മുംബൈ: ട്വന്റി ട്വന്റി നായകസ്ഥാനം ഒഴിയരുതെന്ന് വിരാട് കോലിയോട് ബിസിസിഐ ആവശ്യപ്പെട്ടിരുന്നുവെന്ന സൗരവ് ഗാംഗുലിയുടെ വാദം ശരിയോ? ടീമിന്റെ ചീഫ് സെലക്ടർ കൂടിയായ ചേതൻ ശർമ്മയുടെ വാക്കുകളും വിരൽ ചൂണ്ടുന്നത് കോലിയുടെ കള്ളം പറച്ചിലാണ്. താനുൾപ്പെടെയുള്ള എല്ലാ സെലക്ടർമാരും 2020 നായക സ്ഥാനത്ത് നിന്ന് മാറരുതെന്ന് ആവശ്യപ്പെട്ടുവെന്നാണ് ചേതൻ ശർമ്മയുടെ വെളിപ്പെടുത്തൽ. ഇതോടെ ഗാംഗുലി പറഞ്ഞത് ശരിയാണെന്ന് തെളിയുകാണ്. ബാറ്റിങ് ഫോം മോശമായി തുടർന്നാൽ കോലിയെ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നായക സ്ഥാനത്തു നിന്നും മാറ്റും. അതുകൊണ്ട് തന്നെ ദക്ഷിണാഫ്രിക്കയിലെ ഓരോ മത്സരവും നിർണ്ണായകമാണ്.

ഇനി രണ്ട് ടെസ്റ്റുകളാണ് ദക്ഷിണാഫ്രിക്കയിലുള്ളത്. രണ്ട് വർഷത്തിനിടെ കേലിക്ക് ഒരു ടെസ്റ്റ് സെഞ്ച്വറി പോലുമില്ല. ദക്ഷിണാഫ്രിക്കയിലെ ആദ്യ ടെസ്റ്റിലും പരാജയമായി. ഈ സാഹചര്യത്തിൽ ടീമിൽ തന്നെ കോലിയുടെ സ്ഥാനം പ്രതിസന്ധിയിലാണ്. രവിശാസ്ത്രി മാറി പരിശീലകനായി രാഹുൽ ദ്രാവിഡ് എത്തിയതും കോലിക്ക് വിനയാണ്. ദ്രാവിഡിനും താൽപ്പര്യം രോഹിത് ശർമ്മയേയും കെ എൽ രാഹുലിനേയുമാണ്. ഏകദിനത്തിൽ ക്യാപ്ടനായി രാഹുൽ എത്തുന്നത് വ്യക്തമായ സൂചന കൂടിയാണ്. പരിക്കുള്ള രോഹിത് ശർമ്മ കളിക്കില്ലെന്ന് വ്യക്തമായതോടെയാണ് കഴിഞ്ഞ ദിവസം പുതിയ ക്യാപ്ടനെ പ്രഖ്യാപിച്ചത്.

സാധാരണ പത്രക്കുറിപ്പിലൂടെയാണ് കുറച്ചു കാലമായി ടീം പ്രഖ്യാപനം നടക്കാറുള്ളത്. ഇന്നലെ ആ പതിവ് മാറി ചേതൻ ശർമ്മ വാർത്താ സമ്മേളനം നടത്തിയത്. ഇതിനിടെയാണ് ട്വന്റി ട്വന്റി ക്രിക്കറ്റിൽ കോലിയോട് ക്യാപ്ടൻ സ്ഥാനം ഒഴിയരുതെന്ന് താനും ആവശ്യപ്പെട്ടിരുന്നുവെന്ന് ചേതൻ ശർമ്മ വിശദീകരിച്ചു. എല്ലാ സെലക്ടർമാരും ഇത് പറഞ്ഞുവെന്നും വിശദീകരിച്ചു. ടി 20 നായകസ്ഥാനം ഒഴിയരുതെന്ന് ആരും തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്ന കോ്‌ലിയുടെ വാക്കുകളെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് ശർമ്മ ഇക്കാര്യം പറഞ്ഞത്.

