പാട്്‌ന: ആർച്ച്ബിഷപ് സ്വമേധയാ കൊച്ചച്ചനാവുകയോ? ആദ്ധ്യാത്മി ജിവിതത്തിന് പുതുപാത തെളിക്കുകയാണ് പട്‌ന ആർച്ച്ബിഷപ്പായി വിരമിച്ച ഡോ. വില്യം ഡിസൂസ.പാട്‌ന ആർച്ച് ബിഷപ്പ് സ്ഥാനത്ത് നിന്നും വിരമിച്ച ശേഷം ഇദ്ദേഹം ഡാണാപ്പുരിലെ സെന്റ് സ്റ്റീഫൻസ് ഇടവകയിൽ സഹവികാരിയായി ചുമതലയേറ്റു. പട്‌ന നഗരത്തിനു പുറത്ത്, കന്റോൺമെന്റ് ഏരിയയിലാണു ഡാണാപ്പൂർ.

ലളിതജീവിതത്തിന് ഉദാഹരണമായ ആർച്ച്ബിഷപ് വില്യം 2020 ഡിസംബർ 9നാണ് വിരമിച്ചത്. ഈശോസഭാംഗമായ അദ്ദേഹം ഇടവക വികാരിയെന്ന ജോലിയിലേക്കു തിരിച്ചുപോകുന്നതു 17 വർഷത്തിനുശേഷമാണ്. ദക്ഷിണ കർണാടകത്തിലെ മടന്ത്യാർ സ്വദേശിയായ ഡോ. വില്യം ഡിസൂസ 44 വർഷം വൈദികനായി സേവനം ചെയ്തശേഷം 2005ൽ രൂപീകരിക്കപ്പെട്ട ബക്‌സർ രൂപതയുടെ ബിഷപ്പായി നിയമിക്കപ്പെട്ടു. 2006ൽ അഭിഷിക്തനായി. 2007ൽ പട്‌നയുടെ ആർച്ച്ബിഷപ്പായി.

സഹവികാരിയുടെ ജോലിയിൽ ഡോ. വില്യം ഡിസൂസയ്ക്ക് എത്രനാൾ തുടരാമെന്നു സഭാ നിയമങ്ങൾ വ്യക്തമാക്കുന്നില്ല. വൈദികർക്ക് 70 ആണു വിരമിക്കൽ പ്രായം. പ്രത്യേക സാഹചര്യങ്ങളിൽ നീട്ടിനൽകാറുണ്ട്.

'പുതിയ ജോലി എന്നാലാവുംവിധം ഭംഗിയായി നിർവഹിക്കും. ആധ്യാത്മിക സേവനം, ജനസേവനം എന്നിവ എന്റെ ഹൃദയത്തിൽനിന്നുള്ളതാണ്'- ആർച്ച്ബിഷപ് പറഞ്ഞു.