കൊല്ലം: 100 അടിയോളം താഴ്ചയുള്ള കിണറ്റിൽ കുടുങ്ങിയ നാല് തൊഴിലാളികളും മരിച്ചു. ഇവരെ രക്ഷിക്കാനിറങ്ങിയ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥനേയും കുഴഞ്ഞ് വീണതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടിട്ടു.

കൊല്ലം കുണ്ടറ പെരുമ്പുഴ കോവിൽ മുക്കിൽ രാവിലെ 10 മണിയോടെയാണ് സംഭവം. കിണറ്റിലെ ചെളിമാറ്റി വൃത്തിയാക്കാക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ആദ്യം രണ്ടുപേരാണ് കിണറ്റിലിറങ്ങിയത്. ഇവർക്ക് ശ്വാസം കിട്ടാൻ ബുദ്ധിമുട്ട് ഉണ്ടായി. ഇവർ തിരിച്ചുകയറാനാകാതെ കിണറ്റിനുള്ളിൽ കുടുങ്ങുകയായിരുന്നു. ഇതോടെ മറ്റുരണ്ടുപേർ കൂടി ഇവരെ രക്ഷിക്കാനായി കിണറിലേക്ക് ഇറങ്ങി. ഇവരും അവിടെ കുടുങ്ങിയതോടെയാണ് നാട്ടുകാർ പൊലീസിനേയും ഫയർ ഫോഴ്‌സിനേയും അറിയിച്ചത്.

ഏറെ ശ്രമകരമായ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ഫയർഫോഴ്സ് സംഘം നാല് പേരെയും രക്ഷപ്പെടുത്തി പുറത്തെത്തിച്ചു. അവരെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവരുടെ ജീവൻ രക്ഷിക്കാനായില്ല. ഒരാളുടെ നില ഗുരുതരമായി തുടർന്നെങ്കിലും അയാളെ രക്ഷിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയായിരുന്നു. എന്നാൽ ഒടുവിൽ അയാളും മരണത്തിന് കീഴടങ്ങി.

മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് സംഘത്തിന്റെയും നാട്ടുകാരുടെയും പൊലീസിന്റെയും നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.