ന്യൂഡൽഹി: കോവിഡ് മരുന്നായ ഫാബിഫ്ളൂ അനധികൃതമായി സംഭരിച്ചുവെന്നും പൂഴ്‌ത്തിവെച്ചുവെന്നുമുള്ള പരാതിയിൽ ഗൗതം ഗംഭീർ ഫൗണ്ടേഷൻ കുറ്റക്കാരെന്ന് ഡൽഹി സർക്കാരിന്റെ ഡ്രഗ് കൺട്രോളർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു.

പരാതിയിൽ ബിജെപി. നേതാവ് ഗൗതംഗംഭീർ എംപിക്ക് ക്ലീൻ ചിറ്റ് നൽകിയ ഡ്രഗ് കൺട്രോളർക്കെതിരേ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ശരിയായ രീതിയിൽ അന്വേഷണം നടത്താത്ത ഡ്രഗ് കൺട്രോളറെ സസ്പെൻഡ് ചെയ്ത് പണി മറ്റാരെയെങ്കിലും ഏൽപ്പിക്കുമെന്നായിരുന്നു ജസ്റ്റിസ് വിപിൻ സംഘി അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പ് നൽകിയത്. ഇതിന് പിന്നാലെയാണ് നിലപാട് മാറ്റി ഡ്രഗ് കൺട്രോളർ രംഗത്തെത്തിയത്.

കേസിൽ ഫൗണ്ടേഷൻ, മരുന്ന് ഡീലർമാർ എന്നിവരടക്കുമുള്ളവർക്കെതിരേ കാലതാമസമില്ലാതെ നടപടി സ്വീകരിക്കുമെന്ന് ഡ്രഗ് കൺട്രോളർ ഹൈക്കോടതിയെ അറിയിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

ഡ്രഗ് ആൻഡ് കോസ്മെറ്റിക്സ് നിയമപ്രകാരം ആം ആദ്മി പാർട്ടിയുടെ എംഎ‍ൽഎ. പ്രവീൺ കുമാറും കുറ്റക്കാരനാണെന്നും അവർ കോടതിയെ അറിയിച്ചിട്ടുണ്ട്. പ്രവീൺ കുമാർ ഓക്സിജൻ വിതരണം ചെയ്തത് സംബന്ധിച്ചാണ് കേസ്. അതേസമയം, ആറ് ആഴ്ചയ്ക്കുള്ളിൽ കേസിലെ പുരോഗതി സംബന്ധിച്ച് അറിയിക്കണമെന്നും ജൂലൈ 29ന് കേസ് വിചാരണയ്ക്കായി ലിസ്റ്റ് ചെയ്യുമെന്നും കോടതി അറിയിച്ചു.

ഗംഭീർ മരുന്ന് സംഭരിച്ചതിനേക്കുറിച്ച് ഡ്രഗ് കൺട്രോളർ നൽകിയ റിപ്പോർട്ട് ചവറ്റുകുട്ടയിലിടണമെന്ന് പറഞ്ഞ കോടതി എങ്ങനെയാണ് ഗംഭീറിന് ഇത്രയധികം ഫാബിഫ്‌ളൂ മരുന്ന് സംഭരിക്കാൻ സാധിച്ചതെന്ന് ഡ്രഗ് കൺട്രോളർ പരിശോധിച്ചില്ലെന്നും പറഞ്ഞിരുന്നു. എന്നാൽ, ലൈസൻസുള്ള നിരവധി ഡീലർമാരിൽനിന്നാണ് മരുന്ന് സംഭരിച്ചതെന്നാണ് ഡ്രഗ് കൺട്രോളർക്ക് വേണ്ടി ഹാജരായ അഡീഷണൽ സ്റ്റാൻഡിങ് കോൺസെൽ നന്ദിതറാവു അറിയിച്ചത്.

മരുന്നിന് ഇത്രയും ക്ഷാമമുള്ളപ്പോഴാണ് ആയിരക്കണക്കിന് സ്ട്രിപ്പ് സംഭരിച്ചതെന്ന് കോടതി പറഞ്ഞിരുന്നു. കോടതിയെ കബളിപ്പിക്കാമെന്നു കരുതേണ്ട. മരുന്നിന് ക്ഷാമമില്ലെന്ന് പറയുന്ന ഡ്രഗ് കൺട്രോളർ കോടതിയുടെ കണ്ണടപ്പിക്കാനാണ് ശ്രമിക്കുന്നത്. അങ്ങനെ പറഞ്ഞ് രക്ഷപ്പെടാമെന്ന് നോക്കേണ്ടെന്നും കോടതി പറഞ്ഞിരുന്നു. തുടർന്ന് പുതിയ റിപ്പോർട്ട് നൽകാൻ ഡ്രഗ് കൺട്രോളർക്ക് അനുമതി നൽകിക്കൊണ്ടാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്.