തിരുവനന്തപുരം: വിഷു, ഈസ്റ്റർ ആഘോഷങ്ങളോട് അനുബന്ധിച്ച് റേഷൻ കാർഡ് ഉടമകൾക്കുള്ള സൗജന്യ കിറ്റ് വിതരണം അടുത്ത മാസം ഒന്നിലേക്ക് നീട്ടിവയ്ക്കാൻ ഭക്ഷ്യവകുപ്പു തീരുമാനിച്ചതായി സൂചന. മഞ്ഞ, പിങ്ക് കാർഡ് ഉടമകൾക്ക് ഈ മാസം 31ന് മുമ്പ് കിറ്റ് വിതരണം ചെയ്യാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. ഇതിനായി കിറ്റുകൾ തയാറാക്കുകയും ചെയ്തിരുന്നു.

എന്നാൽ അടുത്ത മാസം ഒന്നു മുതൽ എല്ലാ വിഭാഗക്കാർക്കും കിറ്റ് നൽകാനാണ് ഇപ്പോഴത്തെ തീരുമാനം. ഒരാഴ്ച കൊണ്ടുതന്നെ എല്ലാവർക്കും കിറ്റ് നൽകാനാണ് ഉദ്ദേശിക്കുന്നത്.

വിഷു, ഈസ്റ്റർ ആഘോഷങ്ങളോട് അനുബന്ധിച്ചുള്ള കിറ്റുകൾ തിരിഞ്ഞെടുപ്പിന് മുന്നോടിയായി നൽകാനുള്ള സർക്കാർ നീക്കത്തിനെതിരെ പ്രതിപക്ഷ കക്ഷികൾ രംഗത്ത് എത്തിയിരുന്നു. കൂടാതെ സ്‌പെഷ്യൽ അരി വിതരണം ചെയ്യാനുള്ള സർക്കാർ തീരുമാനം തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ട് നേരത്തെ തടഞ്ഞിരുന്നു.

എന്നാൽ നീല, വെള്ള കാർഡുകാർക്കുള്ള സ്പെഷൽ അരി തടഞ്ഞ നടപടി പുനപ്പരിശോധിക്കുന്നതിന് തെരഞ്ഞെടുപ്പു കമ്മിഷനോട് ആവശ്യപ്പെടാനും ഭക്ഷ്യവകുപ്പ് ആലോചിക്കുന്നുണ്ട്. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ 10 കിലോഗ്രാം അരി 15 രൂപ നിരക്കിൽ നൽകാനായിരുന്നു തീരുമാനം. ഈസ്റ്റർ, വിഷു, റംസാൻ പ്രമാണിച്ചാണ് ഈ തീരുമാനമെടുത്തത്.

തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പ് സർക്കാർ തീരുമാനമെടുക്കുകയും ഉത്തരവ് ഇറക്കുകയും ചെയ്തു. എന്നാൽ അരി എത്തുന്നതിൽ കാലതാമസം ഉണ്ടായതോടെ വിതരണം വൈകി. പിന്നീട് വിതരണാനുമതി തേടി സർക്കാർ തെരഞ്ഞെുപ്പ് കമ്മീഷനെ സമീപിച്ചപ്പോഴായിരുന്നു അരി വിതരണത്തിന് വിലക്കേർപ്പെടുത്തിയത്.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്റെ തീരുമാനം. നേരത്തെപെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകിയിരുന്നു.

വിഷുവും ഈസ്റ്ററും കണക്കിലെടുത്ത് സൗജന്യ കിറ്റ്, സ്‌കൂൾ കുട്ടികൾക്കുള്ള അരി എന്നിവ നേരത്തെ നൽകാനും സർക്കാർ തീരുമാനിച്ചിരുന്നു. ഇതിലും തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്.