ലാഹോർ: അനിശ്ചിതത്വവും പ്രതിസന്ധിയും തുടരുന്നതിനിടെ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ പ്രതിരോധത്തിലാക്കി അഴിമതിയാരോപണം.ഇമ്രാൻ ഖാന്റെ മൂന്നാം ഭാര്യ ബുഷ്റ ബീബിയുടെ സുഹൃത്ത് ഫറ ഖാൻ രാജ്യം വിട്ടത് ആയുധമാക്കി പ്രതിപക്ഷം രംഗത്തെത്തി. അഴിമതി ആരോപണത്തിന് പിന്നാലെ ഫറ ഖാൻ ദുബായിലേക്ക് കടന്നതായാണ് വിവരം. ആഡംബര വിമാനത്തിലുള്ള യാത്രയുടെ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

രാജ്യം വിടുന്ന സമയത്ത് ഫറയുടെ കൈവശമുള്ള ബാഗ് 90,000 ഡോളർ (ഏതാണ്ട് 68 ലക്ഷം രൂപ) വിലവരുന്നതാണെന്ന് പ്രതിപക്ഷ പാർട്ടിയായ പാക്കിസ്ഥാൻ മുസ്ലിം ലീഗിന്റെ (നവാസ്) നേതാവ് റോമിനാ കുർഷിദ് ആലം ട്വീറ്റ് ചെയ്തു.എന്നാൽ ചിത്രങ്ങൾ എപ്പോൾ എടുത്തതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. കാൽചുവട്ടിലിരിക്കുന്ന ബാഗിനൊപ്പം ധരിച്ചിരിക്കുന്ന ചെരുപ്പിന്റെ വിലയും സമൂഹമാധ്യമങ്ങൾ തിരയുന്നുണ്ട്. സ്വകാര്യ ജെറ്റിൽ ദുബായിലേക്ക് പറക്കാൻ 37 ലക്ഷം രൂപയാകുമെന്ന് ചില യൂസർമാർ ചൂണ്ടിക്കാട്ടുന്നു.

അഴിമതിയുടെ മാതാവെന്നാണ് പ്രതിപക്ഷം ഫറയെ വിശേഷിപ്പിക്കുന്നത്. ഫറയുടെ ഭർത്താവ് നേരത്തെ രാജ്യം വിട്ടിരുന്നു.ഉദ്യോഗസ്ഥരെ അവരുടെ ഇഷ്ടപ്രകാരം സ്ഥലം മാറ്റുന്നതിനും പുതിയ നിയമനങ്ങൾ നടത്തുന്നതിനും 600 കോടി പാക്കിസ്ഥാൻ രൂപ കൈക്കൂലി വാങ്ങിയെന്നാണ് ഫറയ്‌ക്കെതിരെയുള്ള ആരോപണം. ഇമ്രാൻ ഖാന്റെ നിർദേശപ്രകാരമാണ് അവർ അഴിമതി നടത്തിയതെന്ന് പാക്കിസ്ഥാൻ മുസ്ലിം ലീഗ് നവാസിന്റെ വൈസ് പ്രസിഡന്റ് നവാബ് ഷരീഫിന്റെ മകൾ മരിയം നവാസ് ആരോപിച്ചു.

അധികാരം നഷ്ടമായാൽ എല്ലാ അഴിമതിയും പുറത്ത് വരുമെന്ന് ഇമ്രാൻ ഖാൻ ഭയക്കുന്നതായി മറിയം വിമർശിച്ചു.പാർലമെന്റും മന്ത്രിസഭയും പിരിച്ചുവിട്ട ഡെപ്യൂട്ടി സ്പീക്കറുടെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം. പുതിയ മന്ത്രി സഭ രൂപീകരിക്കുന്നതുവരെ തുടരാൻ ഇമ്രാൻ ഖാനോട് പാക് പ്രസിഡന്റ് ആരിഫ് അലി ആവശ്യപ്പെട്ടിട്ടുണ്ട്.