ന്യൂഡൽഹി: നാല് ഇടത്തരം ബാങ്കുകൾ സ്വകാര്യവത്കരിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ബാങ്ക് ഓഫ് മഹാരാഷ്ട്ര, ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയാണ് പട്ടികയിൽ ഉള്ളത്. റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഏപ്രിലിൽ ആരംഭിക്കുന്ന 2021-22 ലെ സാമ്പത്തിക വർഷത്തിൽ ഇതിൽ രണ്ടുബാങ്കുകളെ തിരഞ്ഞെടുക്കും. ബാങ്ക് സ്വകാര്യവത്കരണവുമായി ബന്ധപ്പെട്ട ചുരുക്കപ്പട്ടിക ഇനിയും ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല.

ബാങ്കിങ് മേഖലയുടെ സ്വകാര്യവത്കരണം തൊഴിൽ നഷ്ടത്തിന് വഴിവച്ചേക്കുമെന്നതുകൊണ്ട് രാഷ്ട്രീയമായി റിസ്‌കുള്ള തീരുമാനമാണ്. അതുകൊണ്ട്തന്നെ ഇടത്തരം ബാങ്കുകൾ സ്വകാര്യവത്കരിച്ച് ആദ്യ റൗണ്ടിൽ പരീക്ഷണത്തിന് മുതിരുകയാണ് മോദി സർക്കാർ. വരുംവർഷങ്ങളിൽ വലിയ ബാങ്കുകളുടെ സ്വകാര്യവത്കരണത്തിലേക്കും സർക്കാർ നീങ്ങിയേക്കും.

ഏന്നാൽ, രാജ്യത്തെ ഏറ്റവും വലിയ ബാങ്കായി മാറിയ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്വകാര്യവത്കരിക്കാൻ ഇടയില്ല. കാരണം സർക്കാരിന്റെ കാർഷിക മേഖലാ വികസനം അടക്കം വിവിധ പദ്ധതികൾക്ക് തന്ത്രപ്രധാനമാണ് എസ്‌ബിഐയുടെ സാന്നിധ്യം.

കോവിഡിനെ തുടർന്നുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഇത്തരം പരിഷ്‌കരണങ്ങളിലേക്ക് സർക്കാരിനെ നയിക്കുന്നതെന്ന് സാമ്പത്തിക വിദഗ്ദ്ധർ പറയുന്നു. നിഷ്‌ക്രിയ ആസ്തികളുടെ കടുത്ത ഭാരം പേറുന്ന ബാങ്കിങ് മേഖലയെ അടിമുടി പരിഷ്‌കരിക്കുകയും സർക്കാരിന്റെ ലക്ഷ്യങ്ങളിൽ പെടുന്നു.

ഈ സാമ്പത്തിക വർഷം തന്നെ നാലുബാങ്കുകളും വിൽപ്പനയ്ക്ക് വയ്ക്കാനായിരുന്നു കേന്ദ്രസർക്കാരിന്റെ താൽപര്യം. എന്നാൽ, യൂണിയനുകളുടെ ശക്തമായ എതിർപ്പ് ഭയന്നാണ് രണ്ടിലേക്ക് ചുരുക്കിയത്.

ബാങ്ക് ഓഫ് ഇന്ത്യയിൽ 50,000 ജീവനക്കാരും, സെൻട്രൽ ബാങ്കിൽ 33,000 പേരും, ഇന്ത്യൻ ഓവർസീസ് ബാങ്കിൽ 26,000 പേരും, ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ 13,000 ജീവനക്കാരുമാണുള്ളത്. ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ ജീവനക്കാർ താരതമ്യേന കുറവായതുകൊണ്ട് സ്വകാര്യവത്കരണം എളുപ്പമാണ്. അതുകൊണ്ട് തന്നെ ആദ്യം വിൽപ്പനയ്ക്ക് വയ്ക്കാൻ സാധ്യത ഈ ബാങ്ക് തന്നെ.

തിങ്കളാഴ്ച ബാങ്ക് സ്വകാര്യവത്കരണത്തിനും ഇൻഷുറൻസ് കമ്പനികൾ വിൽക്കുന്നതിനും എതിരെ ജീവനക്കാർ രണ്ട് ദിവസത്തെ സമരം തുടങ്ങിക്കഴിഞ്ഞു. അതേസമയം, യഥാർത്ഥ സ്വകാര്യവത്കരണ പ്രക്രിയ അഞ്ച് മുതൽ ആറ് മാസം വരെ എടുക്കാൻ സാധ്യതയുണ്ട്. ജീവനക്കാരുടെ എണ്ണം, ട്രേഡ് യൂണിയനുകളുടെ സമ്മർദ്ദം, രാഷ്ട്രീയ പ്രത്യാഘാതങ്ങൾ എന്നീ ഘടകങ്ങൾ അന്തിമ തീരുമാനത്തെ സ്വാധീനിച്ചേക്കാം. ഈ ഘടങ്ങൾ കൊണ്ടുതന്നെ ഒരു പ്രത്യേക ബാങ്കിന്റെ സ്വകാര്യവത്കരണം മാറ്റി വയ്ക്കാനും ഇടയുണ്ട്.

ഇന്ത്യൻ ഓവർസീസ് ബാങ്കിൻ മേലുള്ള വായ്പാ നിയന്ത്രണങ്ങൾ റിസർവ് ബാങ്ക് എടുത്തുകളയുമെന്നാണ് സർക്കാർ പ്രതീക്ഷ. നിഷ്‌ക്രിയ ആസ്തികൾ കൂടുതലായുള്ള ബാങ്കുകൾ ഏറ്റെടുക്കാൻ ആരെങ്കിലും തയ്യാറാകുമോ എന്നും ചില സാമ്പത്തിക വിദഗ്ദ്ധർ ആശങ്കപ്പെടുന്നു. പഞ്ചാബ് നാഷണൽ ബാങ്കോ, ബാങ്ക് ഓഫ് ബറോഡയോ പോലുള്ള വലിയ ബാങ്കുകൾ വിൽക്കുന്നത് സർക്കാർ പരിഗണിക്കുന്നതാണ് മെച്ചമെന്നും ഇക്കൂട്ടർ വാദിക്കുന്നു.