ന്യൂഡൽഹി: ഒരു രൂപയ്ക്ക് ഉച്ചഭക്ഷണ പദ്ധതിയുമായി ബിജെപി എംപിയും മുൻ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീർ. ഇതിനായി ജനകീയ അടുക്കള (ജൻ രസോയി) തുടങ്ങുമെന്ന് ഗംഭീർ അറിയിച്ചു. തന്റെ പാർലമെന്റ് മണ്ഡലമായ ഈസ്റ്റ് ഡൽഹിയിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഇത്തരം കാന്റീനുകൾ ആരംഭിക്കും. ആദ്യ ജൻ രസോയി കാന്റീനിന്റെ ഉദ്ഘാടനം നാളെ ഗാന്ധി നഗറിൽ ഗംഭീർ നിർവഹിക്കും. ചോറ്, പരിപ്പു കറി, പച്ചക്കറി എന്നിവയാണ് ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുകയെന്നും ഗംഭീറിന്റെ ഓഫീസ് അറിയിച്ചു.

ഈസ്റ്റ് ഡൽഹിയിലെ എല്ലാ നിയമസഭാ മണ്ഡലത്തിലും ഓരോ കാന്റീൻ തുടങ്ങാനാണ് ഇപ്പോൾ ആലോചിക്കുന്നത്. ഡൽഹിയിലെ പ്രമുഖ തുണി വ്യാപാര കേന്ദ്രമായ ഗാന്ധി നഗറിലെ കാന്റീൻ അത്യാധുനിക നിലവാരത്തിൽ ഉള്ളതായിരിക്കും. ഒരേ സമയം നൂറു പേർക്കാണ് ഇവിടെ ഭക്ഷണം കഴിക്കാനാവുക. കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ ഇപ്പോൾ 50 പേരെയാണ് പ്രവേശിപ്പിക്കുക. അശോക് നഗറിലെ കാന്റീൻ റിപ്പബ്ലിക് ദിനത്തിൽ ഉദ്ഘാടനം ചെയ്യും.

എല്ലാവർക്കും ആരോഗ്യകരവും ശുചിയായതുമായ ഭക്ഷണത്തിന് അവകാശമുണ്ടെന്ന് ഗംഭീർ പറഞ്ഞു. ജാതി, മത, സാമ്പത്തിക പരിഗണനകൾ ഇല്ലാതെ എല്ലാവർക്കും നല്ല ഭക്ഷണം ലഭിക്കണം. വീടില്ലാത്തവർക്കും പാവപ്പെട്ടവർക്കും ദിവസം രണ്ടു നേരം പോലും ഭക്ഷണം ലഭിക്കുന്നില്ലെന്നത് ദുഃഖകരമാണെന്ന് ഗംഭീർ പറഞ്ഞു. ഗൗതം ഗംഭീർ ഫൗണ്ടേഷനിൽനിന്നും ഗംഭീറിൽനിന്നുള്ള വ്യക്തിപരമായ സഹായങ്ങൾ കൊണ്ടുമാണ് കാന്റീൻ പ്രവർത്തിക്കുക. ഇതിനു സർക്കാർ സഹായം ഇല്ലെന്ന അറിയിപ്പിൽ പറയുന്നു.

നേരത്തേ, തലസ്​ഥാന നഗരിയിലെ ലൈംഗിക തൊഴിലാളികളുടെ പെൺകുട്ടികളുടെ സംരക്ഷണം ഏറ്റെടുത്തും ഗൗതം ഗംഭീർ വാർത്തകളിൽ നിറഞ്ഞിരുന്നു. 'പാങ്ക്​' എന്ന്​ പേരിട്ട പുതിയ ​സംരംഭത്തി​െൻറ ഭാഗമായി പ്രായപൂർത്തിയാകാത്ത 25 പെൺകുട്ടികളെയാണ് ഏറ്റെടുക്കുന്നതെന്ന്​ ഗംഭീർ അറിയിച്ചത്. ഡൽഹിയിലെ ജി.ബി റോഡിലെ ലൈംഗിക തൊഴിലാളികളുടെ കുട്ടികൾക്കാണ്​ താരത്തി​ന്റെ കരുതൽ.

'സമൂഹത്തിലെ എല്ലാവർക്കും മാന്യമായി ജീവിക്കാനുള്ള അവകാശമുണ്ട്​. ഈ കുട്ടികൾക്ക് തങ്ങളുടെ സ്വപ്​നങ്ങൾ നേടിയെടുക്കാനും കൂടുതൽ അവസരമൊരുക്കണം. അവർക്ക്​ ദൈനംദിന കാര്യങ്ങൾക്കും വിദ്യാഭ്യാസത്തിനും ആ​േരാഗ്യത്തിനും ആവശ്യമായ ചെലവുകൾ വഹിക്കും'- ഗംഭീർ പറഞ്ഞു. വിവിധ സർക്കാർ സ്​കൂളുകളിലായി പഠിക്കുന്ന 10 പെൺകുട്ടികളെ ഇതുവരെ തെരഞ്ഞെടുത്തതായി അദ്ദേഹം പറഞ്ഞു.