കൊച്ചി: കെ സുധാകരൻ പലതവണ തട്ടിപ്പുവീരൻ മോൻസൻ മാവുങ്കലിന്റെ വീട്ടിൽ എത്തിയിരുന്നുവെന്ന് മുൻ ഡ്രൈവറായിരുന്ന അജിത്തിന്റെ വെളിപ്പെടുത്തൽ. സാമ്പത്തിക ഇടപാടുകൾക്കായി മോൺസൻ മാവുങ്കൽ തന്റെ ജീവനക്കാരുടെ അക്കൗണ്ടുകളും ഉപയോഗിച്ചിരുന്നു. രണ്ടരക്കോടി രൂപ താനറിയാതെ തന്റെ അക്കൗണ്ടിൽ എത്തിയിരുന്നു. സമാനമായി പല ജീവനക്കാരുടേയും അക്കൗണ്ടുകളിലേക്ക് കോടിക്കണക്കിന് രൂപ എത്തിയിരുന്നുവെന്നും അജിത്ത് ഒരു ന്യൂസ് ചാനലിനോട് പ്രതികരിച്ചു.

പുരാവസ്തുക്കളുടെ പേരുപറഞ്ഞ് തട്ടിപ്പ് നടക്കുന്നുണ്ടെന്ന് അറിഞ്ഞിരുന്നില്ല. മ്യൂസിയം ഒരു കൗതുകത്തിന്റെ പുറത്ത് ഉണ്ടാക്കിയതാണെന്നായിരുന്നു താൻ കരുതിയിരുന്നത്. ഡിജിപി ലോക്നാഥ് ബെഹ്റ മ്യൂസിയത്തിൽ വന്നപ്പോൾ താൻ അവിടെ ഉണ്ടായിരുന്നു. കെ. സുധാകരൻ നിരവധി തവണ മ്യൂസിയത്തിൽ വന്നിട്ടുണ്ട്. എബിൻ എന്ന് പേരുള്ള സുധാകരന്റെ ജീവനക്കാരനാണ് അങ്ങോട്ട് കൂട്ടിക്കൊണ്ടുവന്നത്. വീട്ടിൽ ആര് വന്നാലും സമ്മാനങ്ങൾ കൊടുത്തുവിടുന്നത് മോൺസന്റെ പതിവായിരുന്നു. എസിപി ലാൽജിക്ക് മൂന്ന് ലക്ഷം രൂപ നൽകിയതിന് താൻ സാക്ഷിയാണെന്നും അജിത്ത് പറഞ്ഞു.

ശ്രീവത്സം ഗ്രൂപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ തന്റെ അക്കൗണ്ടിൽ പത്ത് ലക്ഷം രൂപ എത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് എട്ട് മാസങ്ങൾക്ക് മുൻപ് താനും മോൺസണും തമ്മിൽ തെറ്റിയത്. മോൺസണുമായി തെറ്റിപ്പിരിഞ്ഞതിനു ശേഷം സമവായത്തിനു വേണ്ടി നിരവധി തവണ തന്നെ വിളിച്ചിരുന്നു.

തന്റെ പേരിൽ കള്ളക്കേസ് വരെ ഉണ്ടാക്കി. തെറ്റിപ്പിരിഞ്ഞപ്പോൾ ഉടക്കാൻ നിൽക്കുന്നതെന്തിനാണ്, രവി പൂജാരിയുമായി ബന്ധമുള്ളയാളാണ് താൻ എന്നൊക്കെ മോൺസൻ പറഞ്ഞിട്ടുണ്ടെന്നും അജിത്ത് തുറന്നു പറഞ്ഞു. നടൻ ബാലയും മോൻസണും അടുത്ത സുഹൃത്തുക്കൾ ആയിരുന്നുവെന്നും പുരാവസ്തുക്കൾ പലതും സിനിമ സെറ്റുകളിൽ ഉപയോഗിക്കുന്നതാണെന്നും അജിത് വെളിപ്പെടുത്തി.

''സുധാകരൻ നിരവധി തവണ മോൻസന്റെ വീട്ടിൽ വന്നിട്ടുണ്ട്. സുധാകരന്റെ കൂടെയുള്ള എബിൻ നേരത്തെ മോൻസന്റെ കൂടെ കുറെക്കാലം ജോലി ചെയ്തിരുന്നു. എബിൻ തന്നെയാണ് സുധാകരനെ മോൻസന്റെ വീട്ടിൽ കൊണ്ടു വന്നതും.'' അതു കഴിഞ്ഞ് പലപ്പോഴും സുധാകരൻ അവിടെ വന്നിരുന്നിരുന്നുവെന്നും സുധാകരനെ പോലുള്ള ആളുകൾ മോൻസന്റെ ആർഭാടവും മറ്റും കണ്ട് പറ്റിക്കപ്പെട്ടതായിരിക്കുമെന്നും അജിത് പറഞ്ഞു.

