തിരുവനന്തപുരം: ഫ്ളാറ്റിന് മുകളിലൂടെ 220 കെ വി ഹൈടെൻഷൻ ലൈൻ വരുന്ന വിവരം മറച്ചുവച്ച് ജനങ്ങളിൽ നിന്ന് പണം സ്വരൂപിച്ച് ഫ്ളാറ്റ് നിർമ്മിച്ച് ഒടുവിൽ ഉടമ വഞ്ചിച്ചതായി പരാതി. 34 ഓളം കുടുംബങ്ങളാണ് ശ്രീകാര്യം ആസ്ഥനമായി പ്രവർത്തിക്കുന്ന ഗംഗ ഡവലപ്പേർസിനെതിരെ പരാതിയുമായി രംഗത്ത് വന്നിട്ടുള്ളത്.കോർപ്പേറഷനും കെഎസ്ഇബിയും എസ്‌ബിഐ അടക്കമുള്ള ബാങ്കും ഈ ബിൽഡേഴ്സിന് അനുകൂലമായി പ്രവർത്തിച്ചതായും കുടുംബങ്ങൾ ആരോപിക്കുന്നു.സംഭവത്തിൽ പൊലീസിൽ പരാതി നൽകിയെങ്കിലും കാര്യമായി നടപടിയൊന്നുമുണ്ടായില്ലെന്നും ഇവർ ആരോപിക്കുന്നു.ഒടുവിലാണ് കേരള റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അഥോറിറ്റിയിൽ ഇവർ പരാതിയുമായി എത്തിയത്. കേസിൽ ഡവലപ്പേഴ്സ് ഉടമ ഹാജരാകാത്തതിനെ തുടർന്ന് ഗുണഭോക്താക്കൾക്ക് അനുകൂലമായി എക്സ്പാർട്ടി വിധി അഥോറിറ്റിയുടെ ഭാഗത്ത് നിന്നും ഉണ്ടായെങ്കിലും തന്റെ സ്വത്തുവകകൾ മുഴുവൻ മറ്റൊരാളിലേക്ക് മാറ്റി ഉടമ പാപ്പരെന്ന് കാണിച്ച് തടിയൂരുകയായിരുന്നു. ഭീമമായ നഷ്ടം വന്ന ഗുണഭോക്താക്കൾ ഇപ്പോൾ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ്.

സംഭവത്തെക്കുറിച്ച് ഗുണഭോക്താക്കൾ പറയുന്നത് ഇങ്ങനെ.. 2014- 15 കാലഘട്ടത്തിലാണ് പോത്തൻകോട് വട്ടക്കേരിക്കകം പ്രദേശത്ത് ഫ്ളാറ്റിന്റെ നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുന്നത്. മലയാളത്തിലെ പ്രമുഖ മാധ്യമങ്ങളിലുൾപ്പടെ വന്ന പരസ്യം കണ്ടാണ് പലരും ഫ്ളാറ്റിന് അഡ്വാൻസ് നൽകുന്നത്.23 ലക്ഷം രൂപവരെയാണ് ഫ്ളാറ്റിന് എഗ്രിമെന്റാക്കിയത്.നിർമ്മാണ പുരോഗതിക്കനുസരിച്ച് ഗുണഭോക്താക്കളിൽ നിന്ന് തുക ഈടാക്കുന്നതിനൊപ്പം നിർദ്ദേശങ്ങൾ നൽകിയ ഗുണഭോക്താക്കളിൽ നിന്ന് ആ മാറ്റത്തിനായുള്ള കാശും ഉടമയായ സുരേഷ് കൈക്കലാക്കിയത്രെ.ഇത്തരത്തിൽ എഗ്രിമെന്റിൽ പറഞ്ഞ 23 ലക്ഷത്തിൽ അധികം തുക കൊടുത്തവർ വരെ ഉണ്ട്. ഇത്തരത്തിൽ 34 പേരിൽ നിന്നും കോടികളാണ് സുരേഷ് കൈക്കലാക്കിയത് എന്ന് ഇവർ പറയുന്നു. ആദ്യഘട്ടത്തിൽ നല്ല രീതിയിൽ പുരോഗമിച്ച പ്രവൃത്തിയിൽ ഇടക്ക് വന്ന കാലതാമസാണ് ഗുണഭോക്താക്കളിൽ സംശയം ഉളവാക്കിയത്. അപ്പോഴേക്കും പ്രദേശത്ത് കൂടി ഹൈടെൻഷൻ ലൈനിന്റെ നിർമ്മാണ പ്രവൃത്തി തുടങ്ങിയിരുന്നു. ഇപ്പോൾ ലൈനിന്റെ പ്രവൃത്തി പൂർത്തിയാകുകയും ചാർജ്ജ് ചെയ്യുകയും ചെയ്തു. ഇതോടെ ഈ ഫ്ളാറ്റ് മുഴുവൻ താമസയോഗ്യമല്ലാതുമായി. 2018 ഓടുകുടീ പ്രവർത്തി പൂർത്തിയാകുമെന്ന് പറഞ്ഞ ഫ്ളാറ്റിന്റെ നിർമ്മാണം ഇതുവരെയും പൂർത്തിയായിട്ടുമില്ല.

