ഫോർട്ട്‌കൊച്ചി: കോവിഡ് മഹാമാരിക്ക് ശേഷം സംസ്ഥാനത്തെ വിനോദസഞ്ചാര മേഖല ഉണർവിന്റെ പാതയിലാണ്.ഇതിൽ ആൾക്കാരുടെ ഒഴുക്ക് വർധിക്കുന്നത് ബീച്ചിലേക്കും.അത്തരത്തിൽ കാഴ്ചക്കാരുടെ മനംകവരുകയാണ് ഫോർട്ട് കൊച്ചിയിലെ ബീച്ചിൽ ഉയർന്നുവന്ന പുതിയ തീരം.കാഴ്‌ച്ചക്കാരെ മാടി വിളിക്കുന്നതിനൊപ്പം ഒരു അപകടക്കെണി കൂടിയാവുന്നുണ്ട് പുതുതായി രൂപപ്പെട്ട ബീച്ച്.

മധ്യ ബീച്ചിലെ പുലിമുട്ടിനു സമീപമാണു കടലിലേക്ക് 50 മീറ്ററോളം നീളത്തിൽ മണ്ണ് അടിഞ്ഞിരിക്കുന്നത്. ഇഴജന്തുക്കളുടെയും പാമ്പിന്റെയും സാന്നിദ്ധ്യമാണ് പ്രദേശത്തെ ഭീഷണിയിലാക്കുന്നത്.ഇവിടെ കടൽ പാമ്പും അണലിയും ഉണ്ട്. ഇടയ്ക്കു മലമ്പാമ്പിനെയും ബീച്ചിൽ നിന്നു പിടികൂടാറുണ്ട്. കഴിഞ്ഞ ദിവസം ഫുഡ് കോർട്ടിനു സമീപം 3 പാമ്പുകളെ കച്ചവടക്കാരും ലൈഫ് ഗാർഡുമാരും പിടികൂടിയിരുന്നു. കടപ്പുറത്ത് അടിയുന്ന പായലിന് ഒപ്പമാണു പാമ്പുകൾ എത്തുന്നത്.

അതേസമയം പുതിയ തീരത്തേക്ക് ഇറങ്ങുന്നതു ലൈഫ് ഗാർഡുമാർ വിലക്കുന്നു.ഇരുവശവും താഴ്ചയുള്ളതിനാൽ അപകടകരമാണ് ഈ മണ്ണിലൂടെ നടക്കുന്നതെന്ന് അവർ പറഞ്ഞു.നടപ്പാതയോടു ചേർന്നുള്ള കരിങ്കൽ കെട്ടുകളിൽ ചവിട്ടുന്നതു സൂക്ഷിച്ചു വേണമെന്നു ലൈഫ് ഗാർഡുമാർ പറയുന്നു. കല്ലുകൾക്കിടയിൽ പാമ്പുകൾ ഉണ്ടാകാമെന്നും മുന്നറിയിപ്പ് നൽകുന്നു.

വേലിയേറ്റ സമയത്താണ് കൂടുതൽ മണ്ണ് ഇവിടേക്ക് എത്തുന്നത്. സൗത്ത് ബീച്ചിന്റെ തെക്കുഭാഗത്ത് ഐഎൻഎസ് ദ്രോണാചാര്യയ്ക്കു സമീപം ഏതാനും വർഷം മുൻപ് ഇതുപോലെ പുതിയൊരു ബീച്ച് രൂപപ്പെട്ടുവെങ്കിലും കടൽക്ഷോഭത്തിൽ പിന്നീടു നഷ്ടമായി.