തിരുവനന്തപുരം:ഗായത്രി ദേവിയെ കാണാതായത് മൂന്ന് ദിവസം മുമ്പ്. കഴിഞ്ഞ ദിവസമാണ് പൊലീസിൽ വീട്ടുകാർ പരാതി നൽകിയത്. മണിക്കൂറുകൾക്ക് ശേഷം ഗായത്രിയെ തമ്പാനൂരിലെ ചോള സമ്രാട്ടിൽ കണ്ടെത്തി. ഗായത്രിയുടെ സൂഹൃത്ത് പ്രവീണിനെ കാണാനുമില്ല. അതുകൊണ്ട് ഗൗരവത്തോടെ അന്വേഷണം നടത്താനാണ് തീരുമാനം.

ഇരുവരും പള്ളിയിൽ വച്ച് താലികെട്ടി വിവാഹം ചെയ്യുന്ന ചിത്രം മറുനാടന് ലഭിച്ചു. പള്ളി അധികാരികളുടെ സാന്നിധ്യമില്ലാതെയാണ് താലികെട്ട്. ഏത് പള്ളിയിലാണ് ചടങ്ങ് നടത്തിയതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പള്ളി അധികാരികൾ പോലും അറിയാതെയാകണം ഇത് നടന്നതെന്നാണ് വിലയിരുത്തൽ. കല്യാണ സാരി ഉടത്ത് സന്തോഷവതിയാണ് ഗായത്രി. കല്ല്യാണ ചെറുക്കനെ പോലെ ഷർട്ടും മുണ്ടുമാണ് പ്രവീണും ധരിച്ചിരുന്നത്. ഈ വിവാഹത്തിന് ഒരു സാക്ഷിയുള്ളതിനും ഫോട്ടോയിൽ തെളിവുണ്ട്.

പ്രവീൺ ഗായത്രിയുടെ കഴുത്തിൽ താലികെട്ടുമ്പോൾ ഗായത്രിയുടെ മുടി ആരോ ഉയർത്തി കൊടുക്കുന്നത് ചിത്രത്തിൽ വ്യക്തമാണ്. ഇതിന് ശേഷം ഇവർ സെൽഫിയും എടുത്തിട്ടുണ്ട്. അതിന് ശേഷമാകും ചോളയിൽ ഇരുവരും മുറി എടുത്തതെന്നാണ് വിലയിരുത്തൽ. ഇത്രയും സന്തോഷത്തോടെ നിൽക്കുന്ന ഇവരുടെ ജീവിതത്തിൽ പിന്നീട് എന്ത് സംഭവിച്ചുവെന്നതാണ് എല്ലാവരേയും കുഴയ്ക്കുന്നത്. വിവാഹ കാര്യമൊന്നും വീട്ടിൽ പറഞ്ഞിരുന്നുമില്ല.

ജോയ് ആലുക്കാസിൽ വച്ചാണ് ഗായത്രിയും പ്രവീണും അടുത്തത്. കോവിഡ് കാലത്ത് ഗായത്രി ജോയ് ആലുക്കാസിലെ ജോലി വിട്ടു. പ്രവീണിനെ തമിഴ്‌നാട്ടിലേക്ക് സ്ഥലം മാറ്റി. ഇതിന് ശേഷവും ഇരുവരും പ്രണയം തുടർന്നു. ഇത് വിവാഹത്തിലേക്ക് എത്തിയെന്ന സംശയം പൊലീസിനുണ്ട്. മൊബൈലിൽ നിന്ന് കിട്ടിയ ചിത്രങ്ങൾ ഇതിന് തെളിവാണ്. ഇരുവരും തമ്മിലെ അടുപ്പം വ്യക്തമാക്കുന്ന നിരവധി തെളിവുകൾ പൊലീസിന് കിട്ടിയിട്ടുണ്ട്. ഹോട്ടലിലേക്ക് ആരോ വിളിച്ച് ഗായത്രിയുടെ മരണത്തിന്റെ സൂചന നൽകുകയായിരുന്നു. ഇത് പ്രവീണാണെന്നാണ് നിഗമനം.

എന്നാൽ പൊലീസിന് ലാൻഡ് ഫോണിലേക്കുള്ള വിളിയായതു കൊണ്ട് തന്നെ ഇത് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. പ്രവീണിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. ചോളയിൽ ഭാര്യഭർത്താക്കന്മാർ എന്ന് പറഞ്ഞാണ് മുറി എടുത്തതെന്നാണ് സൂചന. ശനിയാഴ്ച രാത്രി പന്ത്രണ്ടു മണിയോടെയാണ് ഗായത്രി മരിച്ച വിവരം ഹോട്ടൽ ജീവനക്കാർ അറിഞ്ഞത്. പിന്നീട് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

ഇന്നലെ ഉച്ചയോടെയാണ് ഗായത്രിയും കൊല്ലം പരവൂർ സ്വദേശിയായ പ്രവീണും തമ്പാനൂരിലെ അരിസ്റ്റോ ജംഗ്ഷനിലുള്ള ചോള സമ്രാട്ട് ഹോട്ടലിൽ മുറിയെടുക്കുന്നത്. പ്രവീൺ പുറത്തുപോയത് ഹോട്ടൽ ജീവനക്കാർ ശ്രദ്ധിച്ചിരുന്നില്ല. രാത്രി പന്ത്രണ്ടു മണിയോടെ ഹോട്ടലിലെ ലാൻഡ് ഫോണിലേക്ക് ഗായത്രി മരിച്ചതായുള്ള വിളി വരികയായിരുന്നു. ഈ സമയത്താണ് പ്രവീൺ മുറിയിലില്ലെന്ന് ജീവനക്കാർ അറിയുന്നത്. പ്രവീണിന്റെ സുഹൃത്തെന്ന് പറഞ്ഞ് വിളിച്ചയാളാണ് മുറിയിൽ ഗായത്രി മരിച്ചു കിടക്കുകയാണ് എന്ന വിവരം അറിയിച്ചത്. പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു മുറി.

പ്രവീണിനായി അന്വേഷണം ആരംഭിച്ചതായും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും തമ്പാനൂർ സിഐ എസ്.സനോജ് പറഞ്ഞു. പെൺകുട്ടിയെ കാണാനില്ലെന്ന് നേരത്തെ വീട്ടുകാർ പൊലീസിൽ പരാതിപ്പെട്ടിരുന്നു.