തിരുവനന്തപുരം: വനം- വന്യജീവി വകുപ്പിലെ സംരക്ഷണവിഭാഗം ജീവനക്കാർക്ക് ഡ്യൂട്ടിക്ക് ആനുപാതിക വിശ്രമ അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവിറങ്ങി. കേരള സ്റ്റേറ്റ് ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് ഓർഗനൈസേഷൻ സമർപ്പിച്ച നിവേദനം പരിഗണിച്ചുകൊണ്ടാണ് സർക്കാരിന്റെ പുതിയ തീരുമാനം.

വനപാലകരുടെ കാലങ്ങളായുള്ള ആവശ്യമായിരുന്നു ഡ്യൂട്ടിക്ക് ആനുപാതിക വിശ്രമം എന്നത്. 24 മണിക്കൂറും വനസംരക്ഷണ പ്രവർത്തനങ്ങളിൽ നിയോഗിച്ചിരുന്ന വനം സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഇനി ഡ്യൂട്ടി സമയം ക്ലിപ്തപ്പെടുത്തി ഡ്യൂട്ടിക്ക് ആനുപാതിക വിശ്രമം ലഭിക്കും. സെപ്റ്റംബർ നാലാം തീയതിയിലെ ഫയൽ നമ്പർ എ3 /135 / 2019 (വനം ) എന്ന ഉത്തരവ് പ്രകാരം വനം പ്രിൻസിപ്പൽ സെക്രട്ടറിയാണ് വനം വകുപ്പ് മേധാവിയോട് വനപാലകർക്ക് വിശ്രമം നിയമപരമായി അനുവദിക്കാൻ നിർദ്ദേശം നൽകിയത്. പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവിനെ തുടർന്ന് ഫോറസ്റ്റ് ഫോഴ്‌സ് തലവനും മുഖ്യവനപാലകനുമായ കെ.കേശവൻ ഐഎഫ്എസ് നൽകിയ നിർദേശത്തെ തുടർന്ന് അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ( ഭരണം) തുടർ നടപടികൾ സ്വീകരിച്ച് കഴിഞ്ഞ ദിവസം ഉത്തരവ് ഇറക്കുകയും ചെയ്തു.

കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് വനം മന്ത്രിയായിരുന്ന കെ. രാജുവിന്റെ ചേമ്പറിൽ വിളിച്ചു ചേർത്ത യോഗത്തിനെ തുടർന്നാണ് ഡ്യൂട്ടി ഓഫ് സംബന്ധിച്ച നിർദ്ദേശം പഠിച്ച് സമർപ്പിക്കാൻ മുഖ്യവനപാലകനെ ചുമതലപ്പെടുത്തിയത്. അദ്ദേഹം സംഘടനകളുമായി ചർച്ച നടത്തി സമർപ്പിച്ച ശുപാർശ പരിശോധിച്ചാണ് ഇപ്പോൾ ഉത്തരവ് ഇറങ്ങിയത്. ഇതു പ്രകാരം ഇനി മുതൽ സംരക്ഷണ വിഭാഗം ജീവനക്കാരെ സാധാരണ ഗതിയിൽ ആവശ്യമുള്ളതോ, ജോലിക്ക് ആനുപാതികമായോ വിശ്രമം ഉറപ്പു വരുത്തി മാത്രമേ ജോലിക്ക് നിയോഗിക്കാവു. ജോലിക്കു ശേഷം ജനറൽ ഡയറിയിലോ / മൂവ് മെന്റ് രജിസ്റ്ററിലൊ ഒപ്പ് രേഖപ്പെടുത്തി വനം സംരക്ഷണത്തിന്റെ ഉത്തരവാദിത്വം നിലനിർത്തി വിശ്രമം അനുവദിക്കും. ദീർഘനാളുകളായ് ഉന്നയിക്കപ്പെട്ടിരുന്ന വനപാലകരുടെ സ്വപ്നം യാഥാർത്ഥ്യമാകാൻ വലിയ ഇടപെടലുകളും സമരവും വനം മേഖലയിൽ നടന്നിരുന്നു.

ഡ്യൂട്ടി ഓഫീനെന്ന പോലെ മറയൂരും കൊല്ലം കടമാൻപാറയിലും ചന്ദന കാടുകൾക്ക് സംരക്ഷണം തീർക്കുന്ന ജീവനക്കാരുടെ സ്ഥലം മാറ്റ കാര്യത്തിലും കർശനമായ മാനദണ്ഡം പാലിക്കണമെന്നും ഈ ഉത്തരവിൽ പറയുന്നു.