തിരുവനന്തപുരം: പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കേന്ദ്രസർക്കാർ കുറച്ചതനുസരിച്ച് സംസ്ഥാനവും ഇളവ് അനുവദിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ജനങ്ങൾക്ക് ആശ്വാസകരമായ തീരുമാനമുണ്ടാകും. കേന്ദ്രം നികുതി കുറച്ചത് പോരാ. ഇന്ധനവില വർധനയിൽ ജനം പൊറുതിമുട്ടുമ്പോൾ മുഖം രക്ഷിക്കുന്ന നടപടിയാണ് കേന്ദ്രം സ്വീകരിച്ചതെന്നും ബാലഗോപാൽ മാധ്യമങ്ങളോട് പ്രതികരിച്ചു.

33 രൂപ വരെ വർധിപ്പിച്ച സ്പെഷ്യൽ എക്സൈസ് ഡ്യൂട്ടിയിൽ നിന്നാണ് ഇപ്പോൾ കേന്ദ്രം 5 രൂപ കുറച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കേന്ദ്ര സർക്കാർ കുറച്ചിരിക്കുന്നത് സാധാരണ നികുതിയിൽ നിന്നല്ല. സ്പെഷ്യൽ എക്സൈസ് ഡ്യൂട്ടി എന്ന് പറഞ്ഞ് വർധിപ്പിക്കുന്ന നികുതിയിൽ നിന്നാണ്. ഇത് സംസ്ഥാനങ്ങളുമായ പങ്കുവെക്കേണ്ടതില്ല. അങ്ങനെ 33 രൂപ വരെ വർധിപ്പിച്ച തുകയിൽ നിന്നാണ് ഇപ്പോൾ കുറച്ചിരിക്കുന്നത്. ഇനിയും കുറക്കേണ്ടതാണ്. ഇത് നേരത്തെ തന്നെ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടതാണെന്നും ധനമന്ത്രി പറഞ്ഞു.

രാജ്യത്ത് പ്രതിദിനം ഇന്ധനവില കുതിച്ചുയരുന്നതിനിടെയാണ് പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കേന്ദ്രസർക്കാർ കുറച്ചത്. ഇന്ന് അർധരാത്രി മുതൽ പെട്രോളിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയും കുറയും. ഇന്ധനവില വർധനവിൽ കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് വില കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം. വാറ്റ് നികുതി കുറയ്ക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു.