ന്യൂഡൽഹി: സ്വർണം പൂശിയ ആഡംബര ഫെറാരി കാർ ഓടിക്കുന്ന യുവാവിന്റെ ദൃശ്യം സോഷൽ മീഡിയയിൽ വൈറൽ. മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയാണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.

ഇന്ത്യൻ വംശജനായ അമേരിക്കക്കാരൻ തന്റെ ആഡംബര കാർ നാട്ടുകാരുടെ മുന്നിൽല പ്രദർശിപ്പിക്കുന്നതാണ് വീഡിയോയിലുള്ളത്. കാർ കണ്ട് അമ്പരന്ന് ചുറ്റും കൂടിയവരെ നോക്കി ചിരിച്ച് കൊണ്ടാണ് യുവാവ് കാർ മുന്നോട്ടെടുക്കുന്നത്. യുവാവിന്റെ ആഡംബര പ്രദർശനത്തിൽ ആനന്ദ് മഹീന്ദ്ര തൃപ്തനല്ല.

എന്തുകൊണ്ടാണ് ഈ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുന്നത് എന്ന ചോദ്യമാണ് ആദ്യമായി അദ്ദേഹം ഉന്നയിച്ചത്. പണക്കാരനായാലും ആഡംബര പ്രദർശനത്തിനായി പണം വെറുതെ ചെലവഴിച്ച് കളയരുത് എന്ന പാഠത്തിനാണെങ്കിൽ ഇങ്ങനെ ചെയ്യുന്നതിൽ തെറ്റില്ല. അല്ലാതെ ഈ വീഡിയോയുടെ ആവശ്യമില്ലെന്നാണ് ആനന്ദ് മഹീന്ദ്രയുടെ നിലപാട്.