കൊച്ചി: കോവിഡ്കാലത്ത് കേരളത്തിലെ കാടുകളിലെ വിനോദസഞ്ചാരത്തിന് വീണ്ടും തുടക്കമിടാൻ ഒരുങ്ങി വനംവകുപ്പ്. അഞ്ചുമാസമായി അടച്ചിട്ടിരിക്കുന്ന അമ്പതോളം ഇക്കോടൂറിസം കേന്ദ്രങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ ബുധനാഴ്ച മുതൽ നിയന്ത്രണങ്ങളോടെ തുറക്കും. പ്രദേശത്തെ വനംവകുപ്പ് അധികാരികളാണ് തീരുമാനമെടുക്കേണ്ടത്. പെട്ടിമുടി ദുരന്തത്തിൽ ആറ് വനംവകുപ്പ് ജീവനക്കാർ മരിച്ചതിനാൽ ഇരവികുളം ദേശീയോദ്യാനം തുറക്കില്ലെന്നാണ് സൂചന.

പരിക്ഷണാടിസ്ഥാനത്തിലാകും ഇക്കോ ടൂറിസം. കോവിഡുകാലമായതിനാൽ 10 വയസ്സിനുതാഴെയുള്ള കുട്ടികൾക്കും 65-നു മുകളിൽ പ്രായമുള്ളവർക്കും പ്രവേശനമുണ്ടാകില്ല. താമസിക്കുന്നതിനും കഫെറ്റീരിയയിൽ ഇരുന്നു ഭക്ഷണംകഴിക്കാനും അനുവദിക്കില്ല. ഭക്ഷണം പാഴ്സലായി ലഭിക്കും. താപനില പരിശോധിക്കാനും സംവിധാനമുണ്ടാകും.

പ്രത്യേക വാഹനം, സ്ഥലം എന്നിവ ഒരുക്കും. മുഖാവരണം, സാനിറ്റൈസർ, അണുനശീകരണം, കവാടങ്ങളിൽ ശൗചാലയങ്ങൾ എന്നിവയും ഒരുക്കും. ടിക്കറ്റുകൾ ഓൺലൈനായി മാത്രമേ നൽകൂ. കാട്ടിലേക്ക് കയറുമ്പോഴും ഇറങ്ങുമ്പോഴും കൈകാലുകൾ അണുവിമുക്തമാക്കണം. സഫാരി വാഹനങ്ങളിൽ പകുതി ആളുകളെ മാത്രമേ കൊണ്ടു പോകൂവെന്നും വനംവകുപ്പ് അറിയിച്ചു.