''സെപ്ഷ്യൽ ബ്രാഞ്ചിന് മൊഴി നല്കി ആലപ്പുഴയിൽ നിന്നും ചേർത്തലയിൽ എത്തുമ്പോൾ ബാല എന്നെ വിളിച്ചിരുന്നു. മോൻസനെതിരെ ഒരു മൊഴിയും നൽകരുതെന്നും നിങ്ങൾ രണ്ടുപേരും ഒരുമിച്ച് പോകണമെന്നും പറഞ്ഞു. അനൂപും ബാലയുമായുണ്ടായ പ്രശ്നത്തിൽ ഞാൻ ഇടനിലക്കാരനായി നിന്ന് പ്രശ്നം പരിഹരിച്ചതുപോലെ താനും ഞാനും മോൻസനുമായുള്ള പ്രശ്നം തീർക്കണമെന്നും ബാല എന്നോട് പറഞ്ഞു. ഞാനും മോൻസണും തമ്മിലുള്ളത് സാമ്പത്തിക പ്രശ്നമാണെന്നും എനിക്ക് മോൻസൻ ശമ്പളം തരാനുള്ളതുകൊണ്ട് ഞാൻ ഇറങ്ങി പോയതാണെന്നുമാണ് ബാല പറയുന്നത്. വാസ്തവത്തിൽ അങ്ങനെ ഒരു സംഭവം തന്നെ ഉണ്ടായിട്ടില്ല. കാരണം കഴിഞ്ഞ പതിനൊന്നു വർഷത്തിലൊരിക്കൽപ്പോലും ശമ്പളത്തിന്റെ പേരിൽ ഒരു വാക്ക് പോലും പറയേണ്ട അവസ്ഥയുണ്ടായിട്ടില്ല. അതായത് മോൻസൻ ബാലയ്ക്ക് വാച്ച് ചെയിനും വാങ്ങികൊടുത്തിരുന്നു. അത് ബാല മലബാർ ഗോൾഡിൽ പോയി പരിശോധിച്ചപ്പോൾ ഇതെല്ലാം ഡ്യൂപ്ലിക്കറ്റാണെന്നും തട്ടിപ്പാണെന്നും പറഞ്ഞ് ഒരു കാലത്ത് ബാലയും മോൻസനും തമ്മിൽ പിണങ്ങിയിരുന്നു.''അജിത്ത് പറഞ്ഞു.

''ആറുപേർ കേസ് കൊടുത്തെന്നു പറയുന്നതിലൊരാൾ അനൂപ് അഹമ്മദ് ഒരു അഞ്ച് ലക്ഷം രൂപയുടെ ഇടപാടിൽ ബാലയുമായി പിണങ്ങി. അവർ തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ ഞാൻ ഒരു ഇടനിലക്കാരനായി ഞാൻ നിന്നിരുന്നു. എന്നാൽ അനൂപ് അഹമ്മദ് ആ പ്രശ്നങ്ങൾ തീർക്കാൻ നിൽക്കുന്ന സമയത്ത് ഏകദേശം ഒരു മുക്കാൽ ശതമാനത്തോളം പൈസ കൊടുക്കുകയും ബാക്കി പൈസ ബാല കൊടുത്തിരുന്നുവെന്ന് പറയുകയും ചെയ്ത് അനൂപിന് പൈസ തിരിച്ചു കൊടുത്തില്ല. അതെസമയം അങ്ങനെ ഒരാളുമായുള്ള ഫ്രണ്ട് ഷിപ്പ് വേണ്ടായെന്നു പറഞ്ഞ് അനൂപ് ആ പൈസയുടെ കാര്യം ആരോടും പറയാതെ ആ ബന്ധം അവിടെ വെച്ചു നിർത്തുകയും ചെയ്തു. ഞാൻ ഒരിക്കലും ശമ്പളവുമായുള്ള കാര്യത്തിൽ ബാലയെ സമീപിച്ചിട്ടില്ല. ഉണ്ടെന്നതിന് തെളിവുണ്ടെങ്കിൽ പുറത്തുവിടണമെന്നും ഇല്ലാത്ത പക്ഷം അദ്ദേഹത്തിന്റെ ഫോൺ പരിശോധനയ്ക്ക് വിധേയകരാക്കണം.''

