ന്യുഡൽഹി: വിദേശ പൗരന്മാർക്ക് ഇനിമുതൽ ഇന്ത്യയിൽ വാക്സിൻ ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രാലയം. കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിന് വിദേശ പൗരന്മാർക്ക് അവരുടെ പാസ്‌പോർട്ട് തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാം.

പോർട്ടലിൽ രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ, അവർക്ക് പ്രതിരോധ കുത്തിവയ്‌പ്പിനുള്ള സ്ലോട്ട് ലഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. മെട്രോപൊളിറ്റൻ മേഖലകളിൽ താമസിക്കുന്ന ധാരാളം വിദേശികൾക്ക് പ്രതിരോധ കുത്തിവയ്‌പ്പ് നൽകേണ്ടത് പ്രധാനമാണെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു. ഈ പ്രദേശങ്ങളിൽ, ഉയർന്ന ജനസാന്ദ്രത കാരണം കോവിഡ് വ്യാപിക്കാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ യോഗ്യരായ എല്ലാ വ്യക്തികളും പ്രതിരോധ കുത്തിവയ്‌പ്പ് എടുക്കേണ്ടത് പ്രധാനമാണ്.

ഇതിലൂടെ ഇന്ത്യയിൽ താമസിക്കുന്ന വിദേശ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് മന്ത്രാലയം അറിയിച്ചു. കുത്തിവയ്പ് എടുക്കാത്ത വ്യക്തികളിൽ നിന്ന് അണുബാധ പകരുന്നതിനുള്ള സാധ്യതകളും ഇത് കുറയ്ക്കുമെന്നും മന്ത്രാലയം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും പ്രതിരോധ കുത്തിവയ്‌പ്പ് നൽകുന്നതിനായി കേന്ദ്രം ഇപ്പോൾ ദേശീയ വാക്സിനേഷൻ ഡ്രൈവ് നടത്തുകയാണ്. 2021 ഓഗസ്റ്റ് 9 വരെ ഇന്ത്യ 51 കോടിയിലധികം ഡോസ് വാക്സിൻ രാജ്യത്തുടനീളം നൽകിക്കഴിഞ്ഞു.