ചെന്നൈ: തമിഴ്‌നാട്ടിൽ മാലിന്യക്കൂനയിൽ നിന്നും കണ്ടെടുത്ത 7.5 ലക്ഷം രൂപ മൂല്യം വരുന്ന സ്വർണ നാണയം ഉടമയ്ക്ക് തിരികെ നൽകി ശുചീകരണ തൊഴിലാളി. സാത്താൻഗുളം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ശുചീകരണ തൊഴിലാളിയായ മേരിയാണ് സ്വർണനാണയം ഗണേശ് രാമന് മടക്കിനൽകിയത്.

പണിയെടുത്ത് സമ്പാദിച്ച പണം കൊണ്ട് വാങ്ങിയ 100 ഗ്രാം തൂക്കമുള്ള സ്വർണ നാണയം കുറിയർ കമ്പനിയിലെ ജീവനക്കാരനാണ് നഷ്ടമായത്. സ്വർണാഭരണങ്ങൾ പൊതിയാൻ ഉപയോഗിക്കുന്ന പേപ്പറിൽ മടക്കി കട്ടിലിന്റെ അടിയിലാണ് ഗണേശ് രാമൻ സ്വർണനാണയം സൂക്ഷിച്ചിരുന്നത്. ഒരു ദിവസം സ്വർണനാണയം കാണാതായി. ഭാര്യയോട് ചോദിച്ചപ്പോൾ മുറി വൃത്തിയാക്കി ചപ്പുചവറുകൾ വലിച്ചെറിഞ്ഞതായി പറഞ്ഞു. ഉടൻ തന്നെ ഗണേശ് രാമൻ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ ആരാണ് അന്ന് മാലിന്യം ശേഖരിക്കാൻ വന്ന ശുചീകരണ തൊഴിലാളി എന്ന് തെരഞ്ഞു. എന്നാൽ അന്വേഷണം നടക്കുന്നതിന് മുൻപ് തന്നെ ചപ്പുചറവുകളിൽ നിന്ന് കളഞ്ഞുകിട്ടിയ സ്വർണനാണയം ശുചീകരണ തൊഴിലാളിയായ മേരി അധികാരികളെ ഏൽപ്പിക്കുകയായിരുന്നു.



മാലിന്യം വേർതിരിക്കുന്നതിനിടെ കിലുങ്ങുന്ന ശബ്ദം കേട്ടാണ് മേരി നോക്കിയത്. കവറിൽ പൊതിഞ്ഞ നിലയിൽ കണ്ട സ്വർണനാണയം ഉടൻ തന്നെ മേരി മാനേജറെ ഏൽപ്പിക്കുകയായിരുന്നു. സത്യസന്ധത കാണിച്ച മേരിയെ പൊലീസ് സ്റ്റേഷനിൽ അഭിനന്ദിച്ചു.