കൊല്ലം: കെഎസ്ആർടിസി ബിവറേജസ് കോർപ്പറേഷന് കെട്ടിടം വാടകയ്ക്കു കൊടുക്കാൻ തീരുമാനിച്ച വിഷയത്തിൽ പ്രതികരണവുമായി കെ.ബി.ഗണേശ് കുമാർ എംഎൽഎ. മൊബൈൽ ഫോൺ ടവറിനെതിരെ സമരം ചെയ്യുന്നത് പോലെയുള്ള പിന്തിരിപ്പൻ സമീപനമാണ് ഇതിന് പിന്നിലെന്ന് ഗണേശ് കുമാർ വിമർശിച്ചു. കൊട്ടാരക്കരയിലെ മാതൃക ചൂണ്ടിക്കാട്ടിയാണ് ഗണേശ് കുമാറിന്റെ മറുപടി.

കൊട്ടാരക്കര സ്വകാര്യ ബസ് സ്റ്റാൻഡിനകത്താണ് ബിവേറജസ് ഷോപ്പ് പ്രവർത്തിക്കുന്നത്. വിമാനത്തവളത്തിലെല്ലാം മദ്യ ഷാപ്പുകളുണ്ട്. കെഎസ്ആർടിസിയുടെ കെട്ടിടത്തിൽ മദ്യ ഷാപ്പുകൾ വന്നാൽ അതിന്റെ വാടക കെഎസ്ആർടിസിക്ക് കിട്ടും. സ്വകാര്യ വ്യക്തികൾക്ക് കിട്ടുന്നതിൽ ആർക്കും പ്രശ്നവുമില്ല. കൊട്ടാരക്കരയിൽ ആർക്കും ഒന്നും സംഭവിച്ചില്ല.

എന്തിനേയും എതിർക്കുന്ന ചില ആളുകളുണ്ട്. കൊച്ചി അന്താരാഷ്ട്ര വിമാനാത്തവളത്തിൽ ബാറുണ്ട്. ഗൾഫ് രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലും റെസ്റ്റോറന്റുകളിലുമൊക്കെ മദ്യഷാപ്പുകളുണ്ട്. അതുകൊണ്ട് അവിടെയുള്ള ആളുകളെല്ലാം കള്ളും കുടിച്ച് തലകുത്തി കിടക്കുകയല്ല. മാന്യമായിട്ട് പോകുന്നുണ്ട്. അവരാരും മദ്യപിച്ച് വാഹനമോടിക്കുന്നില്ല. സത്രീകളെ ഉപദ്രവിക്കുന്നില്ല. അധിക്ഷേപിക്കുകയോ കമന്റടിക്കുകയോ ചെയ്യുന്നില്ല. ചില കള്ളുകുടിയന്മാർക്ക് ഒരു അസുഖം വരുന്നതല്ലാതെ അത് സാധനത്തിന്റെ കുഴപ്പമല്ലെന്നും ഗണേശ് കുമാർ പറഞ്ഞു.

കെഎസ്ആർടിസിക്ക് പത്ത് കാശ് എവിടെ നിന്നെങ്കിലും കിട്ടിയാൽ ഈ ഗ്രാമങ്ങളിലൂടെ അതൊന്ന് ഓടിക്കിട്ടും. മൊബൈൽ ഫോൺ ടവർ വെക്കുന്നതിനെ എതിർക്കുന്നത് പോലെയാണ് ഇതിനേയും എതിർക്കുന്നത്. മൊബൈൽ ഫോൺ ടവറുകൾക്കെതിരെ സമരം ചെയ്തവർ ഇപ്പോൾ പറയുന്നത് തന്റെ കുട്ടികൾക്ക് പഠിക്കാൻ നെറ്റ് കിട്ടുന്നില്ലെന്ന് പറഞ്ഞു നടക്കുന്നുണ്ട് പലഭാഗത്തും. നാട്ടിലെ മാറ്റങ്ങൾ നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്. പിന്തിരപ്പൻ സമീപനമൊന്നും ശരിയല്ലെന്നും ഗണേശ് കുമാർ വ്യക്തമാക്കി.

ഓടാൻ പോലും നിവൃത്തിയില്ലാതെ കിടക്കുകയാണ് കെഎസ്ആർടിസി. ടിക്കറ്റ് വരുമാനമല്ലാതെ മറ്റൊരു വരുമാനം കണ്ടെത്താൻ മാനേജിങ് ഡയറക്ടർ ശ്രമിക്കുമ്പോൾ അതിനെ അധിക്ഷേപിക്കുന്നത് ശരിയല്ലെന്നും ഗണേശ് കുമാർ കൂട്ടിച്ചേർത്തു.