കണ്ണൂർ: കവിതകളിലൂടെ രാഷ്ട്രീയം പറഞ്ഞ ജി സുധാകരൻ. ഇപ്പോഴിതാ സിപിഎം സംസ്ഥാന സമിതി അംഗവും മുൻ മന്ത്രിയുമായ ജി.സുധാകരന്റെ പ്രതിസന്ധിയും കഥകളിലോ? സുധാകരന് നേരിടേണ്ടി വരുന്ന രാഷ്ട്രീയ പ്രതിസന്ധി തുറന്നു കാട്ടി കഥാകൃത്ത് ടി.പത്മനാഭന്റെ കഥ. ജി.സുധാകരനെന്ന് എടുത്തു പറയുന്നില്ലെങ്കിലും കഥയിലുള്ളത് സുധാകരൻ തന്നെയെന്നു സൂചനകളിലൂടെ വ്യക്തമാണെന്ന് മനോരമ പറയുന്നു. ഇതായാലും അടുത്ത് പുറത്തിറങ്ങുന്ന കഥ കേരള രാഷ്ട്രീയത്തിലും ചർച്ചയാകും.

സുധാകരനെ പാർട്ടിയിൽ നിന്ന് ഒറ്റപ്പെടുത്താനാണ് നീക്കം. ഇതിന്റെ ഭാഗമായാണ് അമ്പലപ്പുഴയിലെ അന്വേഷണം. അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പിൽ തന്റെ പ്രവർത്തനങ്ങളെപ്പറ്റി അന്വേഷിക്കുന്ന സിപിഎം കമ്മിഷനോടു പറയാനുള്ളത് വിശദ റിപ്പോർട്ടായിത്തന്നെ മുൻ മന്ത്രി ജി.സുധാകരൻ നൽകിയേക്കും. വസ്തുതകളും കണക്കുകളും വച്ചുള്ള വിശദ മറുപടിക്കാണു സാധ്യത. ആർക്കുമെതിരെ വ്യക്തിപരമായ പരാതിയോ ആക്ഷേപമോ ഉണ്ടാകാനിടയില്ല. പാർട്ടിയിലെ എതിർവിഭാഗത്തിന്റെ ആക്രമണത്തെ നേരിടാൻ തന്നെയാണു സുധാകരന്റെ തീരുമാനം. ഇതിനിടെയാണ് ഈ കഥയും ചർച്ചകളിലേക്ക് എത്തുന്നത്.

അയാൾ എന്നാണ് സുധാകരനെ പ്രതിനിധീകരിക്കുന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. സഖാവും അയാളും തമ്മിൽ നടക്കുന്ന സംഭാഷണത്തിലൂടെയാണ് സിപിഎമ്മിന്റെ ഉൾപാർട്ടി രാഷ്ട്രീയത്തെക്കുറിച്ചു പറയുന്നത്. പുറത്തിറങ്ങാനിരിക്കുന്ന മലയാള മനോരമ വാർഷിക പതിപ്പിലാണ് 'സഖാവ്' എന്ന പേരിലുള്ള കഥ പ്രസിദ്ധീകരിക്കുന്നത്. അടിമുടി മാന്യനായ രാഷ്ട്രീയക്കാരനാണ് ജി.സുധാകരനെന്ന് അഭിപ്രായമുള്ള ആളാണ് കഥാകൃത്ത്. അക്കാര്യം പത്മനാഭൻ മുൻപു വ്യക്തമാക്കിയിട്ടുണ്ട്. അമ്പലപ്പുഴയിൽ തിരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന സുധാകരൻ പ്രവർത്തനത്തിൽ വീഴ്ച വരുത്തിയെന്ന ആരോപണം അന്വേഷിക്കാൻ സിപിഎം സംസ്ഥാന സമിതി കമ്മിഷനെ വച്ച സാഹചര്യത്തിൽ കഥ ഏറെ പ്രസക്തമാവുകയാണെന്ന് മനോരമ വിശദീകരിക്കുന്നു.

