ന്യൂഡൽഹി: രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില കുതിച്ചുയർന്നപ്പോൾ സംസ്ഥാനങ്ങൾക്ക് മൂല്യവർധിത നികുതി ഇനത്തിൽ മാത്രം ലഭിച്ച അധിക വരുമാനത്തിന്റെ കണക്ക് പുറത്തുവിട്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഗവേഷക വിഭാഗം. 49229 കോടി രൂപയാണ് സംസ്ഥാനങ്ങൾക്ക് മൂല്യവർധിത നികുതി ഇനത്തിൽ അധികമായി ലഭിച്ചത് എന്നാണ് ഗവേഷക വിഭാഗത്തിന്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

എക്‌സൈസ് നികുതി കുറയ്ക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തോടുകൂടി വാറ്റ് വരുമാനത്തിൽ സംസ്ഥാനങ്ങൾക്ക് 15,021 കോടി രൂപയുടെ കുറവ് മാത്രമാണ് ഉണ്ടാകുക എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. അതിനാൽ തന്നെ സംസ്ഥാനങ്ങൾക്ക് മൂല്യവർധിത നികുതി കുറച്ചുകൊണ്ട് ഉപഭോക്താക്കൾക്ക് നിലവിലുള്ള വിലയേക്കാൾ കുറഞ്ഞ വിലയ്ക്ക് നൽകാമെന്ന് റിപ്പോർട്ടിൽ പറയുന്നു.

സംസ്ഥാനങ്ങൾ ഇന്ധന വിലയിൽ നിന്ന് ഈടാക്കുന്ന മൂല്യവർധിത നികുതി പെട്രോളിന്റെയും ഡീസലിന്റെയും വില ഉയരുമ്പോൾ തനിയെ ഉയരുന്നതാണ്. കേന്ദ്രസർക്കാർ എക്‌സൈസ് നികുതി കുറയ്ക്കുമ്പോൾ ഈ മൂല്യവർധിത നികുതി തനിയെ കുറയുകയും ചെയ്യും. ഫലത്തിൽ സംസ്ഥാനങ്ങൾക്ക് ഇപ്പോഴും 34,208 കോടി രൂപയുടെ അധിക വരുമാനം മൂല്യവർധിത നികുതിയിൽ നിന്ന് ഉണ്ടാവുന്നുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനങ്ങൾക്ക് ശരാശരി ഡീസലിന് രണ്ട് രൂപയും പെട്രോളിന് മൂന്ന് രൂപയും ലിറ്ററിന് കുറയ്ക്കാനാവുമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു

മൂല്യവർധിത നികുതിയിലൂടെ ഏറ്റവും കൂടുതൽ വരുമാനം പെട്രോൾ - ഡീസൽ വിൽപ്പനയിൽ നിന്ന് നേടുന്ന സംസ്ഥാനങ്ങൾ മഹാരാഷ്ട്രയും ഗുജറാത്തും തെലങ്കാനയുമാണെന്നും എസ്‌ബിഐ സാമ്പത്തിക ഉപദേഷ്ടാവ് സൗമ്യ കാന്തി ഘോഷ് പറഞ്ഞു.

രാജ്യത്ത് കോവിഡ് പ്രതിസന്ധിയുടെ കാലത്ത് സംസ്ഥാനങ്ങളുടെ സാമ്പത്തിക രംഗത്ത് നേട്ടമുണ്ടായെന്നും അതിനാൽ തന്നെ ആവശ്യമെങ്കിൽ നികുതി കുറയ്ക്കാൻ സംസ്ഥാനങ്ങൾക്ക് സാധിക്കുമെന്നും ഘോഷ് വ്യക്തമാക്കി. ഇപ്പോഴത്തെ നിലയിൽ സംസ്ഥാനങ്ങൾക്ക് സംസ്ഥാനത്തിന്റെ പെട്രോളിന്റെയും ഡീസലിന്റെയും മൂല്യ വർധിത നികുതി വരുമാനം കുറയാതെ തന്നെ, അധികമായി ലഭിച്ച വരുമാനം കുറയ്ക്കാനാവും.

കേന്ദ്രസർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറച്ചെങ്കിലും കേരളത്തിൽ സ്വന്തം നിലക്കുള്ള നികുതി കുറയ്‌ക്കേണ്ടതില്ലെന്നാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചത്. കേന്ദ്ര എക്സൈസ് തീരുവ കുറച്ചത് മൂലം ആനുപാതികമായി കേരളത്തിൽ പെട്രോളിന് 2.41 രൂപയും ഡീസലിന് 1.36 രൂപയും കുറവുവന്നിരുന്നു. ഈ കുറവ് തന്നെ മതിയെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്.

2021 നവംബറിൽ കേന്ദ്രം എക്സൈസ് തീരുവ കുറച്ചപ്പോൾ ഇളവുനൽകാതിരുന്ന സംസ്ഥാനങ്ങൾ ഉൾപ്പെടെ എല്ലാ സംസ്ഥാനങ്ങളും ഇന്ധനനികുതി കുറച്ച് സാധാരണക്കാർക്ക് കൂടുതൽ ആശ്വാസമേകണമെന്ന് കേന്ദ്രമന്ത്രി നിർമലാ സീതാരാമൻ ആവശ്യപ്പെട്ടിരുന്നു. കേരളമടക്കമുള്ള സംസ്ഥാനങ്ങൾ അന്ന് നികുതി കുറച്ചിരുന്നില്ല. ആനുപാതികമായ കുറവ് മതിയെന്നായിരുന്നു അന്നും സംസ്ഥാന സർക്കാരിന്റെ തീരുമാനം.

കേന്ദ്ര എക്സൈസ് തീരുവ പെട്രോളിന് എട്ട് രൂപയും ഡീസലിന് ആറു രൂപയും കുറച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം ധനമന്ത്രി നിർമലാ സീതാരാമൻ പ്രഖ്യാപനം നടത്തിയത്. ആനുപാതികമായി സംസ്ഥാന നികുതി വിഹിതവും കുറയുന്നതിനാൽ കേരളത്തിൽ പെട്രോളിന് 10.41 രൂപയും ഡീസലിന് 7.36 രൂപയുമാണ് കുറഞ്ഞിട്ടുള്ളത്.

കേന്ദ്രം നികുതി കുറച്ചതിനെ സ്വാഗതം ചെയ്തുകൊണ്ട് മന്ത്രി കെ.എൻ.ബാലഗോപാൽ ഫേസ്‌ബുക്കിലിട്ട പോസ്റ്റിൽ സംസ്ഥാന സർക്കാരും നികുതി കുറച്ചെന്ന് അവകാശപ്പെട്ടിരുന്നു. . എന്നാൽ, മന്ത്രി പറയുന്നത് കേന്ദ്രം കുറച്ചതിന് ആനുപാതികമായി ഉണ്ടാവുന്ന കുറവാണ്. സംസ്ഥാനനികുതിയിൽ പ്രത്യേകം കുറവുവരുത്തിയിട്ടില്ല. അധിക വരുമാനത്തിൽ കുറവു വരുത്താനോ, സംസ്ഥാന തലത്തിൽ നികുതി കുറയ്ക്കാനോ സംസ്ഥാനങ്ങൾ തയ്യാറാകാത്തത് മൂലം ഉപഭോക്താക്കൾക്ക് ലഭിക്കേണ്ട ഇളവ് നിഷേധിക്കപ്പെടുകയാണ്.