ന്യൂഡൽഹി: സംസ്ഥാനത്ത് കോവിഡ് മൂലം മാതാപിതാക്കൾ മരിച്ച കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് സർക്കാർ ഏറ്റെടുക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. 25 വയസ് തികയുന്നത് വരെ പ്രതിമാസം 2500 രൂപ വീതം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

'കോവിഡ് കാരണം നിരവധി കുട്ടികൾക്ക് മാതാപിതാക്കളെ നഷ്ടപ്പെട്ടു. തങ്ങൾ തനിച്ചായിപ്പോയെന്നും നിസ്സഹായരാണെന്നും അത്തരം കുട്ടികൾ കരുതരുത്. ഞാൻ എല്ലായ്‌പ്പോഴും അവരോടൊപ്പം നിൽക്കുന്നു.' - അരവിന്ദ് കെജ്രിവാൾ പറഞ്ഞു.

വരുമാനമുള്ള ഏക അംഗത്തെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് നേരത്തെ പ്രഖ്യാപിച്ച 50,000 രൂപയുടെ ഒറ്റത്തവണ സഹായത്തിന് പുറമേ പ്രതിമാസം 2,500 രൂപയും ലഭിക്കും. ഭർത്താവായിരുന്നു സമ്പാദിക്കുന്ന അംഗമെങ്കിൽ ഭാര്യക്ക് സഹായം ലഭിക്കും. തിരിച്ചാണെങ്കിൽ ഭർത്താവിന് സഹായം കിട്ടും. വ്യക്തി അവിവാഹിതനാണെങ്കിൽ ഇത് മാതാപിതാക്കൾക്കാണ് ലഭിക്കുക.

ദരിദ്ര കുടുംബങ്ങളിൽനിന്നുള്ള 72 ലക്ഷം പേർക്ക് ഈ മാസം 10 കിലോ സൗജന്യ റേഷൻ നൽകുമെന്നും അരവിന്ദ് കെജ്രിവാൾ പറഞ്ഞു. ഓരോ മാസവും അഞ്ച് കിലോ റേഷൻ സബ്സിഡി നിരക്കിൽ നൽകുന്നുണ്ടെന്നും എന്നാൽ ഈ മാസം പാവപ്പെട്ട കുടുംബങ്ങൾക്ക് ഇത് സൗജന്യമായി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പുറമേ അഞ്ച് കിലോ കൂടി കേന്ദ്ര പദ്ധതികൾ പ്രകാരം നൽകും. അതിനാൽ മൊത്തം 10 കിലോ റേഷൻ ഇത്തവണ സൗജന്യമായി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവർക്കും റേഷൻ കാർഡ് ഇല്ലെന്നും മാത്രമല്ല ഇത്തരം ഹ്രസ്വ കാലാവധിക്കുള്ളിൽ അവ നൽകാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ, സൗജന്യ റേഷൻ ആവശ്യപ്പെടുന്ന പാവപ്പെട്ടവർ അത് ലഭ്യമാക്കുമെന്നും ഡൽഹി മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.