കഥയിൽ ഒരിടത്ത് സഖാവ് അയാളോടു പറയുന്നത് ഇങ്ങനെ: ''ഞാൻ എല്ലാം കാണുന്നുണ്ടായിരുന്നു. തനിക്കെതിരായി പോസ്റ്ററുകൾ പതിക്കുന്നത്, ഫ്‌ളെക്‌സുകൾ ഉയർത്തുന്നത്, ഗൂഢമായി സംഘം ചേർന്ന് തന്നെ തകർക്കാൻ പുതിയ പുതിയ ആരോപണങ്ങൾ മെനയുന്നത്, എല്ലാം...'' കഥയിലെ സഖാവ് സുധാകരന്റെ ഛായയുള്ള അയാളോട് ഒരവസരത്തിൽ പറയുന്നു: ''തന്റെ സ്ഥൈര്യം, പ്രസ്ഥാനത്തോടുള്ള കൂറ്, പാവങ്ങളോടുള്ള സ്‌നേഹവായ്പ്, അഴിമതിയോടുള്ള സന്ധിയില്ലാത്ത സമരം, പിന്നെ, തന്റെ എഴുത്തും വായനയും.. എല്ലാം ഞാൻ ഏറെ ഇഷ്ടപ്പെട്ടു. ഈ നാട് തന്റെ കൈകളിൽ ഭദ്രമായിരിക്കുമെന്നും ഞാൻ വിശ്വസിച്ചു. ആ വിശ്വാസം ഇപ്പോഴുമുണ്ട്. എന്നാലും താൻ തളരരുതായിരുന്നു''-മനോരമ പറയുന്നു.

സ്വന്തം അനുഭവം വിവരിച്ചാണ് സഖാവ് അയാളെ സാന്ത്വനിപ്പിക്കുന്നത്: ''എന്റെ നെറ്റിയിലെ ഈ വലിയ മുഴ താൻ കാണുന്നുണ്ടല്ലോ, രണ്ടു കൊല്ലങ്ങൾക്കു മുൻപ് ഈ അമ്പലപ്പുഴയിൽ വച്ച് എന്റെ സ്വന്തം അണികൾ എനിക്കു സമ്മാനിച്ചതാണത്. ഒരു ചുറ്റിക കൊണ്ട് തലയുടെ പിറകിലും അടിച്ചു. ഏറ്റവും വലിയ തമാശ ഇതൊക്കെ സംഭവിച്ചത് എന്റെ പേരിലുള്ള ഓഫിസ് കെട്ടിടത്തിന്റെ മുറ്റത്തു വച്ചാണ്; എടോ, താനൊന്നു മനസ്സിലാക്കണം എന്നിട്ടും എനിക്ക് അവരോട് ദേഷ്യമോ പകയോ ഒന്നുമുണ്ടായില്ല. ഇതിലും വലിയ അപരാധമൊന്നുമല്ലല്ലോ ഇക്കൂട്ടർ ഇപ്പോൾ തന്നോടു ചെയ്തിട്ടുള്ളത്? ഇവരൊക്കെ വെറും പാവങ്ങളാണെടോ. ഏതൊക്കെയോ ഭാഗ്യാന്വേഷികളുടെ കയ്യിലെ പാവകൾ. സത്യം എല്ലാവർക്കും മനസ്സിലാകുന്ന ഒരു ദിവസം വരും.'' പി.കൃഷ്ണപിള്ള സ്മാരകം തീയിട്ടു നശിപ്പിച്ച പശ്ചാത്തലത്തിലാണ് ഇതു പറയുന്നത്.

അതിനിടെ പാർട്ടി അന്വേഷണവുമായി സുധാകരൻ സഹകരിക്കുമെന്ന് സുധാകര അനുകൂലികളും പറയുന്നു. പറയാനുള്ളത് അന്വേഷണ കമ്മിഷനോടു തുറന്നുപറയുക, എന്നാൽ പാർട്ടി അച്ചടക്കം കർശനമായി പാലിക്കുക എന്ന നിലപാടാകും അദ്ദേഹം തുടർന്നും സ്വീകരിക്കുകയെന്ന് അടുപ്പമുള്ളവർ സൂചിപ്പിച്ചു. പരസ്യ പ്രതികരണത്തിലൂടെയും മറ്റും സ്വയം ദുർബലനാകാതെ ശ്രദ്ധിക്കുന്നുമുണ്ട്. ഈ നിലപാടിലൂടെ പാർട്ടിയിലും പുറത്തും പിന്തുണ വർധിക്കുന്നുണ്ടെന്നാണു വിലയിരുത്തൽ.