അഹമ്മദാബാദ്: മരണാസന്നനായ ഭർത്താവിന്റെ ഓർമക്കായി അദ്ദേഹത്തിന്റെ കുഞ്ഞിനെ ഗർഭം ധരിക്കാൻ അനുവദിക്കണമെന്ന ഭാര്യയുടെ ആവശ്യത്തിന് ഗുജറാത്ത് ഹൈക്കോടതിയുടെ പച്ചക്കൊടി. ബീജം ശേഖരിക്കുന്നതിന് കോടതി ഇടക്കാല അനുമതി നൽകി കോടതി. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്ന ഭർത്താവിൽ നിന്നാണ് ബീജം ശേഖരിക്കുന്നത്. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം.

യുവതിയുടെ ഭർത്താവായ 32കാരന് മെയ്‌ 10നാണ് കോവിഡ് ബാധിച്ചത്. അസുഖം ഗുരുതരമായതിനെ തുടർന്ന് ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് കഴിയുന്നത്. എട്ട് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം.

വഡോദരയിലെ സ്റ്റെർലിങ് ആശുപത്രിയിലായിരുന്നു ഭർത്താവ് ചികിത്സയിലുള്ളത്. 24 മണിക്കൂറിനുള്ളിൽ ഇദ്ദേഹം മരണപ്പെട്ടേക്കുമെന്ന് ഡോക്ടർമാർ കഴിഞ്ഞ ദിവസം ബന്ധുക്കളെ അറിയിക്കുകയായിരുന്നു.

മരണത്തിലേക്ക് നീങ്ങുന്ന ഭർത്താവിന്റെ രക്തത്തിലുള്ള കുഞ്ഞിനെ കൃത്രിമരീതിയിൽ ഗർഭം ധരിക്കണമെന്നായിരുന്നു യുവതിയുടെ ആഗ്രഹം. ആശുപത്രി അധികൃതരോട് ഇവർ ഇക്കാര്യം ആവശ്യപ്പെട്ടു. എന്നാൽ, ഭർത്താവ് അബോധാവസ്ഥയിലായതിനാൽ കോടതിയുടെ അനുമതിയുണ്ടെങ്കിൽ മാത്രമേ ബീജം ശേഖരിക്കാനാകൂവെന്ന് ഡോക്ടർമാർ ഇവരെ അറിയിച്ചു. തുടർന്ന് ഈ വിവരങ്ങൾ ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

യുവതിയുടെ ഭർത്താവ് അബോധാവസ്ഥയിലായതിനാൽ അദ്ദേഹത്തിൽ നിന്ന് അനുമതി നേടുക അസാധ്യമാണെന്ന് വിലയിരുത്തിയ കോടതി, സാഹചര്യത്തിന്റെ അടിയന്തര സ്വഭാവം പരിഗണിച്ച് കൃത്രിമമാർഗത്തിലൂടെ ബീജം ശേഖരിക്കാൻ ആശുപത്രിക്ക് ഇടക്കാല അനുവാദം നൽകുകയായിരുന്നു. മെഡിക്കൽ ഉപദേശം ലഭിക്കുംവരെ ഇത് സുരക്ഷിതമായി സൂക്ഷിച്ചുവെക്കാനും കോടതി നിർദേശിച്ചു.

അടിയന്തര സാഹചര്യത്തിലാണ് ഇടക്കാല അനുമതി നൽകിയതെന്നും ഹരജി 23ന് വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. യുവാവിന്റെ ബീജം ബുധനാഴ്ച ആശുപത്രിയിൽ ശേഖരിച്ചതായി യുവതിയുടെ അഭിഭാഷകൻ നിലായ് പട്ടേൽ അറിയിച്ചു. കോവിഡിന് പിന്നാലെ ബൈലാറ്ററൽ ന്യൂമോണിയയും അവയവങ്ങൾ തകരാറിലാകുന്ന അസുഖവും യുവാവിനുണ്ടായതായി ഇദ്ദേഹം പറഞ്ഞു.

യുവാവിന് ജീവിതത്തിലേക്ക് തിരിച്ചുവരൽ ഇനി അസാധ്യമാണെന്നും അനുമതി നൽകാൻ അദ്ദേഹത്തിനാവില്ലെന്നതിനാലാണ് കോടതി നിർദ്ദേശം ആവശ്യമായി വന്നതെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. ബീജം ശേഖരിച്ച് കൃത്രിമ ഗർഭധാരണത്തിനായി സൂക്ഷിച്ചിരിക്കുകയാണ്. കുടുംബത്തിനൊപ്പം നിലകൊള്ളുന്നുവെന്നും ആശുപത്രി പ്രസ്താവനയിൽ അറിയിച്ചു.

2020 ഒക്ടോബറിൽ വിവാഹം ചെയ്ത ദമ്പതികൾ കാനഡയിലായിരുന്നു കഴിഞ്ഞിരുന്നതെന്ന് ഇവരുടെ സുഹൃത്ത് പറഞ്ഞു. യുവാവിന്റെ പിതാവിന് ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ മാർച്ചിലാണ് ഇവർ ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്. തുടർന്നാണ് കോവിഡ് ബാധിച്ച് അത്യാസന്ന നിലയിലായത്