ചമോലി: പ്രദേശവാസികളെ ആക്രമിച്ച കരടിയെ പിടികൂടാനുള്ള ശ്രമത്തിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥരെയും ആക്രമിച്ചതോടെ വെടിവെച്ചു കൊന്നു. ഉത്തരാഖണ്ഡിൽ ചമോലിയിലെ ജോഷിമഠ് മേഖലയിൽ ബുധനാഴ്ച ഉച്ചക്കാണ് സംഭവം. വനംവകുപ്പ് ഉദ്യോഗസ്ഥരെ കരടി ആക്രമിക്കുന്നതിന്റെയും തുടർന്ന് അതിനെ വെടിവെച്ചു കൊല്ലുന്നതിന്റെയും വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.

പ്രദേശവാസികളെ കരടി ആക്രമിച്ചതോടെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് എത്തിയതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. സംഭവത്തിന്റെ ചെറു വീഡിയോയും എഎൻഐ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.

 

പ്രദേശത്തെത്തിയ 15 അംഗസംഘം കരടിയെ പിടികൂടാനായി വല എറിഞ്ഞുവെന്നും എന്നാൽ കരടി ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നുവെന്നും വനംവകുപ്പ് പ്രസ്താവനയിൽ അറിയിച്ചു. ആക്രമണത്തിൽ അഞ്ച് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഉദ്യോഗസ്ഥരുടെ ജീവൻ രക്ഷിക്കാനായി വനംവകുപ്പ് കരടിയെ വെടിവെച്ച് കൊല്ലുകയായിരുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു.