കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധന. ഇന്നലെ ഇടിവ് നേരിട്ട സ്വർണവിലയിൽ ഇന്ന് മുന്നേറ്റം നടത്തി. 560 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 35,880 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലാണ് സ്വർണവില. ഗ്രാം വില 70 രൂപ ഉയർന്ന് 4485 രൂപയായി.

തുടർച്ചയായ ദിവസങ്ങളിൽ മുന്നേറ്റം രേഖപ്പെടുത്തിയ ശേഷമാണ് ഇന്നലെ സ്വർണവിലയിൽ ഇടിവ് നേരിട്ടത്. ഇതിന് പിന്നാലെയാണ് ഇന്ന് വില വർധിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി സ്വർണവിലയിൽ മുന്നേറ്റമാണ് ദൃശ്യമായത്. കഴിഞ്ഞ വെള്ളിയാഴ്ചയും ശനിയാഴ്ചയും സ്വർണ വിലയിൽ വർധനയുണ്ടായിരുന്നു.

കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായതോടെ ധന വിപണിയിലുണ്ടായ അസ്ഥിരത സ്വർണത്തിനു ഗുണമായെന്നാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്. വരുംദിവസങ്ങളിലും സ്വർണ വില കൂടാനാണ് സാധ്യതയെന്ന് അവർ പറയുന്നു.

ഈ മാസത്തിന്റെ തുടക്കത്തിൽ 33,320 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ഇതാണ് പടിപടിയായി ഉയർന്ന് ഇന്ന് 35880 എന്ന ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ എത്തിയത്.