കൊൽക്കത്ത: തന്റെ പഴയ മാനേജിങ് കമ്പനിയായ പെർസപ്റ്റ് ടാലന്റ് മാനേജ്‌മെന്റ് ലിമിറ്റഡ് ആൻഡ് പെർസപ്റ്റ് ഡി മാർക്ക് (ഇന്ത്യ) ലിമിറ്റഡിൽ നിന്നും ലഭിക്കേണ്ട 35 കോടി രൂപ കിട്ടുന്നതിനു വേണ്ടി മുൻ ഇന്ത്യൻ ക്യാപ്ടനും ബി സി സി ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി ബോംബെ ഹൈക്കോടതിയെ സമീപിച്ചു. കമ്പനിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കണമെന്നും അവരുടെ പേരിലുള്ള സ്വത്തുക്കൾ കൈമാറ്റം ചെയ്യുന്നത് വിലക്കണമെന്നും ഹർജിയിൽ ഗാംഗുലി ആവശ്യപ്പെട്ടിട്ടുണ്ട്.

കമ്പനി ഉടമസ്ഥരുടെ പേരിലുള്ള സ്വത്തു വകകൾ ഇതിനോടകം തന്നെ അവരുടെ സുഹൃത്തുക്കളുടെ പേരിലേക്ക് മാറ്റാൻ ശ്രമം നടത്തുന്നുണ്ടെന്ന് ഹർജിയിൽ പറയുന്നു.ഗാംഗുലിയുടെ കരിയർ മാനേജ് ചെയ്യാം എന്ന വ്യവസ്ഥയിൽ താരവും കമ്പനിയുമായി കരാറിൽ ഏർപ്പെട്ടിരുന്നു. എന്നാൽ പിൽക്കാലത്ത് ഉണ്ടായ ചില അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് കമ്പനി ഏകപക്ഷീയമായി കരാർ റദ്ദാക്കുകയായിരുന്നുവെന്ന് ഗാംഗുലിയുടെ അഭിഭാഷകർ പറഞ്ഞു.

തുടർന്ന് ഒരു മദ്ധ്യസ്ഥ കോടതിയുടെ മുമ്പാകെ വച്ച് കമ്പനി അധികൃതർ 14.49 കോടി രൂപയും പലിശയും ഗാംഗുലിക്ക് നൽകണമെന്ന തീരുമാനം ഉണ്ടായി. ഈ തുക ഇപ്പോൾ പലിശയുൾപ്പെടെ 35 കോടിയോളം വരും. ഇത് ലഭിക്കുന്നതിനു വേണ്ടിയാണ് ഗാംഗുലി ഇപ്പോൾ കോടതിയെ സമീപിച്ചിരിക്കുന്നത്.