തങ്ങൾക്ക് പറ്റിയ ചതിയെപ്പറ്റി അന്വേഷിച്ചപ്പോഴാണ് ഇതിന് പിന്നിലെ വൻ കെണികൾ ഉപഭോക്താക്കൾക്ക് മനസ്സിലായത്. പ്രദേശത്ത് കൂടി വൈദ്യുതിലൈൻ വരുമെന്ന് 2009 ൽ തന്നെ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു.ഈ വിവരം അറിഞ്ഞുകൊണ്ടുതന്നെയാണ് ശ്രീകാര്യം സബ് ഡിവിഷൻ ഗംഗ ഡവലപ്പേർസിന് അനുമതി നൽകിയത്. എന്നാൽ ഗുണഭോക്താക്കൾ വിവരാവകാശ നിയമപ്രകാരം അന്വേഷിച്ചപ്പോൾ ലഭിച്ച മറുപടി ഇത്തരത്തിൽ വൈദ്യുതലൈൻ പ്രദേശത്ത് സ്ഥാപിക്കാൻ പോകുന്ന കാര്യം തങ്ങൾ അറിഞ്ഞില്ല എന്നാണ്. ഗവ ഗസറ്റിൽ പ്രസിദ്ധീകരിച്ച കാര്യം അധികൃതർ അറിഞ്ഞില്ല എന്ന കാര്യം എങ്ങിനെ വിശ്വാസയോഗ്യമാകും എന്നാണ് ഗുണഭോക്താക്കൾ ചോദിക്കുന്നത്. ആ വാദം അംഗീകരിക്കാമെന്നിരിക്കെ ഹൈടെൻഷൻ ലൈൻ വന്നതിന് ശേഷവും ഫ്ളാറ്റിന്റെ നിർമ്മാണ പെർമിറ്റ്് പുതുക്കി നൽകിയതെങ്ങിനെ എന്നും ഇവർ ചോദിക്കുന്നു.

മറ്റൊരു ഒത്തുകളി ഗുണഭോക്താക്കൾ ആരോപിക്കുന്നത് ബാങ്കിന്റെ പേരിലാണ്.എസ് ബി ഐ ഉൾപ്പടെയുള്ള ദേശസാൽകൃത ബാങ്കുകളിൽ കൃത്യമായ ഇടപെടൽ നടത്തി അവിടുന്നും ക്ലിയറൻസ് ഉടമകൾ നേടിയെടുത്തു. ഇതനുസരിച്ചാണ് ഫ്ളാറ്റിന് ലോൺ അപേക്ഷിക്കുമ്പോൾ എളുപ്പത്തിൽ അനുവദിച്ചു നൽകുന്നത്. ഈ ബാങ്കുകളിൽ ഒക്കെത്തന്നെയും ഗംഗ ഡവലപ്പേഴ്സിന്റെ പ്രൊജക്ടുകൾ അംഗീകരിച്ചതുമാണ്. എന്നാൽ ഇപ്പോൾ തട്ടിപ്പ് പുറത്ത് വന്നപ്പോൾ ബാങ്കുൾപ്പടെ ലോൺ തിരിച്ചടവുമായി ബന്ധപ്പെട്ട് തങ്ങളെ പീഡിപ്പിക്കുകയാണെന്നും കുടുംബങ്ങൾ പറയുന്നു. കെ എസ് ഇബിയും ഉടമകൾക്ക് കൂട്ടുനിന്നതായി ഇവർ ചൂണ്ടിക്കാട്ടുന്നു. നിർമ്മാണ പ്രവൃത്തിക്കുള്ള വൈദ്യുത കണക്ഷൻ അനുവദിക്കുമ്പോൾ തന്നെ പ്രദേശത്ത് ഇത്തരമൊരു പദ്ധതി നടപ്പാകുന്ന കാര്യം വൈദ്യുതി ബോർഡിന് അറിയാമായിരുന്നു. എന്നിട്ടും ഈ വഞ്ചനയ്ക്ക് കൂട്ടുനിന്നെന്നാണ് കുടുബംങ്ങൾ പറയുന്നത്.

