കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്ക് പിന്തണയറിയിച്ച് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്ന മലയാള സിനിമയിലെ സൂപ്പർ താരങ്ങളെ പരിഹസിച്ച് റിട്ട. എസ്‌പി ജോർജ് ജോസഫ്. നിലവിൽ പിന്തുണയറിയിച്ച് രംഗത്തെത്തിയിരിക്കുന്ന വലിയ താരങ്ങളോട് പണിനോക്കാൻ പറയണമെന്ന് ജോർജ് ജോസഫ് പറഞ്ഞു. റിപ്പോർട്ടർ ടിവിയോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

അവരെ പള്ളേക്കൊണ്ടേക്കളയണമെന്ന് റിട്ട. എസ്‌പി കുറ്റപ്പെടുത്തി. ഇത്രയ്ക്ക് ധാർമ്മികതയുള്ളവർ ആയിരുന്നെങ്കിൽ ഇത്രയും നാൾ അവർ എവിടെയായിരുന്നുവെന്നും ജോർജ് ജോസഫ് ചോദിച്ചു. ഇപ്പോൾ നടിക്ക് പിന്തുണയറിയിച്ച് എത്തിയിരിക്കുന്ന താരങ്ങളെ ഉൾക്കൊള്ളാൻ തനിക്ക് സാധിക്കില്ലെന്നും ജോർജ് ജോസഫ് കൂട്ടിച്ചേർത്തു. പിന്തുണ ആവശ്യമുണ്ടായിരുന്ന സമയത്തായിരുന്നു അത് നൽകേണ്ടിയിരുന്നത്. ഇതിലെ സത്യാവസ്ഥ സംബന്ധിച്ച് നമുക്ക് അറിയുന്നതുപോലെ ഈ നായകന്മാർക്കും അറിയാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേസിന്റെ പുരോഗതിയിൽ അത് എങ്ങനെ കൊണ്ടുപോകണമെന്ന് തീരുമാനിക്കേണ്ടത് അതിന്റെ അന്വേഷണ ഉദ്യോഗസ്ഥനാണെന്നും ജോർജ് ജോസഫ് അഭിപ്രായപ്പെട്ടു. സത്യത്തിൽ നിയമോപദേശം പോലും സ്വീകരിക്കാതെ വേണം അന്വേഷണം നടത്താനെന്നും മറിച്ചായാൽ അത് പ്രതിഭാഗത്തിന് വാദിക്കാനുള്ള അവസരമായി മാറിയേക്കുമെന്നും അദ്ദേഹം പറഞ്ഞു.
പറ്റുമെങ്കിൽ ദിലീപിനെ ഇപ്പോൾ തന്നെ അറസ്റ്റ് ചെയ്യണമെന്നും ജോർജ് ജോസഫ് പറഞ്ഞു.

അതേസമയം, നടി ആക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണം നടക്കുന്നതിനിടയിൽ കേസന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് ശ്രമിച്ച കേസിൽ നടന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് പരിശോധന പുരോഗമിക്കുകയാണ്. ആലുവയിലെ വീട്ടിലാണ് പരിശോധന. നടിയെ ആക്രമിച്ച കേസിലെ കൂടുതൽ തെളിവുകൾ തേടിയാണ് പരിശോധന.