''കോലിയുടെ തീരുമാനവുമായി ബന്ധപ്പെട്ട് യോഗം (സെപ്റ്റംബറിൽ) ചേർന്നപ്പോൾ എല്ലാവർക്കും അതൊരു അത്ഭുതമായിരുന്നു. യോഗത്തിൽ പങ്കെടുത്തവരെല്ലാം വിരാടിനോട് തീരുമാനത്തെക്കുറിച്ച് ഒന്നുകൂടി ആലോചിക്കാൻ ആവശ്യപ്പെട്ടു. കോലിയുടെ തീരുമാനം (ടീമിനെ) ലോകകപ്പിനെ ബാധിക്കുമെന്ന് ഞങ്ങൾക്ക് ആ സമയത്ത് തോന്നി, ഇന്ത്യൻ ക്രിക്കറ്റിന് വേണ്ടി 'ദയവായി ക്യാപ്റ്റനായി തുടരൂ' എന്ന് വിരാടിനോട് പറഞ്ഞു. എല്ലാവരും കോലിയോട് ഇതേ കാര്യം പറഞ്ഞതാണ്. കൺവീനർ ഉണ്ടായിരുന്നു. ബോർഡ് ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു. പക്ഷേ കോലി തന്റെ തീരുമാനത്തിൽ ഉറച്ചുനിന്നു, ഞങ്ങൾ അതിനെ മാനിച്ചു,'' ശർമ്മ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ടി20 ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നത് ഏകദിന ക്യാപ്റ്റൻസിയും നഷ്ടമാകുമെന്ന് സെലക്ടർമാർ കോലിയോട് പറഞ്ഞിരുന്നോ എന്ന ചോദ്യത്തിന് വൈറ്റ്-ബോൾ ഫോർമാറ്റിൽ ഒരു ക്യാപ്റ്റൻ മാത്രം മതിയെന്ന് വിരാടിനോട് പറയാനുള്ള ശരിയായ സമയമായിരുന്നില്ല (ടി20 ലോകകപ്പിനുള്ള സെലക്ഷൻ മീറ്റിങ്) അതെന്നായിരുന്നു ശർമ്മയുടെ മറുപടി. ''ഞങ്ങൾ ലോകകപ്പിന് പോവുകയാണ്. ''ടി 20 നായകസ്ഥാനം ഒഴിഞ്ഞാൽ ഏകദിന ക്യാപ്റ്റൻസിയും നഷ്ടമാകുമെന്ന് കോ്‌ലിയോട് പറയാനുള്ള സമയമായിരുന്നില്ല അത്. എല്ലാവരും (സെലക്ടർമാരും ബിസിസിഐ ഉദ്യോഗസ്ഥരും) ലോകകപ്പിനുശേഷം കോലിയുടെ തീരുമാനം മാറ്റണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടു.''

രണ്ടു ക്യാപ്റ്റന്മാർ വേണ്ടെന്ന് സെലക്ഷൻ കമ്മിറ്റി തീരുമാനമെടുത്ത ഉടൻ ഞാൻ വിരാടിനെ വിളിച്ചു. അതൊരു ടെസ്റ്റ് സെലക്ഷൻ മീറ്റിങ്ങായിരുന്നു. അതിനുശേഷം ഉടൻ തന്നെ, 5 മണിക്ക് ഒരു വൈറ്റ്-ബോൾ ക്യാപ്റ്റനേ ഉണ്ടാകൂവെന്ന് ഞങ്ങൾ അദ്ദേഹത്തെ അറിയിച്ചു. ഒന്നുരണ്ടു ചോദ്യങ്ങൾ ഉണ്ടായിരുന്നു, ഞങ്ങൾ നല്ല സംഭാഷണം നടത്തി. സെലക്ഷൻ മീറ്റിങ് അദ്ദേഹത്തെ അറിയിക്കാൻ ഞങ്ങൾ ആഗ്രഹിച്ചില്ലെന്നും ശർമ്മ പറഞ്ഞു. ടി20 നായകസ്ഥാനം ഉപേക്ഷിക്കരുതെന്ന് ബിസിസിഐ പറഞ്ഞിട്ടില്ലെന്നാണ് വിരാട് കോലി വെളിപ്പെടുത്തിയത്. ദക്ഷിണാഫ്രിക്കൻ പര്യടനത്തിനായി ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയിലേക്ക് പുറപ്പെടും മുൻപ് നടത്തിയ വാർത്താസമ്മേളനത്തിലാണ് കോ്‌ലി ഇക്കാര്യം പറഞ്ഞത്. ഇതാണ് ചേതൻ ശർമ്മ നിരാകരിക്കുന്നത്.

ഇന്ത്യയുടെ ഓപ്പണറായ കെ.എൽ.രാഹുലിനെ പുകഴ്‌ത്തി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ചീഫ് സെലക്ടറായ ചേതൻ ശർമ രംഗത്തു വന്നിരുന്നു. രോഹിത് ശർമയ്ക്കും വിരാട് കോലിക്കും ശേഷം ഇന്ത്യയെ നയിക്കാൻ കെ.എൽ.രാഹുൽ യോഗ്യനാണെന്ന് ചേതൻ ശർമ പറഞ്ഞു. കോലിക്കും രോഹിതിനും ശേഷം ഇന്ത്യയെ നയിക്കേണ്ടത് രാഹുലാണെന്നും അതിനുവേണ്ട എല്ലാവിധ പരിശീലനവും നൽകുമെന്നും ചേതൻ ശർമ പറഞ്ഞു.

'ഇന്ത്യയുടെ ഭാവി നായകനായി രാഹുലിനെയാണ് പരിഗണിക്കുന്നത്. മൂന്ന് ഫോർമാറ്റിലും ഒരുപോലെ തിളങ്ങുന്ന താരമാണ് രാഹുൽ. അദ്ദേഹത്തിന് മികച്ച നേതൃത്വ പാടവമുണ്ട്. രോഹിതിനെപോലെ ഇന്ത്യയെ നയിക്കാൻ രാഹുലിന് സാധിക്കും. അതുകൊണ്ടാണ് രോഹിതിന് പരിക്ക് പറ്റിയപ്പോൾ രാഹുലിനെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയുടെ നായകനാക്കിയത്.'- ചേതൻ ശർമ പറഞ്ഞു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരയിൽ രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്. ജനുവരി 19 നാണ് ഏകദിന പരമ്പര ആരംഭിക്കുക. ജസ്പ്രീത് ബുംറയാണ് സഹനായകൻ. ഈ ടീമിൽ കോലിയേയും ഉൾപ്പെടുത്തിയിട്ടുണ്ട്.