''ഈശോ തുടച്ചുവെന്നു പറയുന്ന വെള്ള ടവൽ, സന്തോഷ് നല്കിയതാണ്. ഫിലിം ഷൂട്ടിങ്ങിൽ സാധനങ്ങൾ വാടകയ്ക്ക് കൊടുക്കുന്ന സന്തോഷ് അതിന്റെ ഒരു കോപ്പി മോൻസനു കൊടുത്തുവെന്ന് എന്നോട് പറഞ്ഞു. അതിന്റെ തെളിവുകളും എന്റെ കൈയിൽ ഉണ്ട്. സന്തോഷ് ഇപ്പോൾ ഒളിവിലാണ്. എളമക്കരയിൽ പൈസ കൊടുക്കാൻ ഉള്ളതിനാൽ ഇവിടെ നിൽക്കാൻ നിക്കകള്ളിയില്ലാതെ മോൻസൻ തന്നെ സന്തോഷിനെ വെറെ എവിടെയോ മാറ്റി പാർപ്പിച്ചിരിക്കുകയാണ്. മോൻസൻ പൈസ കൊടുക്കുമ്പോൾ വന്നാൽ മതിയെന്നാണ് പറഞ്ഞിരിക്കുന്നത്. ഇന്നലെ എനിക്ക് മേസേജ് അയച്ചു. എനിക്ക് തരാനുള്ള പൈസയെല്ലാം തരാമെന്നും പറഞ്ഞു. എന്നാൽ വിളിക്കുകയോ എവിടെ ഉണ്ടെന്ന് പറയുകയോ ചെയ്തിട്ടില്ല.''

''വിദേശത്തേക്ക് ആളുകളെ കൊണ്ടുപോകാമെന്ന് പറഞ്ഞ് പണം തട്ടിയ കേസിലെ പ്രതിയായ ബോബിയും അരുണും നാടുവിട്ടിരിക്കുകയാണ്. ആ അരുണാണ് കൊല്ലത്ത് നിന്നും ടിപ്പുവിന്റെ കസേര നിർമ്മിച്ച മോൻസണിന്റെ കലൂരിലെ വീട്ടിൽ എത്തിച്ചത്. ബാക്കിയെല്ലാം സന്തോഷ് കൊടുത്തതും ബാക്കിയുള്ളവ കോയമ്പത്തൂരിലെ ഡോ. പ്രഭു കൊടുത്തതുമാണ്. തൃശൂരിലെ സുകുമാരനിൽ നിന്നും മട്ടാഞ്ചേരിയിൽ നിന്നും ക്രൗൺ പ്ലാസയിൽ നിന്നും വാങ്ങിയിട്ടുണ്ട്. എന്റെ അറിവിൽ ഇയാൾ ഇതുവരെ വിദേശത്തു പോയിട്ടുമില്ല. ആരും വിദേശത്ത് നിന്നും ഒരു സാധനവും കൊടുത്തിട്ടുമില്ല. പുള്ളി ഒരു ബിസിനസ് ചെയ്തിട്ടുമില്ല.''

''പ്രവാസി മലയാളി ഫെഡറേഷന്റെയും നോർക്ക റൂട്ട്സിന്റെയും വിദേശ മലയാളികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന അനിത വിളിച്ചാണ് ഒരുതവണ മനോജ് എബ്രാഹാം സാറും ഡിജിപി ലോക്നാഥ്സാറും മോൻസന്റെ വീട്ടിലെ മ്യൂസിയം കാണാൻ വന്നത്. പിന്നീട് ഒരിക്കലും വന്നിട്ടില്ല. പിന്നീട് ബെഹ്റ സാറിന്റെ ഓഫീസുമായി ബന്ധപ്പെട്ട് അരുൾ എന്ന വ്യക്തിക്ക് മോൻസൻ തുടർച്ചയായി നിരവധി സമ്മാനങ്ങൾ നല്കിയിരുന്നു. എപ്പോഴും പൊലീസ് ഓഫീസർമാർ ആരെങ്കിലും അവിടെ ഉണ്ടാകും. സിനിമ താരങ്ങളും ഇടക്കെല്ലാം ഇവിടെ എത്തിയിരുന്നു. ആദ്യമൊന്നും എനിക്ക് ബാങ്ക് അക്കൗണ്ടുകൾ എല്ലാം തന്നെ വ്യാജമാണെന്നറിഞ്ഞിരുന്നില്ല. പിന്നീട് ക്രൈം ബ്രാഞ്ചിന്റെ അന്വേഷണം വന്നപ്പോഴാണ് ഇതെല്ലാം വ്യാജമാണെന്നറിഞ്ഞത്. പല ആളുകളിൽ നിന്നും പറ്റിച്ച പണം കൊണ്ടാണ് ഇയാൾ രണ്ടു മക്കളെയും എംബിബിഎസ് പഠിപ്പിച്ചത്. അല്ലാതെ ഒരു ജോലിക്കു പോലും പോയില്ല. ''

കള്ളക്കേസ് ഉണ്ടാക്കി കുടുക്കാൻ ശ്രമിക്കുന്നുവെന്ന് കാണിച്ച് അജിത്ത് നേരത്തെ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇത് പിൻവലിക്കണമെന്ന് ആവശ്യപ്പെടുന്ന നടൻ ബാലയുടെ ശബ്ദരേഖയും നേരത്ത പുറത്തുവന്നിരുന്നു.