കൊല്ലം: എഐസിസി അംഗവും കെപിസിസി ജനറൽ സെക്രട്ടറിയുമായ സി.ആർ. മഹേഷിന്റെ കുടുംബത്തിനു സഹകരണ ബാങ്കിന്റെ ജപ്തി നോട്ടിസ്. മഹേഷും അമ്മയും ഉൾപ്പെടെ 8 അംഗങ്ങൾ ഉൾപ്പെടുന്ന കുടുംബം ഇതോടെ പ്രതിസന്ധിയിലായി. 14.6 ലക്ഷത്തോളമാണ് അടച്ചുതീർക്കേണ്ട കുടിശിക മാത്രം. കരുനാഗപ്പള്ളി സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൽനിന്നു 2015ൽ മഹേഷിന്റെ അമ്മയുടെ പേരിലുള്ള വസ്തുവും വീടും പണയപ്പെടുത്തി എടുത്ത വായ്പയാണ് ഇത്. കുടിശിക പെരുകി 23.94 ലക്ഷത്തിലേറെ രൂപയുടെ ബാധ്യതയാണ് തീർക്കാനുള്ളത്. ജപ്തി നടപടികളുടെ ഭാഗമായി ഈ മാസം വസ്തു അളന്നു തിട്ടപ്പെടുത്തുമെന്നു കാണിച്ചു മഹേഷിന്റെ അമ്മ കരുനാഗപ്പള്ളി തഴവ ചെമ്പകശ്ശേരിൽ വീട്ടിൽ ലക്ഷ്മിക്കുട്ടിയമ്മയ്ക്കു ബാങ്കിന്റെ നോട്ടീസ് ലഭിച്ചു.

മഹേഷിന്റെ അച്ഛൻ രാജശേഖരൻ, 6 വർഷം മുമ്പ് മരിച്ചിരുന്നു. ലക്ഷ്മിക്കുട്ടിയമ്മ, മകൻ മഹേഷ്, ഭാര്യ, മൂന്ന് കുട്ടികൾ, മൂത്ത മകനും പ്രൊഫഷണൽ നാടകകൃത്തുമായ സി ആർ മനോജ്, ഭാര്യ എന്നിവരാണ് ഈ വീട്ടിൽ താമസം. രണ്ടു പ്രമാണങ്ങളായുള്ള വസ്തുവിന്റെ ഒരു ഭാഗം തഴവ സർവീസ് സഹകരണ ബാങ്കിൽ പണയം വച്ചും കടമെടുത്തിട്ടുണ്ട്. ഇതും കുടിശികയായി കിടക്കുകയാണ്. സിപിഐ തഴവ ലോക്കൽ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറിയും എ ഐ വൈ എഫ് നേതാവുമായിരുന്ന സി ആർ മനോജ് ഇപ്പോൾ പൂർണ സമയ നാടകപ്രവർത്തകനാണ്. കോവിഡ് മൂലം നാടകാവതരണമൊക്കെ നിലച്ചതോടെ ആ വഴിക്കുണ്ടായിരുന്ന കുടുംബത്തിന്റെ വരുമാനവും നിലച്ചു.മഹേഷ് പൂർണസമയ രാഷ്ട്രീയ പ്രവർത്തകനാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കരുനാഗപ്പള്ളിയിൽ മത്സരിച്ച് പരാജയപ്പെട്ട മഹേഷിന് ആ വഴിക്കും സാമ്പത്തിക ബാദ്ധ്യതയുണ്ട്. വായ്പാ കുടിശിക അടച്ചു തീർക്കാൻ സാവകാശം അനുവദിക്കണമെന്നാവശ്യപ്പെട്ട് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, സഹകരണ രജിസ്ട്രാർ, ബാങ്ക് പ്രസിഡന്റ് തുടങ്ങിയവർക്ക് അപേക്ഷ നൽകി കാത്തിരിക്കുകയാണ് മഹേഷിന്റെ കുടുംബം.

ഇടക്കാലത്ത് രാഹുൽ ഗാന്ധിക്കെതിരെ ഫേസ്‌ബുക്ക് പോ്‌സ്റ്റിട്ടതിന് പിന്നാലെ മഹേഷ് കോൺഗ്രസിൽ നിന്ന് രാജി വച്ചിരുന്നു. പിന്നീട് 2017 മെയിൽ കോൺഗ്രസിൽ തിരിച്ചെത്തി. രാഹുൽ ഗാന്ധിയെ നേരിൽ കണ്ട് വിശദീകരണം നൽകിയതോടെയാണ് പാർട്ടിയിലേക്കുള്ള തിരിച്ചുവരവിന് കളമൊരുങ്ങിയത്.

കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാൻ രാഹുൽ വൈകിക്കുന്നതിനെ മഹേഷ് വിമർശിച്ചതാണ് വിവാദത്തിനു വഴിതെളിച്ചത്. നേതൃത്വം ഏറ്റെടുക്കാനാവില്ലെങ്കിൽ രാഹുൽ സ്ഥാനമൊഴിയണം എന്നാണു മഹേഷ് ആവശ്യപ്പെട്ടത്. എ.കെ.ആന്റണി മൗനിബാബയാകാതെ കാര്യങ്ങൾ തുറന്നുപറയാൻ തയാറാകണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതു വിവാദമായതോടെ കോൺഗ്രസ് വിടുന്നതായും രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നതായും മഹേഷ് പ്രഖ്യാപിച്ചിരുന്നു. പിന്നീട് ഒരു ഭാരവാഹിത്വവുമില്ലെങ്കിലും മരണംവരെ കോൺഗ്രസിനുവേണ്ടി പ്രവർത്തിക്കാൻ കഴിയുമെന്ന് ഫേസ്‌ബുക് പോസ്റ്റിൽ മഹേഷ് വ്യക്തമാക്കിയിരുന്നു.