വയനാട്: പട്ടയഭൂമിയിലെ വൃക്ഷവില അടച്ച് റിസർവ് ചെയ്ത ചന്ദനം ഒഴികെയുള്ള മരങ്ങൾ മുറിക്കാൻ അനുമതി നൽകിയ റവന്യൂ വകുപ്പിന്റെ ഉത്തരവ് റദ്ദാക്കുന്ന വിവരം കളക്ടർക്കും വനംവകുപ്പിനും എത്തുംമുമ്പ് മരം ലോബിക്ക് ചോർന്നുകിട്ടിയതായി റിപ്പോർട്ടുകൾ. ഉത്തരവിറങ്ങി അടുത്ത ദിവസം തന്നെ മുറിച്ചിട്ട മരങ്ങൾ അവിടെ നിന്ന് കടത്തുകയായിരുന്നു. ഫെബ്രുവരി രണ്ടിനാണ് ഉത്തരവ് റദ്ദുചെയ്യുന്നത്. ഫെബ്രുവരി മൂന്നിന് തന്നെ മുറിച്ചിട്ട മരങ്ങളുടെ നല്ലൊരു പങ്കും അവിടെ നിന്നും കടത്തുകയായിരുന്നു. ഇതുസംബന്ധിച്ച ഉത്തരവ് അഞ്ചാം തീയതിയോടെയാണ് കളക്ടർമാർക്കും വനംവകുപ്പിനും കിട്ടിയത്. 2020 ഒക്ടോബർ 24-നാണ് മരങ്ങൾ മുറിക്കാൻ അനുമതിനൽകുന്ന വിവാദ ഉത്തരവ് റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പുറത്തിറക്കിയത്.

മുറിച്ചുകടത്തിയ മരങ്ങൾ പിടിച്ചെടുക്കാൻ വനംവകുപ്പ് മേധാവി ഉത്തരവിട്ടിരുന്നു. എന്നാൽ ഉത്തരവ് വില കൽപ്പിക്കാത്ത ഉദ്യോഗസ്ഥർ അതിന് തയ്യാറാകാത്തത് മൂലമാണ് കോടിക്കണക്കിന് രൂപയുടെ മരങ്ങൾ അവിടെ നിന്നും കടത്തി കൊണ്ടുപോകാൻ അവർക്ക് കഴിയുമായിരുന്നില്ല. അതേസമയം മരംകടത്തിൽ പിടികൂടിയ പ്രതികളെ സഹായിച്ച ഉദ്യോഗസ്ഥനുനേരെ വനംമേധാവിക്ക് റിപ്പോർട്ടു നൽകിയെങ്കിലും അദ്ദേഹവും അനങ്ങിയില്ല.

വയനാട് മുട്ടിൽ സൗത്ത് വില്ലേജ് പരിധിയിൽനിന്ന് മുറിച്ചു കടത്തിയ 15 കോടിയോളം രൂപ വിലമതിക്കുന്ന ഈട്ടിത്തടികൾ മൂന്നാംതീയതി പുലർച്ചെയാണ് എറണാകുളത്തെത്തിച്ചത്. മില്ലധികൃതർക്ക് സംശയം തോന്നി അനുമതിയുടെ പകർപ്പ് ചോദിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. വ്യാജ ഡിപ്പോപാസ് കാണിച്ചപ്പോൾ മില്ലുകാർ വനംവകുപ്പ് അധികൃതർക്ക് വിവരം നൽകി. എട്ടാംതീയതിയാണ് മരത്തടികൾ പിടിച്ചെടുത്തത്. ആറാംതീയതി തൃശ്ശൂരിൽനിന്ന് തേക്കുതടികൾ പിടിച്ചെങ്കിലും വിവരങ്ങൾ വേണ്ട രീതിയിൽ പുറത്തുവന്നിരുന്നില്ല. മറ്റിടങ്ങളിൽനിന്നൊന്നും മരം പിടിച്ചെടുക്കാനായിട്ടില്ല.

മരം കടത്താൻ ചില വനം ഉദ്യോഗസ്ഥരും ഒത്താശ ചെയ്തിട്ടുണ്ടാവാമെന്നും പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ, സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർമാർക്ക് അയച്ച സർക്കുലറിൽ പറയുന്നു. റവന്യൂവകുപ്പിന്റെ വിവാദ ഉത്തരവ് റദ്ദാക്കിയ ശേഷമാണ് ഈ സർക്കുലർ അയച്ചത്. സർക്കാർ ഉത്തരവ് തെറ്റായി വ്യാഖ്യാനിച്ച് ഈട്ടി, തേക്ക് തുടങ്ങിയ വിലപിടിപ്പുള്ള മരങ്ങൾ സ്വകാര്യഭൂമികളിൽനിന്ന് കടത്തിക്കൊണ്ടു പോകാൻ സാധ്യതയുണ്ടെന്നും സർക്കാരിന് ഇതു ഭീമമായ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും സർക്കുലറിൽ പറയുന്നു.

ഈ ഉത്തരവ് പാലിക്കപ്പെട്ടിരുന്നുവെങ്കിൽ തൃശ്ശൂർ, എറണാകുളം, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളിൽനിന്ന് കടത്തിയവ പിടികൂടാമായിരുന്നു. വയനാട്ടിൽ മരത്തടികൾ പിടികൂടിയ സംഭവത്തിൽ പ്രതികളെ രക്ഷിക്കാനായി ഗൂഢാലോചന നടത്തിയെന്ന് വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തിയ കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി കൺസർവേറ്റർ എൻ.ടി. സാജനുനേരെ നടപടിയെടുക്കാനും വകുപ്പ് തയാറായിട്ടില്ല.

മരംകൊള്ളയ്ക്ക് സാഹചര്യമൊരുക്കാൻ ആസൂത്രിതമായാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്ന സംശയം നിലനിൽക്കുന്ന സാഹചര്യത്തിലാണ് അതു പിൻവലിച്ചതിന്റെ പിറ്റേന്ന് തന്നെ പുലർച്ചെ മരം കടത്തിയത്. ഇത് വകുപ്പിനുള്ളിലെ ഉന്നതരുമായി വനം ലോബിക്കുള്ള ബന്ധങ്ങളിലേയ്ക്കാണ് വിരൽ ചൂണ്ടുന്നത്.