തിരുവനന്തപുരം: ലോക്ഡൗൺ പ്രതിസന്ധിയിൽ ജനജീവിതത്തെ ദുഷ്‌കരമാക്കി ഇടിത്തീപോലെ ഇന്ധനവില വീണ്ടും ഉയർന്നു.രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷമാണ് വില വർധിച്ചിരിക്കുന്നത്. പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്. 36 ദിവസത്തിനിടെ വില കൂടുന്നത് ഇത് ഇരുപതാം തവണയാണ്. സംസ്ഥാനത്ത് പെട്രോൾ വില സെഞ്ച്വറിയിലേക്ക് കുതിക്കുകയാണ്.കൊച്ചിയിൽ പെട്രോൾ വില ഇന്ന് 95 രൂപ 13 പൈസയായി. ഡീസൽ വില 91 രൂപ 58 പൈസയായും വർദ്ധിച്ചു. കോഴിക്കോട് പെട്രോളിന് 95 രൂപ 38 പൈസയും ഡീസലിന് 90 രൂപ 73 പൈസയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 97 രൂപ എട്ട് പൈസയും ഡീസലിന് 92 രൂപ 31 പൈസയുമായി വില ഉയർന്നു.

രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചത് മുതൽ എണ്ണകമ്പനികൾ ഇന്ധനവില കൂട്ടിയിരുന്നില്ല.ഫലപ്രഖ്യാപനം വന്നതോടെ വീണ്ടും വിലവർദ്ധന തുടങ്ങുകയായിരുന്നു. കഴിഞ്ഞ വർഷം ജൂണിൽ രാജ്യത്ത് ഇന്ധനവില 72 രൂപയായിരുന്നു. രാജ്യത്തിന്റെ പല ഭാഗത്തും ഇന്ധന വില ഇതിനോടകം നൂറ് കവിഞ്ഞു.കോവിഡും ലോക്ഡൗണും മൂലം ജനങ്ങൾ കനത്ത പ്രതിസന്ധിയിലായ സമയത്താണ് ഇരുട്ടടിയായി ഇന്ധനവില കുതിച്ചുയരുന്നത്.

അതേസമയം പെട്രോൾ ഡിസൽ വില വർധനവിൽ പ്രതിഷേധം വ്യാപകമാവുകയാണ്. വിഷയത്തിൽ കേന്ദ്രസർക്കാറിനെതിരെ വിമർശനവുമായി നീതി ആയോഗ് രംഗത്തെത്തിയിരുന്നു പെട്രോൾ, ഡീസൽ വിലക്കയറ്റം നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ നടപടിയെടുക്കണമെന്ന് നിതി ആയോഗ് ഉപാധ്യക്ഷൻ രാജീവ് കുമാർ പറഞ്ഞു. വിലക്കയറ്റം പിടിച്ചു നിർത്താൻ സർക്കാരിന് ബാധ്യതയുണ്ട്. വില നിർണയാധികാരം എണ്ണക്കമ്പനികൾക്കാണെങ്കിലും സന്തുലിതമായ തീരുമാനം സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നാണു പ്രതീക്ഷയെന്നു രാജീവ് കുമാർ പറഞ്ഞു.

പണപ്പെരുപ്പം സർക്കാരിനു മുന്നിലെ വലിയ വെല്ലുവിളിയാണെങ്കിലും റിസർവ് ബാങ്ക് ഇടപെടൽ പരിഹാരമാകും. സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവിന്റെ ലക്ഷണങ്ങൾ ഈ മാസം മുതൽ കണ്ടു തുടങ്ങും. കോവിഡ് രണ്ടാം തരംഗം ധനക്കമ്മിയെ കാര്യമായി ബാധിക്കില്ല. വാക്‌സിനേഷൻ പൂർണമായാൽ ജനം ഭയമില്ലാതെ പുറത്തിറങ്ങും. ഉൽപാദന, കയറ്റുമതി മേഖലയിൽ പുരോഗതിയുണ്ടാകുമെന്നും രാജീവ് കുമാർ പറഞ്ഞു.