ന്യൂഡൽഹി: തമിഴ്‌നാട്ടിലെ കൂനൂരിൽ ഹെലികോപ്ടർ അപകടത്തിൽ മരിച്ച സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിനും ഭാര്യ മധുലികയ്ക്കും രാജ്യം വിട ചൊല്ലുകയാണ്. ദുരന്തത്തോടുള്ള പ്രതികരണങ്ങൾ ബഹുവിധമായിരുന്നു. രാഷ്ട്ര നേതാക്കളും, സെലിബ്രിറ്റികളും ആദരാഞ്ജലികൾ അർപ്പിച്ചത് കൂടാതെ സോഷ്യൽ മീഡിയയും അന്തരിച്ച സേനാമേധാവിക്ക് പ്രണാമം ചൊരിഞ്ഞു.

ജനറൽ ബിപിൻ റാവത്തിന്റെ കരിയർ നേട്ടങ്ങൾക്കൊപ്പം അദ്ദേഹത്തിന്റെ പ്രൊഫഷണൽ ജീവിതത്തിലെയും വ്യക്തി ജീവിതത്തിലെയും നിരവധി ഓർമ ചിത്രങ്ങളും പലരും പങ്കുവച്ചു. ജനറൽ റാവത്തിന്റൈയും ഭാര്യയുടെയും ചെറുപ്പകാലത്തെ ഒരു ചിത്രവും, വിവാഹ ക്ഷണക്കത്തും സോഷ്യൽ മീഡിയയിൽ എത്തി.

ചിത്രത്തിൽ ചാരനിറത്തിലുള്ള സഫാരി സ്യൂട്ടാണ് ബിപിൻ റാവത്ത് ധരിച്ചിരിക്കുന്നത്. ക്യാമറയിലേക്ക് ചെറുപുഞ്ചിരിയോടെ നോക്കി നിൽക്കുന്ന റാവത്തിന്റെ നെറ്റിയിൽ ചുവന്ന തിലകക്കുറിയുണ്ട്. തിളങ്ങുന്ന സാരി ധരിച്ച മധുലിക റാവത്ത്, ഭർത്താവിനെ നോക്കി നിൽക്കുന്ന പോസിലാണ് ചിത്രം.


ഇരുവരും 1986 ഏപ്രിൽ 14 നാണ് വിവാഹിതരായത്. മധുലികയുടെ മാതാപിതാക്കൾ തയ്യാറാക്കിയ ക്ഷണക്കത്തിൽ ജനറൽ ലക്ഷ്മൺ സിങ് റാവത്തിന്റെ മകൻ ക്യാപ്റ്റൻ ബിപിൻ റാവത്ത് എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ന്യൂഡൽഹിയിലെ അശോക റോഡിലായിരുന്നു വിവാഹവേദി.

മധുലിക മധ്യപ്രദേശിലെ രാജകുടുംബാംഗമാണ്. പിതാവ് കുൻവാർ മൃഗേന്ദ്ര സിങ് കോൺഗ്രസ് എംഎൽഎ ആയിരുന്നു. സംയുക്ത സേനാ മേധാവി ആകും മുമ്പ് മേജർ, ലഫ്റ്റനന്റ് കേണൽ, കേണൽ, ബ്രിഗേഡിയർ, മേജർ ജനറൽ, ലഫ്റ്റനന്റ് ജനറൽ, ജനറൽ എന്നീ പദവികളിൽ ഇരുന്നിട്ടുണ്ട് ബിപിൻ റാവത്ത്.

മധുലിക റാവത്ത് ആർമി വൈവ്‌സ് വെൽഫയർ അസോസിയേഷൻ പ്രസിഡന്റായി പ്രവർത്തിച്ച് വരികയായിരുന്നു.