാലാവധി കഴിയുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മദർ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റി എന്ന സംഘനയുടെ എഫ്.സി.ആർ.എ ലൈസൻസ് പുതുക്കാനുള്ള അനുമതി നിഷേധിച്ച് ദിവസങ്ങൾ പിന്നിടുമ്പോഴാണ് കേന്ദ്ര സർക്കാർ പുതിയ കണക്ക് പുറത്ത് വിട്ടിരിക്കുന്നത്.

രാജ്യത്തെ നിയമ ക്രമങ്ങൾ പാലിക്കാതെ പ്രവർത്തിച്ചിരുന്ന എൻ.ജി.ഒകളെ കർശനമായി നിയന്ത്രിക്കാൻ ലക്ഷ്യമിട്ടാണ് ആഭ്യന്തരമന്ത്രാലയം നിയമ നടപടികൾ കടുപ്പിച്ചത്. രാജ്യത്തെ 6000ത്തിലധികം സർക്കാരിതര സന്നദ്ധ സംഘടനകൾക്ക് വിദേശഫണ്ട് സ്വീകരിക്കുന്നതിനുള്ള അനുമതി ഇനിയില്ലെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. 2021 ഡിസംബർ 31 വരെ മാത്രമെ ഇവയ്ക്ക് പ്രവർത്ത അനുമതി ഉണ്ടായിരുന്നുള്ളൂ. നടപടികൾ പേടിച്ച് ഭൂരിഭാഗം എൻ.ജി.ഒകളും എഫ്.സി.ആർ.എ ലൈസൻസ് പുതുക്കുന്നതിനുള്ള അപേക്ഷ നൽകിയില്ല.

ഈ ആറായിരത്തോളം വരുന്ന എൻ.ജി.ഒകളിൽ ഭൂരിപക്ഷവും എഫ്.സി.ആർ.എ ലൈസൻസ് പുതുക്കാനുള്ള അപേക്ഷ നൽകിയിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. ലൈസൻസ് കാലാവധി കഴിയുന്ന കാര്യം കാണിച്ച് ഈ സംഘടകൾക്ക് കത്തയച്ചിട്ടുണ്ടെന്നും എങ്കിലും പല സംഘടനകളും അപേക്ഷിക്കാൻ തയ്യാറായില്ലെന്നും ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ഒക്സ്ഫാം ഇന്ത്യ ട്രസ്റ്റ്, ജാമിയ മിലിയ ഇസ്ലാമിയ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ തുടങ്ങിയ സംഘടനകളുടെ എഫ്.സി.ആർ.എ ലൈസൻസ് കഴിഞ്ഞ മാസങ്ങളിൽ കാലാവധി കഴിഞ്ഞിരുന്നു. ഇന്നത്തോടെ ഇവർക്കെല്ലാം ലൈസൻസ് നഷ്ടമാകും. ട്ഊബർകുലോസിസ് അസോസിയേഷൻ ഓഫ് ഇന്ത്യ, ഇന്ദിരാ ഗാന്ധി നാഷണൽ സെന്റർ ഫോർ ആർട്സ്, ഇന്ത്യ ഇസ്ലാമിക് കൾച്ചറൽ സെന്റർ എന്നീ എൻ.ജി.ഒകളും ഉൾപ്പെടുന്നതാണ് ഈ പട്ടിക.

ഒക്സ്ഫാം ഇന്ത്യ ഉൾപ്പടെ ഉള്ളവയ്ക്ക് എഫ്.സി.ആർ.എ ലൈസൻസ് നഷ്ടമാവുമെങ്കിലും രജിസ്ട്രേഷൻ നഷ്ടമാവുകയില്ല. ആകെ 22,762 എൻ.ജി.ഒകളാണ് ഫോറിൻ കോൺട്രിബൂഷൻ റെഗുലേഷൻ ആക്ടിന് കീഴിൽ രാജ്യത്ത് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ 16,829 എൻ.ജി.ഒകളുടെ എഫ്.സി.ആർ.എ ലൈസൻസ് സർക്കാർ പുതുക്കി നൽകിയിട്ടുണ്ട്. നേരത്തെ ക്രിസ്മസ് ദിനത്തിൽ മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റിക്ക് സർക്കാർ എഫ്.സി.ആർ.എ ലൈസൻസ് പുതുക്കാനുള്ള അനുമതി നിഷേധിച്ചിരുന്നു.

കേന്ദ്ര സർക്കാർ നിഷ്‌കർഷിച്ച ചില മാനദണ്ഡങ്ങൾ പാലിച്ച സന്നദ്ധ സംഘടനകൾക്കാണ് 2022 മാർച്ച് 31 വരെ വിദേശ ഫണ്ട് സ്വീകരിക്കാൻ അനുമതി നൽകിയിട്ടുണ്ട്. അപേക്ഷ നൽകിയ 22,762 എൻ.ജി.ഒകളിൽ 6500 സംഘടനകളുടെ അപേക്ഷകളിൽ മാത്രമാണ് കേന്ദ്ര സർക്കാർ തുടർ നടപടി എടുത്തത്. 2020 സെപ്റ്റംബർ 29നും 2022 മാർച്ച് 31നുമിടയിൽ എഫ്.സി.ആർ.എ രജിസ്ട്രേഷ!െന്റ കാലാവധി തീരുന്നവയും അവ പുതുക്കാനായി അപേക്ഷ സമർപ്പിക്കുകയും ചെയ്ത എൻ.ജി.ഒകൾക്കാണ് മാർച്ച് 31 വരെ കാലാവധി ദീർഘിപ്പിച്ചത്.

ലൈസൻസ് പുതുക്കാൻ അപേക്ഷ നൽകാത്തവ . തൃപ്തികരമായ രേഖകളില്ലാത്തതിനാൽ ആഭ്യന്തരമന്ത്രാലയയം അപേക്ഷ തള്ളിയവ... ഇങ്ങനെ പല കാരണങ്ങളാൽ 6003 സംഘടനകളുടെ വിദേശ ഫണ്ട് സ്വീകരിക്കാനുള്ള ലൈസൻസാണ് റദ്ദായത്. രാജ്യത്ത് വിദേശ ഫണ്ട് സ്വീകരിച്ച് 22832 സ്ഥാപനങ്ങളായിരുന്നു പ്രവർത്തിച്ചിരുന്നത്. പുതിയ സാഹചര്യത്തിൽ ഇവയുടെ എണ്ണം 16,829 ആയി. ജാമിയ മിലിയ ഇസ്ലാമിയ, നെഹ്‌റു മെമോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറി, കൊൽക്കത്തയിലെ സത്യജിത് റായ് ഫിലിം ആൻഡ് ടെലിവിഷൻ തുടങ്ങിയ സ്ഥാപനങ്ങളും ലൈസൻസ് റദ്ദായവയുടെ പട്ടികയിൽ പെടുന്നു.

ഇന്ന് മുതൽ ഈ സംഘടനകൾക്ക് വിദേശ സഹായം സ്വീകരിക്കാനാവില്ല. പന്ത്രണ്ടായിത്തിലധികം സംഘടനകൾക്ക് ലൈസൻസ് റദ്ദായി എന്ന വിവരമാണ് വാർത്ത ഏജൻസി പുറത്ത് വിട്ടതെങ്കിലും മുൻവർഷങ്ങളിൽ ലൈസൻസ് റദ്ദായവയുടെ കൂടി ഉൾപ്പെടുത്തിയ കണക്കാണിതെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.