തിരുവനന്തപുരം: കോവിഡ്, ചൈനീസ് റോക്കറ്റ്, പേമാരി, കടൽ ക്ഷോഭം.... ദുരിതങ്ങൾ ഒന്നിനുപുറകെ ഒന്നായി പെയ്യുമ്പോഴും ജനങ്ങളോട് കരുണയില്ലാതെ കേന്ദ്ര സർക്കാർ. കോവിഡ് കാലത്ത് ജോലിക്ക് പോകാൻ പോലും കഴിയാതെ വീട്ടിലിരിക്കുന്നവരുടെ തലയിലേയ്ക്ക് പുതിയ ഭാരങ്ങൾ അടിച്ചേൽപ്പിക്കുകയാണ് സർക്കാർ. തെരഞ്ഞെടുപ്പ് റിസൾട്ട് വന്ന ശേഷം തുടർച്ചയായി എട്ടാംതവണ ഇന്നും ഇന്ധനവില വർദ്ധിപ്പിച്ചു.

ഡീസലിന് 35 പൈസയും പെട്രോളിന് 29 പൈസയുമാണ് ഇന്ന് കൂട്ടിയത്. തിരുവനന്തപുരത്ത് ഡീസൽ ലീറ്ററിന് 89 രൂപ 18 പൈസയായി. പെട്രോൾ ലീറ്ററിന് 94 രൂപ 32 പൈസയും. കൊച്ചിയിൽ ഡീസലിന് 87 രൂപ 42 പൈസയും പെട്രോളിന് 92 രൂപ 44 പൈസയുമാണ് പുതിയ വില.

നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ ഒരുമാസത്തോളം വില കൂടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ച സർക്കാരാണ് ഫലം വന്ന ശേഷം വൈരാഗ്യമെന്നോണം തുടർച്ചയായ ദിവസങ്ങളിൽ ഇന്ധനവില കൂട്ടുന്നത്.

രാജ്യത്തെ ഒട്ടേറെ സ്ഥലങ്ങളിൽ പെട്രോൾ വില നൂറ് കടന്നു. കുത്തിച്ചുയരുന്ന ഇന്ധന വില അവശ്യസാധനങ്ങളുടെ വിലയെയും ബാധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ഇന്ധനവില ഉയരാനാണ് സാധ്യത.