ന്യൂഡൽഹി: ബിജെപി എംപിയും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിന് വീണ്ടും വധഭീഷണി. ഐഎസ്ഐഎസ് കാഷ്മീരിന്റെ പേരിൽ ഇമെയിൽ വഴിയാണ് വീണ്ടും വധഭീഷണിയെത്തിയത്. ഒരാഴ്ചയ്ക്കിടെ ഗംഭിറിനു നേരെയുണ്ടാകുന്ന മൂന്നാമത്തെ ഭീഷണിയാണിത്.

നേരത്തേ, ചൊവ്വാഴ്ച രാത്രി 9.32നാണു ഗംഭീറിന്റെ ഔദ്യോഗിക ഇ-മെയിൽ വിലാസത്തിൽ ഭീഷണിസന്ദേശം എത്തിയത്. ''നിങ്ങളെയും നിങ്ങളുടെ കുടുംബാംഗങ്ങളെയും ഞങ്ങൾ കൊലപ്പെടുത്താൻ പോകുന്നു'' എന്നാണു സന്ദേശത്തിൽ പറഞ്ഞിരുന്നത്.

പിന്നാലെ ഗംഭീറിന്റെ രാജേന്ദ്ര നഗറിലെ വീട്ടിൽ ഡൽഹി പൊലീസ് സുരക്ഷ ശക്തിപ്പെടുത്തിയിരുന്നു. വധഭീഷണിയിൽ ഡൽഹി പൊലീസ് അന്വേഷണം തുടങ്ങി.