തിരുവനന്തപുരം: സ്വകാര്യ സ്‌കൂൾ ബസ് ഡ്രൈവർ ജീവനൊടുക്കിയ സംഭവത്തിൽ സ്കൂൾ മാനേജ്മെന്റിനെതിരെ മുൻ തൊഴിലാളികൾ. വർഷങ്ങളായി ജോലി ചെയ്തുകൊണ്ടിരുന്ന സ്ഥാപനം അകാരണമായി പിരിച്ചുവിട്ടതിനെ തുടർന്നുണ്ടായ മനോവിഷമമാണ് തിരുവനന്തപുരം മരതൂർ സ്വദേശി ശ്രീകുമാറിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ഇവർ ആരോപിക്കുന്നു. കരിയകം ചെമ്പക സ്‌കൂളിലെ ജീവനക്കാരനായിരുന്നു ശ്രീകുമാർ. സ്‌കൂളിനുസമീപം ഓട്ടോറിക്ഷയിൽക്കയറിയശേഷം പെട്രോളൊഴിച്ച് തീക്കൊളുത്തിയാണ് ശ്രീകുമാർ ജീവനൊടുക്കിയത്.

ലോക്ക്ഡൗൺ സമയത്ത് സ്കൂൾ മാനേജ്മെന്റ് 86 ജീവനക്കാരെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു എന്നാണ് ജീവനക്കാർൃ പറയുന്നത്. ഇവർക്കു പകരം പുറത്തുനിന്ന് ആളെ എത്തിച്ച് ജോലി ചെയ്യിച്ചെന്നും ജീവനക്കാർ ആരോപിക്കുന്നു. കോവിഡ് പശ്ചാത്തലത്തിൽ ലോക്ഡൗൺ വന്നതോടെ ഡ്രൈവർമാരും ആയമാരും ഉൾപ്പടെ 86 പേരെയാണ് സ്‌കൂൾ മാനേജ്മെന്റ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. ഇതിന്റെ ഭാഗമായി ശ്രീകുമാറിനെയും സ്‌കൂളിലെ ആയയായ ശ്രീകുമാറിന്റെ ഭാര്യയെയും പിരിച്ചുവിട്ടിരുന്നു.

തുടർന്ന് തൊഴിലാളികൾ സ്‌കൂളിന് സമീപം സമരം നടത്തി. ഔട്ട്സോഴ്സിങ് ഏജൻസി വഴി ഇവർക്ക് തന്നെ ജോലി നൽകാമെന്ന് ചർച്ചയിൽ സ്‌കൂൾ അധികൃതർ ഉറപ്പുനൽകിയിരുന്നു. അതിന്റെ ഭാഗമായി സ്‌കൂൾ തുറന്നുപ്രവർത്തിച്ചതിനെ തുടർന്ന് ജോലിക്കായി എത്തിയതായിരുന്നു ശ്രീകുമാർ. അപ്പോഴാണ് മറ്റുചിലർ ജോലിക്ക് കയറുന്നത് ശ്രീകുമാർ കണ്ടത്. ഇതാണ് ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നാണ്‌ സൂചന.

തിരുവനന്തപുരം മരതൂർ സ്വദേശി ശ്രീകുമാർ തിങ്കളാഴ്ച രാവിലെയാണ് മരിച്ചത്. സ്‌കൂളിനു സമീപം സ്വന്തം ഓട്ടോയിൽ ഇരുന്ന് തീ കൊളുത്തുകയായിരുന്നു. മുഖ്യമന്ത്രിക്കും പൊലീസിനും കളക്ടർക്കും കത്തെഴുതി സഹപ്രവർത്തകനെ ഏൽപ്പിച്ച ശേഷമാണ് ശ്രീകുമാർ ആത്മഹത്യ ചെയ്തത്. ജോലി നഷ്ടപ്പെട്ടതിലുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് സഹപ്രവർത്തകർ ആരോപിക്കുന്നത്. സംഭവത്തിനു ശേഷം സ്‌കൂൾ അധികൃതർക്കെതിരെ പിരിച്ചുവിട്ട ജീവനക്കാർ പ്രതിഷേധിച്ചു. കളക്ടർ അടക്കമുള്ളവർ എത്തിയാലേ മൃതദേഹം വിട്ടുനൽകൂ എന്ന് ജീവനക്കാർ പറഞ്ഞിരുന്നു. കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും സഹപ്രവർത്തകർ ആവശ്യപ്പെട്ടു. പൊലീസും മറ്റ് അധികൃതരും ജീവനക്കാരെ അനുനയിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ പതിനാറ് വർഷമായി കരിയകം ചെമ്പക സ്‌കൂളിലെ ജീവനക്കാരനായിരുന്നു ശ്രീകുമാർ. ഇതേ സ്‌കൂളിൽ ആയയാണ് ശ്രീകുമാറിന്റെ ഭാര്യ. രണ്ടുപെൺകുട്ടികളാണ് ശ്രീകുമാറിന്. മകളെ വിവാഹം കഴിപ്പിച്ചയതും വീടുപണിയും മറ്റുമായി കടബാധ്യതകൾ ഉണ്ടായിരുന്നു. കുടുംബത്തിലെ രണ്ടുപേർക്കും ജോലി നഷ്ടപ്പെട്ടതോടെ വളരെ ബുദ്ധിമുട്ടിലായിരുന്നു ഇവർ മുന്നോട്ടുപോയിക്കൊണ്ടിരുന്നത്.