മുംബൈ : ഇന്ത്യയിലെ പ്രാദേശിക എഴുത്തുകാരുടെ ദേശീയസംഗമത്തിന് മുംബൈ വീണ്ടും വേദിയാകുന്നു. എൽ.ഐ.സി.ഗേറ്റ് വേ ലിറ്റ്‌ഫെസ്റ്റ് എന്ന പേരിൽ രാജ്യത്തെ എഴുത്തുകാർ പങ്കെടുക്കുന്ന സാഹിത്യോത്സവം നടക്കുന്നു. മുംബൈ നഗരത്തിലെ മലയാള പ്രസിദ്ധീകരണമായ കൈരളിയുടെ കാക്ക, കമ്യൂണിക്കേഷൻ ഏജൻസിയായ പാഷൻ ഫോർ കമ്യൂണിക്കേഷൻ എന്നിവയുടെ ആഭിമുഖ്യത്തിലാണ് ദേശീയ സാഹിത്യോത്സവം നടക്കുന്നത്. ഫെബ്രുവരി 20, 21 തിയതികളിൽ നടക്കുന്ന ഗേറ്റ് വേ ലിറ്റ് ഫെസ്റ്റിന് എൻസിപിഎ ആണ് വേദി.

മലയാളം ഉൾപ്പെടെ 15 പ്രാദേശിക ഭാഷകളിലെ എഴുപതിലേറെ എഴുത്തുകാരനാണ് ഗേറ്റ് വേ ലിറ്റ് ഫെസ്റ്റിൽ അണിനിരക്കുക. ജ്ഞാനപീഠ ജേതാക്കളായ ഒറിയ എഴുത്തുകാരി പ്രതിഭാ റായ്, ഹിന്ദി കവി കേദാർനാഥ് സിങ്, ഒറിയ കവി സീതാകാന്ത് മഹാപാത്ര, മറാത്ത എഴുത്തുകാരൻ ബാലചന്ദ്ര നെമാഡെ, എന്നിവർ പങ്കെടുക്കും. സിനിമയിൽ യഥാർഥ ജീവിതകഥകൾക്കും കൽപ്പിത കഥകൾക്കുമുള്ള സ്വാധീനം, സാമൂഹിക മാദ്ധ്യമങ്ങൾ എഴുത്തുകാരിൽ ചെലുത്തുന്ന സ്വാധീനം, പ്രാദേശിക എഴുത്തുകാരികൾ നേരിടുന്ന പ്രതിസന്ധികൾ, 1960-നും 1990-നുമിടയിൽ മറാത്ത സാഹിത്യത്തിലുണ്ടായ മാറ്റങ്ങൽ, സമകാലിക മലയാള സാഹിത്യം നേരിടുന്ന പ്രശ്‌നങ്ങൾ, വിവർത്തനത്തിൽ നഷ്ടപ്പെടുന്ന തനിമ തുടങ്ങിയവയാണ് ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങൾ.

പ്രാദേശിക സാഹിത്യ പ്രേമികളുടെ പങ്കാളിത്തത്തോടെ ഗേറ്റ് വേ ലിറ്റ് ഫെസ്റ്റ് ജനകീയ പ്രസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ഫെസ്റ്റിവൽ ഡയറക്ടർ മോഹൻ കാക്കനാടൻ പറഞ്ഞു. അടൂർ ഗോപാലകൃഷ്ണനാണ് ഫെസ്റ്റിവൽ ഉപദേശക സമിതി അധ്യക്ഷൻ. സച്ചിദാനന്ദൻ, മറാത്ത എഴുത്തുകാരൻ ലക്ഷ്മൺ ഗെയ്ക്വാദ്, ബാങ്കിങ് വിദഗ്ധനും എഴുത്തുകാരനുമായ രവി സുബ്രഹ്മണ്യൻ, ഓസ്‌ക്കാർ ജേതാവ് റസൂൽ പൂക്കുട്ടി, ബോസ് കൃഷ്ണമാചാരി, ഉമാ ദാ കുൻഹ എന്നിവരാണ് സമിതി അംഗങ്ങൾ. കഴിഞ്ഞ വർഷമാണ് ഗേറ്റ് വേ ലിറ്റ് ഫെസ്റ്റിന് തുടക്കമിട്ടത്.