സംഭവം ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി നൽകിയെങ്കിലും ഉടമ സുരേഷിനെതിരെ കാര്യമായ നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നും ഇവർ ആരോപിക്കുന്നു. ഒടുവിലാണ് ഫ്ളാറ്റുൾപ്പടെയുള്ള നിർമ്മാണ പ്രവൃത്തികൾ രജിസ്റ്റർ ചെയ്യേണ്ട കേരള റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അഥോറിറ്റിയെ ഇവർ സമീപിക്കുന്നത്.ഉടമകൾ പദ്ധതി ആരംഭിച്ച് അഞ്ചുവർഷമായിട്ടും ഇവിടെ രജിസ്റ്റർ ചെയ്തിട്ടില്ല.ഈ ഒരു വസ്തുത മുൻനിർത്തിക്കൊണ്ട് തന്നെ ഗുണഭോക്താക്കളുടെ പരാതിയിൽ കഴമ്പുണ്ടെന്ന് തിരിച്ചറിഞ്ഞ റേറ സുരേഷിനെതിരെ കേസ് ഫയൽ ചെയ്തു. എന്നാൽ ഒരു ഹിയറിങ്ങിനും ഇയാൾ ഹാജരാകാത്തതിനാൽ ഇയാൾക്കെതിരെ എക്സ്പാർട്ടി കേസ് ഫയൽ ചെയ്യുകയും ഗുണഭോക്താവിന് നഷ്ടപരിഹാരം നൽകാൻ ഉത്തരവാകുകയും ചെയ്തു.എന്നാൽ ഇ സമയത്ത് ഉടമ സുരേഷ് തന്റെ സ്വത്ത് വകകൾ എല്ലാം തന്നെ മറ്റൊരാളുടെ പേരിലേക്ക് മാറ്റി പാപ്പരായി പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ നഷ്ടപരിഹാരത്തിനുള്ള ഈ വഴിയും ഇവർക്ക് അടഞ്ഞിരിക്കുകയാണ്

അതേസമയം ഗുണഭോക്താക്കൾ എന്ന പേരിൽ സുരേഷിന്റെ സുഹൃത്തുക്കളെ പ്രവൃത്തി പൂർത്തിയാകാത്ത ഫ്ളാറ്റിൽ കൊണ്ടുനിർത്തി ക്ലിയറൻസ് സർട്ടിഫിക്കറ്റ് നേടിയെടുക്കാൻ ഇയാൾ ശ്രമം നടത്തുന്നതായും കുടുംബങ്ങൾ പറുയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കെഎസ്ഇബി അനുമതി നൽകിയാൽത്തന്നെ കൃത്യമായ നിബന്ധനകളും വെക്കുന്നുണ്ട്. അവ ഇങ്ങനെയാണ് ലൈൻ പൊട്ടിവീഴുക ഉൾപ്പടെ നടന്ന് ഫ്ളാറ്റിലെ കുടുംബങ്ങൾക്ക് അത്യാഹിതം സംഭവിച്ചാൽ വകുപ്പ് ഉത്തരവാദികൾ ആയിരിക്കില്ല. മറ്റൊന്നു ഇത്തരം അപകടങ്ങളിൽ ഇൻഷൂറൻസ് ഉ്ൾപ്പടെയുള്ള ഒരു ആനൂകൂല്യവും ഇവർക്ക് ലഭിക്കുകയുമില്ല.

ഈ രണ്ടു വ്യവസ്ഥകൾ സമ്മതമാണെങ്കിൽ മാത്രമെ ക്ലിയറൻസ് ലഭിക്കു. ഗുണഭോക്താക്കളുടെ ജീവിതം വച്ചാണ് ഉടമ പന്താടുന്നതെന്നും ഭീമമായ നഷ്ടം വന്ന തങ്ങൾക്ക് നീതി ലഭ്യമാക്കാൻ അടിയന്തര ഇടപെടൽ വേണമെന്നുമാണ് കുടുംബങ്ങൽ ആവശ്യപ്പെടുന്നത്.