മുംബൈ: 18 മുതൽ 44 വരെ പ്രായക്കാർക്ക് സൗജന്യ കോവിഡ് വാക്‌സീൻ നൽകുമെന്ന് മഹാരാഷ്ട്ര സർക്കാർ. 6500 കോടി രൂപയാണ് ഇതിനു ചെലവു പ്രതീക്ഷിക്കുന്നത്. ഈ പ്രായത്തിലുള്ളവർക്ക് മെയ്‌ ഒന്നു മുതൽ തന്നെ വാക്‌സീൻ നൽകി തുടങ്ങേണ്ടതില്ലെന്നും ഉദ്ധവ് താക്കറെ സർക്കാർ തീരുമാനിച്ചു. കോവിഡ് സാഹചര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ചേർന്ന മന്ത്രിസഭാ യോഗത്തിലാണു തീരുമാനം.

മെയ്‌ ഒന്നിന് തന്നെ 18നും 44നും ഇടയിൽ പ്രായമുള്ളവർക്കു വാക്‌സീൻ നൽകുന്ന നടപടികൾ തുടങ്ങണമെന്നാണു കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം. എന്നാൽ നിരവധി സംസ്ഥാനങ്ങൾ ആവശ്യത്തിന് വാക്‌സീൻ ലഭിക്കാതെ ബുദ്ധിമുട്ടുകയാണ്. 45 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് വാക്‌സീൻ നൽകുന്നതു തുടരുമെന്നും സർക്കാർ അറിയിച്ചു.

'ഞങ്ങളുടെ കയ്യിൽ ആവശ്യത്തിന് വാക്‌സീൻ സ്റ്റോക്ക് ഇല്ല. മെയ്‌ ഒന്നു മുതൽ തന്നെ വാക്‌സിനേഷൻ തുടങ്ങില്ല. സ്റ്റോക്ക് എത്തുമ്പോൾ വാക്‌സീൻ നൽകി തുടങ്ങും' മന്ത്രി രാജേഷ് ടോപ് പ്രതികരിച്ചു. 1844 പ്രായക്കാർക്കുള്ള വാക്‌സിനേഷൻ ആറു മാസത്തിൽ പൂർത്തിയാക്കാനാണു സർക്കാർ ലക്ഷ്യമിടുന്നത്. സ്പുട്‌നിക് വാക്‌സീൻ സംസ്ഥാനത്ത് എത്തിക്കാനാണു മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. നിലവിൽ കോവിഷീൽഡ്, കോവാക്‌സീൻ എന്നിവയാണ് കുത്തിവയ്ക്കുന്നത്.

ഇതിനിടെ മഹാരാഷ്ട്രയിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം കുറയാൻ കാരണം പരിശോധന കുറച്ചതാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് രംഗത്തെത്തി. ഇക്കാര്യം ഉന്നയിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറേയ്ക്ക് ഫഡ്നാവിസ് കത്തയച്ചു.

'സംസ്ഥാനത്ത് മുംബൈ ഉൾപ്പെടെയുള്ള ഇടങ്ങളിൽ പരിശോധന കുറവാണ്. ആർ.ടി.പി.സി.ആർ. പരിശോധനകളുടെ എണ്ണം കുറവാണെന്നും രോഗവ്യാപന നിരക്ക് വർധിച്ചുവെന്നും ഫഡ്നാവിസ് പറഞ്ഞു. ആകെ മരണത്തിന്റെ 20 ശതമാനവും മുംബൈയിലാണ്. പഴയ രേഖകൾ പുതുക്കിയിട്ടില്ല. കൊറോണ പ്രതിരോധത്തിന് കൃത്യമായ വിവരങ്ങൾ ലഭ്യമല്ല', ഫഡ്നാവിസ് ട്വീറ്റ് ചെയ്തു.

സംസ്ഥാനത്തെ പ്രതിദിന കോവിഡ് കണക്കുകൾ കുറയുന്നുവെന്നു കാണിക്കാൻ അയഥാർത്ഥ ചിത്രങ്ങൾ(ഫോട്ടോ ഓപ് പോലെ) സൃഷ്ടിക്കരുതെന്ന് മുഖ്യമന്ത്രിയോട് ഞാൻ അഭ്യർത്ഥിക്കുന്നു. കൃത്യമായ പരിശോധന വഴിയേ കോവിഡ് ബാധിക്കുന്ന രോഗികളുടെ ശരിയായ ഡാറ്റ ലഭിക്കൂ. അങ്ങനെയേ രോഗബാധിതരുടെ കൃത്യമായ കണക്ക് ലഭിക്കൂ', ഫഡ്നാവിസ് കത്തിൽ പറയുന്നു.

'കോവിഡിന്റെ ഒന്നാം തരംഗത്തിലും എത്ര മാത്രം കുറച്ച് പരിശോധനകളാണ് നടക്കുന്നതെന്ന് പൂർണ സ്ഥിതിവിവര കണക്കുകളോടെ അറിയിച്ചതാണെന്നും ഫ്ഡനാവിസ് കത്തിൽ ചൂണ്ടിക്കാണിക്കുന്നു. ഇന്ന് രണ്ടാം തരംഗത്തിന്റെ തീവ്രത കൂടുതലാണ്. കഴിഞ്ഞ എട്ടുദിവസമായി മുംബൈയിൽ വളരെ കുറച്ച് പരിശോധനകളേ നടന്നിട്ടുള്ളൂ', കണക്കുകൾ ഉദ്ധരിച്ചു കൊണ്ട് ഫഡ്നാവിസ് പറഞ്ഞു.

'40 ലക്ഷം ജനസംഖ്യയുള്ള നാഗ്പുറിൽ ഇരുപത്താറായിരത്തിൽ അധികം സാമ്പിളുകൾ പ്രതിദിനം പരിശോധിക്കുന്നുണ്ട്. 68 ലക്ഷം ജനങ്ങളുള്ള പുണെയിലും കൂടുതൽ പരിശോധനകൾ നടത്തുന്നുണ്ട്. എന്നാൽ ഈ രണ്ട് നഗരങ്ങളെക്കാളും നാലിരട്ടിയിൽ അധികം ജനസംഖ്യയുള്ള മുംബൈയിൽ പ്രതിദിനം നാൽപ്പതിനായിരം സാമ്പിളുകൾ പോലും പരിശോധിക്കുന്നില്ല', ഫഡ്നാവിസ് കത്തിൽ പറയുന്നു.